മുക്കത്തെ ഗെയില്‍ വിരുദ്ധ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് വി.എം സുധീരന്‍

0
53

കോഴിക്കോട്: മുക്കത്തെ ഗെയില്‍ വിരുദ്ധ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണ്. ഗെയില്‍ വിരുദ്ധ സമരം നടക്കുന്ന എരഞ്ഞിമാവിലെ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കണം. സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന നിലപാട് അംഗീകരിക്കാനാകില്ല. ജനവാസ മേഖലയില്‍ പദ്ധതി വേണ്ടേന്ന സമരസമിതിയുടെ നിലപാടിനൊപ്പമാണ് കോണ്‍ഗ്രസ് എന്നും സുധീരന്‍ വ്യക്തമാക്കി.

കോഴിക്കോട് എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമരം ശക്തമാകുകയാണ്. സമരത്തിന് ശക്തി പകര്‍ന്ന് യുഡിഎഫ് നേതാക്കള്‍ മുക്കത്തെത്തിയിട്ടുണ്ട്. സമരം യുഡിഎഫ് എറ്റെടുത്തതായി പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് നേതാക്കളുടെ പ്രതികരണം. അതേസമയം, നിര്‍മാണ പ്രവര്‍ത്തികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഗെയില്‍ അധികൃതരുടെ തീരുമാനം. പ്രദേശത്ത് പൊലീസ് പൂര്‍ണ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഗെയില്‍ വാതക പൈപ്പ് ലൈനെതിരെ മുക്കത്ത് നടക്കുന്നത് പൊലീസ് രാജാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. സമരങ്ങളെ തല്ലിച്ചതയ്ക്കാനുള്ള നീക്കം അപലപനീയമാണ്. അടിച്ചമര്‍ത്താനാണ് നീക്കമെങ്കില്‍ യുഡിഎഫ് സമരം ഏറ്റെടുക്കും. സമരം ഇതുവരെ യുഡിഎഫ് ഏറ്റെടുത്തിട്ടില്ല. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും ചെന്നിത്തല വ്യക്തമാക്കി.

പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കാതെ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊലീസ് രാജിലൂടെ പ്രതിഷേധം ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ യുഡിഎഫ് സമരം ഏറ്റെടുക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി. സമരങ്ങളോട് ഇടതുപക്ഷത്തിന് അലര്‍ജിയാണ്. സമരങ്ങളെ പൊലീസ്അടിച്ചൊതുക്കുകയാണ് . മുക്കത്ത് അക്രമം ഉണ്ടാക്കിയത് പൊലീസാണെന്നും ചെന്നിത്തല ആരോപിച്ചു.