ഗുജറാത്തിലും വിജയക്കൊടി നാട്ടാന്‍ മഹാസഖ്യം

0
455

എം.മനോജ് കുമാര്‍

തിരുവനന്തപുരം: ബീഹാറില്‍ വിജയിക്കുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്ത മഹാസഖ്യ രൂപീകരണത്തിന് പിന്നാലെ അതേ തന്ത്രം ഗുജറാത്തിലും ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസും ജെഡിയു ശരദ് യാദവ് പക്ഷവും തയ്യാറെടുക്കുന്നു. യുപിയിലെ ഫുല്‍ഫൂറില്‍ തീരുമാനിച്ചതുപോലെ ഗുജറാത്തിലും ബിജെപിക്ക് എതിരായി ഒരൊറ്റ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് തീരുമാനം.

ദളിത്-പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങളുമായി ഇപ്പോഴേ മഹാസഖ്യം ഗുജറാത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസും ജെഡിയു ശരദ് യാദവ് പക്ഷവുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.  ഈ ഡിസംബറില്‍ ഫുല്‍ഫൂറില്‍ നടക്കുന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന തന്ത്രം ഗുജറാത്തില്‍ക്കൂടി പയറ്റാനാണ് കോണ്‍ഗ്രസ്-ജെഡിയു തീരുമാനം.

യുപിയിലെ ഫുല്‍ഫൂറിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി ബിഎസ്പിയുടെ മായാവതിയെ സഖ്യം തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, ആര്‍ജെഡി, സമാജ് വാദി പാര്‍ട്ടി, ജെഡിയു, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി തുടങ്ങിയ 17 പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യമാണ് ഫുല്‍ഫൂറില്‍ മായാവതിക്ക് എതിര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ട എന്ന തീരുമാനം എടുത്തത്. ഇതേപോലെ തന്നെയുള്ള യോജിച്ച തീരുമാനം ഗുജറാത്തില്‍ ബിജെപിക്കെതിരെ നടപ്പിലാക്കാനാണ് ഈ കക്ഷികള്‍ ആലോചിക്കുന്നത്.

പട്ടേല്‍ സമുദായ നേതാവായ ഹാര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസിന് നിലവില്‍ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. അത് മഹാസഖ്യതീരുമാനത്തിനു കരുത്തു പകരും എന്ന് വിലയിരുത്തപ്പെടുന്നു. ഗുജറാത്തില്‍ ജെഡിയു ശരദ് യാദവ് വിഭാഗത്തിന് നല്ല സ്വാധീനമുണ്ടെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.

‘മഹാസഖ്യം വിജയപ്രദമായ ഒരു രാഷ്ട്രീയ സഖ്യമാണ്. ബീഹാറില്‍ വിജയിച്ച ഒരു സഖ്യമാണത്. വരാന്‍ പോകുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും യുപിയിലെ ഫുല്‍ഫൂര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലുമെല്ലാം ഈ സഖ്യം വിജയപ്രദമാകുമെന്നാണ് പ്രതീക്ഷയെന്ന് ജെഡിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് 24 കേരളയോട് പറഞ്ഞു. ബിജെപിക്ക് എതിരെ മറ്റ് പാര്‍ട്ടികളെ യോജിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയ നീക്കത്തിനുള്ള കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ തീരുമാനവും  സ്വാഗതാര്‍ഹമാണെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

ജിഎസ്ടിയും നോട്ടു നിരോധനവും ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ത്ത സാഹചര്യത്തില്‍ നോട്ടു നിരോധനത്തിന്റെ വാര്‍ഷികദിനമായ നവംബര്‍ എട്ടിന് പ്രതിഷേധ ദിനമായി ആചരിക്കാനും ജെഡിയു ആഹ്വാനം ചെയ്തിട്ടുണ്ട്. സിപിഎം കൂടി ഈ മഹാസഖ്യത്തിന്റെ ഭാഗമാകണം. അല്ലെങ്കില്‍ ബിജെപിക്കെതിരെ രൂപപ്പെടുന്ന വോട്ട് ബാങ്കില്‍ ചോര്‍ച്ച വരും-വര്‍ഗീസ് ജോര്‍ജ് ചൂണ്ടിക്കാട്ടി.

എന്നാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി യോജിക്കേണ്ടതില്ല എന്ന തീരുമാനമാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഒരു പരിധി വരെ ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. സിപിഎം ശക്തിയായി എതിര്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ ഭാഗമാണെന്നുള്ളതും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നു.