ഗെയില്‍ പ്രതിഷേധ സമരത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായി സര്‍ക്കാര്‍

0
46


കോഴിക്കോട്: ഗെയില്‍ പ്രതിഷേധ സമരത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായി സര്‍ക്കാര്‍. നവംബര്‍ ആറിന് വൈകുന്നേരം നാലിന് കളക്ട്രേറ്റില്‍ വച്ചായിരിക്കും സര്‍വ്വകക്ഷിയോഗം നടക്കുക. വ്യവസായ മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.

പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ട് പോവാനാണ് സര്‍ക്കാര്‍ ശ്രമം. നേരത്തെ സമരസമിതിയുമായി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു കളക്ടര്‍ യു.വി.ജോസ് സ്വീകരിച്ചിരുന്നത്. സംഘര്‍ഷങ്ങളെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്നും സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചിരുന്നു. ഗെയില്‍ അധികൃതരുമായി തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസ് നടത്തുന്ന ചര്‍ച്ച തുടരുകയാണ്.

അതേസമയം, സമരം തുടരുന്ന മുക്കത്ത് യുഡിഎഫ് നേതക്കള്‍ സന്ദര്‍ശനം നടത്തി. വിഎം.സുധീരന്‍, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. ഗെയില്‍ സമരസമിതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി വി.എം.സുധീരന്‍ പറഞ്ഞു. സമരങ്ങളെ അടിച്ചമര്‍ത്തുന്നത് കമ്യൂണിസ്റ്റു നയമല്ലെന്നും പിണറായി വിജയന്‍ പെരുമാറുന്നത് ഏകാധിപതിയെപ്പോലെയെന്നും സുധീരന്‍ ആരോപിച്ചു.

സര്‍ക്കാര്‍ ഇടപെടലുണ്ടായില്ലെങ്കില്‍ സമരം യുഡിഎഫിന് ഏറ്റെടുക്കേണ്ടി വരുമെന്നും ഇക്കാര്യം അടുത്ത യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എംപി വ്യക്തമാക്കി. മുക്കത്ത് ഗെയിലിനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ നടക്കുന്നത് പൊലീസ് രാജാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.