തന്നെ കണ്ട് അമ്പരന്ന ബൈക്ക് യാത്രികയോട് ഹെല്‍മറ്റ് ധരിക്കാന്‍ പറഞ്ഞ് സച്ചിന്‍

0
130

കോഴിക്കോട്: ഐ.എസ്.എല്ലിനോട് അനുബന്ധിച്ച് കേരളത്തിലെത്തിയ സച്ചിന്‍ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മുന്നിലുള്ളവര്‍ മാത്രം ഹെല്‍മെറ്റ് വെച്ചാല്‍ പോരാ, പിന്നിലുള്ളവരും വെക്കണമെന്ന് മലയാളികളോട് പറയുന്നു. ഇങ്ങനെ ഉപദേശം നല്‍കുന്ന വീഡിയോ സച്ചിന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചതാണ്.

ഐ.എസ്.എല്‍ നാലാം സീസണില്‍ ബ്ലാസ്റ്റേഴ്സിന് പിന്തുണ അഭ്യര്‍ഥിച്ച് സച്ചിന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലായത്. തിരുവനന്തപുരത്തെ പേട്ട-ചാക്ക റോഡിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു സച്ചിന്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരെ കണ്ടത്. സച്ചിനെ കണ്ട് അതിശയപ്പെട്ട് ഒരു ആരാധകന്‍ ബൈക്ക് സച്ചിന്റെ കാറിന് തൊട്ടരികില്‍ നിര്‍ത്തിയെങ്കിലും ഇയാളോട് അല്‍പം മുന്നോട്ടു നീങ്ങാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കിന് പിന്നില്‍ യാത്ര ചെയ്ത സ്ത്രീയോട് ഹെല്‍മെറ്റ് ധരിക്കണമെന്ന് സ്നേഹോപദേശം നല്‍കി.

ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മുന്നിലിരിക്കുന്നവര്‍ക്ക് മാത്രമല്ല, പിന്നിലിരിക്കുന്നവര്‍ക്കും പരിക്കേല്‍ക്കുമെന്നുമായിരുന്നു സച്ചിന്റെ സ്നേഹോപദേശം. സച്ചിനെ കണ്ട അമ്പരപ്പില്‍ ഓകെ ഓകെ എന്ന് അവര്‍ പറയുന്നുന്നതും വീഡിയോയില്‍ കാണാം. സച്ചിന്‍ ട്വീറ്റ് ചെയ്ത ഈ വീഡിയോ നിരവധി പേരാണ് കണ്ടത്. നേരത്തെയും ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇത്തരത്തിലുള്ള വീഡിയോ സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.