റിസര്‍വ് ബാങ്ക് അനുമതി നീണ്ടുപോകുന്നു; കേരള ബാങ്ക് ഈ സാമ്പത്തിക വര്‍ഷം സാധ്യമാകില്ല

0
94എം.മനോജ് കുമാര്‍

തിരുവനന്തപുരം: കേരള ബാങ്ക് എന്ന സര്‍ക്കാര്‍ സ്വപ്നം ഈ സാമ്പത്തിക വര്‍ഷം സാധ്യമാകില്ല. ബാങ്ക് രൂപീകരിക്കാനുള്ള നടപടികള്‍ നീണ്ടുപോയേക്കുമെന്നാണ് സൂചന.

കേരളത്തിലെ സഹകരണ ബാങ്കുകള്‍ പരസ്പരം ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള നീക്കത്തിന് റിസര്‍വ് ബാങ്ക് തത്വത്തില്‍ അനുമതി നല്കാതിരിക്കുന്നതാണ് രൂപീകരണം വൈകാന്‍ കാരണം. ബാങ്കുകള്‍ ലയിപ്പിക്കാനുള്ള നീക്കത്തിന് ബാങ്കുകളാണ് റിസര്‍വ് ബാങ്കിന് കത്ത് നല്‍കേണ്ടത്. എന്നാല്‍ ഇവിടെ കത്ത് നല്‍കിയത് സംസ്ഥാന സര്‍ക്കാരാണ്. സര്‍ക്കാര്‍ നല്‍കിയ കത്ത് റിസര്‍വ് ബാങ്ക് നബാര്‍ഡിന് കൈമാറി. ഈ കത്ത് നബാര്‍ഡ് പരിശോധിച്ചശേഷം വീണ്ടും അനുമതിക്കായി റിസര്‍വ് ബാങ്കിന് തിരിച്ച് വീണ്ടും സമര്‍പ്പിക്കേണ്ടി വരും.

ഈ സാമ്പത്തിക വര്‍ഷം കേരള ബാങ്ക് രൂപീകരണം അസാധ്യമാണ്. കാരണം റിസര്‍വ് ബാങ്കിന് നല്‍കിയ അപേക്ഷ ഇപ്പോഴുള്ളത് നബാര്‍ഡിന്റെ കൈവശമാണ്. നീണ്ട നടപടി ക്രമങ്ങളിലൂടെ മാത്രമേ ഈ അപേക്ഷ മുന്നോട്ട് നീങ്ങുകയുള്ളൂ. അതുകൊണ്ട് തന്നെ ഈ സാമ്പത്തിക വര്‍ഷം കേരള ബാങ്ക് രൂപീകരണം പ്രയാസമാണ്-സഹകരണ വകുപ്പ് സെക്രട്ടറിയായ പി.വേണുഗോപാല്‍ 24 കേരളയോട് പറഞ്ഞു.

സഹകരണ ബാങ്കുകള്‍ ലയിക്കാനുള്ള അനുമതി തേടിയാണ് കേരളം റിസര്‍വ് ബാങ്കിന്  കത്ത് നല്‍കിയത്. ആ കത്ത് തുടര്‍ പ്രക്രിയകള്‍ക്കായി നബാര്‍ഡിന് കൈമാറുന്നു എന്നാണ് റിസര്‍വ് ബാങ്ക് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. കത്ത് നബാര്‍ഡിന്റെ കൈവശമെത്തുകയും ചെയ്തിട്ടുണ്ട്. പക്ഷെ നടപടി ക്രമങ്ങള്‍ നീണ്ടേക്കും. അതിനാലാണ് ഈ സാമ്പത്തിക വര്‍ഷം കേരള ബാങ്ക് രൂപീകരണം നടക്കാന്‍ സാധ്യതയില്ലാത്തത്-വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, സഹകരണ നിയമപ്രകാരം ഒരു സഹകരണ സംഘം മറ്റൊരു സംഘത്തില്‍ ലയിക്കാന്‍ പൊതുയോഗത്തിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയുള്ള അംഗീകാരം വേണം.  സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ഭരിക്കുന്നതില്‍ ഇടതും വലതും പാര്‍ട്ടികളുണ്ട്. ഇവര്‍ക്കിടയിലെ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ ലയന പ്രക്രിയയെ ബാധിക്കും.

കാസര്‍േക്കാട് ,വയനാട് , മലപ്പുറം, ഇടുക്കി ജില്ലകളില്‍ യുഡിഎഫിനാണ് സഹകരണ ബാങ്ക് ഭരണ സമിതികളില്‍ മുന്‍തൂക്കം. പക്ഷെ യുഡിഎഫിന് ലയനത്തിന് താല്പര്യമില്ലെങ്കിലും രാഷ്ട്രീയ അനുമതി നല്‍കേണ്ടിവരും. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്ലാതെ സഹകരണ ബാങ്കുകള്‍ക്ക്  നിലനില്‍പ്പില്ല എന്നതാണ് ഇതിന് കാരണം. അതിനാല്‍ ഇക്കാര്യത്തില്‍ യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്കുകളും സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തോടൊപ്പം നില്‍ക്കേണ്ടിവരും. മാത്രമല്ല ശാഖകളുടെ കാര്യത്തിലും ഏകോപനം വേണ്ടി വരും.

ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതിയും ലൈസന്‍സുമുണ്ടെന്നതിനാല്‍ റിസര്‍വ് ബാങ്ക് ലയനത്തിനുള്ള അനുമതി നിഷേധിച്ചിട്ടില്ല. ഇപ്പോള്‍ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകളിലേക്ക് സഹകരണ ബാങ്കുകള്‍ ലയിക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. അതിന് റിസര്‍വ് ബാങ്കോ നബാര്‍ഡോ തടസ്സം നില്‍ക്കേണ്ട കാര്യമില്ല.

വളരെ പെട്ടെന്ന് യാഥാര്‍ഥ്യമാകുന്ന പ്രക്രിയയല്ല സഹകരണ ബാങ്ക് ലയനം എന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ തുടക്കത്തിലുണ്ടായിരുന്ന ആവേശം ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനില്ല. എസ്ബിടി, എസ്ബിഐയില്‍ ലയിച്ചതിനെത്തുടര്‍ന്നാണ് കേരളത്തിന് സ്വന്തമായി ഒരു ബാങ്ക് എന്ന ആശയവുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നത്. എന്നാല്‍ സംസ്ഥാനത്ത് പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന നൂറു കണക്കിന് സഹകരണ ബാങ്കുകളെ യോജിപ്പിക്കുന്നതിന് കേന്ദ്ര നിയമങ്ങളിലുള്ള തടസങ്ങളാണ് ഇപ്പോള്‍ സര്‍ക്കാരിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നത്.