വിലക്കുറവ് ജനങ്ങളിലെത്തിക്കാത്ത വ്യാപാരികൾക്കെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന ജിഎസ്ടി വകുപ്പ്

0
47

തിരുവനന്തപുരം: ജിഎസ്ടിയിലൂടെ ലഭ്യമായ വിലക്കുറവ് ജനങ്ങളിലെത്തിക്കാത്ത വ്യാപാരികൾക്കെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന ജിഎസ്ടി വകുപ്പ്. ജിഎസ്ടി പ്രാബല്യത്തിലായതോടെ ലഭ്യമായ വിലക്കുറവ് ജനങ്ങളിലെത്തിക്കാത്ത 335 വ്യാപാരികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കേന്ദ്രത്തിനു കത്ത് നൽകിയത്.

വ്യാപാരികളുടെ പട്ടികയും കൊള്ളവില ഇൗടാക്കിയതിന്റെ ബിൽ അടക്കമുള്ള തെളിവുകളും സഹിതമാണു സമിതി കേന്ദ്രത്തെ സമീപിക്കാൻ തീരുമാനിച്ചത്. ജിഎസ്ടിയുടെ പേരിൽ ചില വ്യാപാരികൾ നടത്തുന്ന കൊള്ളയ്ക്കെതിരെ സംസ്ഥാനം നടപടിയിലേക്കു നീങ്ങുന്നത് ഇതാദ്യമായാണ്.

സംസ്ഥാനത്തിനു നടപടിയെടുക്കാൻ അധികാരമില്ലാത്തതിനാലാണു കേന്ദ്ര കൊള്ളവില വിരുദ്ധ സമിതിക്കു കൈമാറിയത്.

കേന്ദ്രസമിതിയുടെ പരിശോധനയിലും കൊള്ളവില ഇൗടാക്കിയെന്നു ബോധ്യപ്പെട്ടാൽ വ്യാപാരിയുടെ ജിഎസ്ടി റജിസ്ട്രേഷൻ റദ്ദാക്കും.

അനധികൃത നികുതി പിരിവ് ശദ്ധ്രയിൽപെട്ടാൽ ജിഎസ്ടി വകുപ്പിന്റെ പോസ്റ്റ് ബിൽസ് ഹിയർ എന്ന ഫെയ്സ് ബുക് പേജിൽ ഇൻവോയ്സ് അപ്‌ലോഡ് ചെയ്യാം. പൊതുജനങ്ങൾക്കും പരാതികൾ അറിയിക്കാനുള്ള സംവിധാനമുണ്ടെന്നും വകുപ്പ് മേധാവികൾ വ്യക്തമാക്കി.