കോഴിക്കോട്: പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ ന്യായീകരണവുമായി നടി അമലാ പോള്‍ രംഗത്ത്. അമല തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ പ്രസ്താവനയിലാണ് നികുതി വെട്ടിപ്പിനെ ന്യായീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാമെന്നും കേരളത്തില്‍ പണത്തിനുള്ള അതേ മൂല്യമാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമുള്ളതെന്നും അമല വിശദീകരിക്കുന്നു.
തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുടനീളം നികുതി വെട്ടിപ്പിനെ ന്യായീകരിക്കുകയാണ് അമലാ പോള്‍. നിയമവിരുദ്ധമായി അധികൃതര്‍ പോലും കണ്ടിട്ടില്ലാത്ത കാര്യമാണ് തനിക്കെതിരെ പ്രചരിക്കുന്നത്. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും ജോലി ചെയ്യാനും സ്വത്ത് സമ്പാദിക്കാനും അവകാശമുണ്ട്. കേരളത്തില്‍ പണത്തിനുള്ള അതേ മൂല്യമാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമുള്ളത്. അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വിമര്‍ശകരുടെ അനുവാദം വേണമോയെന്നും അമല ചോദിക്കുന്നു.
അതേസമയം, അമലയുടെ ഈ പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച അടിസ്ഥാന വിവരം പോലും അമലാ പോളിന് അറിയില്ലേയെന്നും ഇന്ത്യന്‍ പൗരന് രാജ്യത്തെ നിയമങ്ങള്‍ പാലിക്കാനുള്ള ബാധ്യതയുണ്ടെന്നും പോസ്റ്റിനു താഴെ ചിലര്‍ കമന്റുകളിട്ടു. വര്‍ഷംതോറും കോടികള്‍ നികുതി അടയ്ക്കുന്നു എന്നുള്ളത് നിയമം ലംഘിക്കാനുള്ള ലൈസന്‍സ് അല്ലെന്നും ചിലര്‍ മറുപടി നല്‍കി.
അമലാപോള്‍ ഒരു കോടി രൂപ വില വരുന്ന എസ് ക്ലാസ് ബെന്‍സ് വ്യാജ മേല്‍വിലാസത്തില്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് വാര്‍ത്തകള്‍ വന്നത്. പുതുച്ചേരിയിലുള്ള ഒരു എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് അമലാപോളിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ നികുതിയിനത്തില്‍ 20 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാരിന് നഷ്ടമായത്. ഇതേത്തുടര്‍ന്നാണ് താരം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.