നവംബര്‍ 16ന് ‘സെക്‌സി ദുര്‍ഗ’യുടെ പ്രീമിയര്‍ പ്രദര്‍ശനം സംഘടിപ്പിക്കും

0
482
തിരുവനന്തപുരം: അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിന്‌ സമാന്തരമായി സംഘടിപ്പിക്കുന്ന കിഫ് ചലച്ചിത്രോത്സവത്തിന് പണം സമാഹരിക്കാന്‍ സെക്സി ദുർഗയുടെ പ്രീമിയര്‍  പ്രദര്‍ശനം. തിരുവനന്തപുരത്ത് ഏരീസ് പ്ളക്സിലെ ഓഡി -1 ൽ നവംബർ 16നാണ് പ്രദര്‍ശനം നടത്തുന്നത്. അഞ്ഞൂറുരൂപയുടെ സംഭാവന കൂപ്പൺ വിതരണം ചെയ്തുകൊണ്ടാണ്‌ പ്രദര്‍ശനം നടത്തുക.
ഇന്ത്യയിൽ നിന്ന് ആദ്യമായി റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലെ ടൈഗർ അവാർഡ് നേടുന്ന ചലച്ചിത്രം എന്നതുൾപ്പെടെ അന്താരാഷ്ട്രതലത്തിൽ നിരവധി അവാർഡുകൾ സെക്സി ദുർഗയ്ക്ക് ലഭിച്ചിട്ടും കേരള ചലച്ചിത്ര അക്കാദമി ആ സിനിമയോട് ശത്രുതാപരമായ ഇടപെടലാണ്‌ നടത്തുന്നതെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.
 
സ്വതന്ത്രസിനിമകളോടുള്ള അക്കാദമിയുടെയും IFFKയുടെയും അവഗണനയില്‍ പ്രതിഷേധിച്ചുകൊണ്ടാണ് സമാന്തരമായി ചലച്ചിത്രപ്രദര്‍ശനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
 
സമാന്തരപ്രദർശനം നടത്തുന്നതിനുപോലും വേദി ലഭ്യമാക്കാതിരിക്കാൻ ചലച്ചിത്ര അക്കാദമി അധാർമികമായി ഇടപെടൽ നടത്തി. സാംസ്കാരിക വകുപ്പിനു കീഴിലുള്ള ഭാരത് ഭവൻ KIF ന്റെ നടത്തിപ്പിനായി ലഭ്യമാക്കുന്നത് അക്കാദമി ഇടപെട്ട് തടയുകയാണുണ്ടായതെന്ന് സനല്‍കുമാര്‍ പറഞ്ഞു.
എന്നാൽ അക്കാദമിയുടേതില്‍ നിന്നും വ്യത്യസ്തമായി ഇതര സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അനുഭാവപൂർവമായ നിലപാടാണ്‌ സെക്സി ദുർഗയ്ക്ക് ലഭിക്കുന്നത്. KIF ന്റെ നടത്തിപ്പിനായി ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പ്രൊജക്ഷൻ സൗകര്യമുള്ള ഏരീസ് പ്ളക്സ് സൗജന്യമായി ലഭ്യമാക്കാമെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറഞ്ഞത് അതിന്‌ ഏറ്റവും വലിയ ഉദാഹരണമാണെന്ന് അദ്ദേഹം പറ‍ഞ്ഞു.
 എഴുന്നൂറുപേർക്കാണ്‌ ഏരീസ് പ്ളക്സിലെ ഓഡി-1 ൽ സിനിമ കാണാൻ അവസരമുണ്ടാവുക. സംഭാവനയായി ലഭിക്കുന്ന മുഴുവൻ തുകയും KIF ന്റെ നടത്തിപ്പിലേക്കായി നൽകുമെന്ന് നിവ് ആർട്ട് മൂവീസ് പ്രൊപ്രൈറ്ററും സെക്സി ദുർഗയുടെ പ്രൊഡ്യൂസറുമായ ഷാജി മാത്യു അറിയിച്ചിട്ടുണ്ടെന്നും സനല്‍കുമാര്‍ പറ‍ഞ്ഞു.