ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതി

0
67

 

ഡല്‍ഹി: ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി. പക്ഷേ നടപടി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും ഉപഭോക്താക്കളെ നടപടിക്രമങ്ങള്‍ കൃത്യമായി അറിയിക്കണമെന്നും ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായും ബന്ധിപ്പിക്കണമെന്ന ഉത്തരവിന്റെ ഭരണഘടനാ സാധുത ആരാഞ്ഞു കൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. അന്തിമതീരുമാനം ഭരണഘടന ബെഞ്ച് എടുക്കും.

കല്യാണി സെന്‍ മേനോന്‍, മാത്യു തോമസ് തുടങ്ങിയവരുടെ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ കല്യാണി സെന്‍ മേനോന്‍ ചോദ്യം ചെയ്തിരുന്നു. ആധാറും മൊബൈല്‍ ഫോണ്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്നതു നിര്‍ബന്ധമാണെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.

മൊബൈല്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ 2018 ഫെബ്രുവരി ആറുവരെ സമയം അനുവദിച്ചിട്ടുണ്ട്. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനും ആധാര്‍ നിര്‍ബന്ധമാണ്. നിലവില്‍ അക്കൗണ്ടുള്ളവര്‍ മാര്‍ച്ച് 31-നകം ആധാര്‍ ബന്ധിപ്പിക്കണം. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്തെവിടെയും പട്ടിണി മരണം ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.