ജീവന് സാധ്യതയുള്ള ഗ്രഹങ്ങള്‍ കണ്ടുപിടിച്ചെന്ന വെളിപ്പെടുത്തലുമായി നാസ

0
64

ഡല്‍ഹി: മനുഷ്യന് എത്ര നാളുകള്‍ കൂടി ഭൂമിയില്‍ ജീവിക്കാനാകുമെന്ന ചോദ്യം എന്നും മനുഷ്യസമൂഹം ഉയര്‍ത്തിയിരുന്ന ഒന്നാണ്. ജീവന് നിലനില്‍ക്കാന്‍ സാധ്യതയുള്ള ഗ്രഹങ്ങള്‍ ഉണ്ടാകുമോ എന്നും ഗവേഷണം നടന്നുക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് സന്തോഷവാര്‍ത്തയുമായി
നാസ എത്തിയിരിക്കുന്നത്. ജീവന്‍ സാധ്യമാകുന്ന ഇരുപത് അന്യഗ്രഹങ്ങള്‍ നാസ കണ്ടെത്തിയെന്നാണ് വെളിപ്പെടുത്തല്‍. മനുഷ്യന്‍ ഇതുവരെ പ്രപഞ്ചത്തില്‍ കണ്ടെത്തിയവയില്‍ ജീവന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിയുന്ന ഗ്രഹങ്ങള്‍ എന്നാണ് ഇതിനെ നാസ തന്നെ വിളിക്കുന്നത്. അന്യഗ്രഹങ്ങളിലെ ജീവന്‍ തേടിയുള്ള ഗവേഷണങ്ങളില്‍ ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്ന ഒന്നായാണ് ഈ കണ്ടുപിടുത്തത്തെ നാസ വിശേഷിപ്പിക്കുന്നത്. ഭൂമി 2.0 എന്ന ലക്ഷത്തിലേക്കാണ് കെപ്ലര്‍ മിഷന്റെ പുതിയ കണ്ടെത്തല്‍ എന്നാണ് നാസ പറയുന്നത്.

ചില വ്യത്യാസങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഭൂമിയുടെ സമയവും വര്‍ഷ ദൈര്‍ഘ്യവും ഈ ഗ്രഹങ്ങളില്‍ ഒന്നാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. 20 ഗ്രഹങ്ങളില്‍ ഏറ്റവും ജീവന് അനുയോജ്യമായി കണ്ടെത്തിയത് കെഒഐ 7223 എന്ന ഗ്രഹമാണ്. ഈ ഗ്രഹത്തിലെ ഒരു വര്‍ഷം എന്നത് 395 ദിവസമാണ്. ഭൂമിയുടെ വലിപ്പത്തിന്റെ 97 ശതമാനമാണ് ഈ ഗ്രഹത്തിന്റെ വലിപ്പം.

എന്നാല്‍ ഭൂമിയേക്കാള്‍ താഴ്ന്ന താപനിലയാണ് ഈ ഗ്രഹത്തിന്. അതിന് പ്രധാനകാരണം ഇത് ചുറ്റുന്ന നക്ഷത്രമാണ്. സൂര്യനെ അപേക്ഷിച്ച് ജ്വലനം കുറവാണ് ഈ നക്ഷത്രത്തിന് എന്നാണ് ഗവേഷണം പറയുന്നത്. ഈ ഗ്രഹം ലക്ഷ്യമാക്കി ഒരു സ്പൈസ് ക്രാഫ്റ്റ് അയക്കുന്നത് ഒരു മോശം ആശയമല്ലെന്നാണ് കെപ്ലര്‍ പദ്ധതിയുടെ ടീം ലീഡര്‍ ജെഫ് കോഗ്ലിന്‍ പറയുന്നത്.