ന്യൂഡല്‍ഹി: നെഹ്റു കോളെജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് സിബിഐ. അന്വേഷണം ഏറ്റെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സിബിഐ സുപ്രീംകോടതിയില്‍ അറിയിച്ചു. അതേസമയം ചൊവ്വാഴ്ചക്കകം സിബിഐ നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജിഷ്ണു കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്രവര്ഷമെടുക്കുമെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി നേരത്തെ ചോദിച്ചിരുന്നു.കേസില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് ചൂണ്ടിക്കാട്ടിയപ്പോഴാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനിയും എത്രവര്‍ഷം വേണ്ടിവരുമെന്ന് കോടതി ചോദിച്ചത്.
കേസിലെ പ്രതികളായ നെഹ്റു ഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ എന്നിവരുട ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സിബിഐ നിലപാട് വ്യക്തമാക്കണമെന്നും കോടതി അറിയിച്ചിരുന്നു. എന്നാല്‍ സിബിഐ അഭിഭാഷകന് അന്ന് കോടതിയില്‍ ഹാജരായിരുന്നില്ല.
ജിഷ്ണു കേസില്‍ നീതി ആവശ്യപ്പെട്ട് അമ്മ മഹിജ പൊലീസ് ആസ്ഥാനത്ത് നടത്തിയ സമരം ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. അതിനു പിന്നാലെ ജിഷ്ണുവിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് കേസന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.ഇക്കഴിഞ്ഞ ജനുവരിയിലാണ് തൃശൂര്‍ പാമ്പാടി നെഹ്റു കോളെജ് വിദ്യാര്‍ഥിയായ ജിഷ്ണു പ്രണോയിയെ കോളെജ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോപ്പിയടി ആരോപിച്ചുള്ള പീഡനത്തില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയതതെന്നാണ് ഉയര്‍ന്ന ആരോപണങ്ങള്‍.