ഭവന നിര്‍മാണ തട്ടിപ്പ്: മരിയ ഷറപ്പോവയ്‌ക്കെതിരെ എഫ്‌ഐആര്‍

0
53

ന്യൂഡല്‍ഹി: ടെന്നീസ് താരം മരിയ ഷറപ്പോവ വീണ്ടും വിവാദത്തില്‍. ഇത്തവണ ഭവന നിര്‍മാണ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഷറപ്പോവ പുലിവാല് പിടിച്ചിരിക്കുന്നത്.  കേസില്‍ ഷറപ്പോവയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി മജിസ്‌ട്രേറ്റ് രാജേഷ് മാലികാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്.

ഗുഡ്ഗാവ് ആസ്ഥാനമായുള്ള നിര്‍മാണ കമ്പനിയായ ഹോംസ്റ്റഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഷറപ്പോവയുടെ പേരിട്ട് ആരംഭിച്ച ഭവന നിര്‍മാണ പദ്ധതി പ്രകാരം 50 ലക്ഷം രൂപ നല്‍കി ഫ്‌ളാറ്റ് ബുക്ക് ചെയ്‌തെങ്കിലും ഇതുവരെയായും പദ്ധതി നടന്നില്ലെന്ന് കാണിച്ച് ഗുഡ്ഗാവ് സ്വദേശിയായ ഭാവന അഗര്‍വാള്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നിര്‍ദേശം. 2016ല്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് വാഗ്ദാനം ചെയ്താണ് പണം വാങ്ങിയതെന്നും എന്നാല്‍ വഞ്ചിക്കപ്പെട്ടെന്നും ഭാവന പരാതിയില്‍ പറയുന്നു. ഭവന പദ്ധതിയെ ഷറപ്പോവ പിന്തുണച്ചതായും പദ്ധതിക്ക് ഷറപ്പോവയുടെ പേരിട്ടത് തെറ്റിധാരണ സൃഷ്ടിച്ചെന്നും പരാതി പരിഗണിച്ച കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷറപ്പോവയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.

നേരത്തെ ഉത്തേജക മരുന്ന് വിവാദത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന ഷറപ്പോവ കഴിഞ്ഞ യുഎസ് ഓപ്പണിലാണ് ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയത്.