ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ നേതാവ് മുകുള്‍ റോയ് ബിജെപിയില്‍ ചേരും. ഔദോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായിരിക്കുമെന്നാണ് സൂചന.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായ മുകുള്‍ റോയ് കഴിഞ്ഞദിവസമാണ് പാര്‍ട്ടി വിട്ടിരുന്നു. പൂജാ അവധിക്ക് ശേഷം എംപി സ്ഥാനവും രാജിവെക്കുമെന്ന് മുകുള്‍ റോയ് മുമ്പ് പറഞ്ഞിരുന്നു. ഇതേത്തുര്‍ന്നാണ് പുതിയ അറിയിപ്പ്.
കഴിഞ്ഞ മാസം റോയ് ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തൃണമൂല്‍ വിടേണ്ടി വരുന്നതില്‍ വലിയ ദുഃഖമുണ്ടെന്ന് റോയ് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം, ബിജെപിയില്‍ ചേരാന്‍ റോയിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ പരിഗണിക്കുമെന്ന് പശ്ചിമബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമനും മമത ബാനര്‍ജിയുടെ വലംകൈയുമായിരുന്നു മുകുള്‍ റോയ്. മുകുള്‍ റോയ് ബിജെപിയില്‍ ചേരുന്നുവെന്ന പ്രചാരണം കുറച്ചുനാളായി ശക്തമായിരുന്നു. ശാരദ, നാരദ കുംഭകോണ കേസുകളില്‍ പ്രതിയായ മുകുള്‍ റോയ് കേസില്‍ നിന്ന് രക്ഷപ്പെടാനാണ് ബിജെപിയില്‍ ചേരുന്നതെന്നാണ് പ്രചാരണം.
ശാരദ ചിട്ടിതട്ടിപ്പു കേസില്‍ സിബിഐ മുകുളിനെ ചോദ്യം ചെയ്തപ്പോള്‍ താനുള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെ പ്രതിക്കൂട്ടിലാക്കുംവിധം വിവരങ്ങള്‍ നല്‍കിയത് മമതയെ ചൊടിപ്പിച്ചിരുന്നു. വെട്ടിപ്പില്‍ വലിയ തോതില്‍ പങ്കാളിയായ മുകുള്‍ പാര്‍ട്ടിക്കുവേണ്ടിയാണ് ചെയ്തതെന്നും മമതയുടെ അനന്തരവനും തൃണമൂല്‍ യുവനേതാവുമായ അഭിഷേക് ബാനര്‍ജിയുള്‍പ്പെടെ നിരവധിപേര്‍ക്കുള്ള പങ്കും മുകുള്‍ സിബിഐയെ അറിയിച്ചിരുന്നു.