വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി; ഈ മാസം 30നകം മത്സ്യത്തൊഴിലാളികളുടെ നഷ്ടപരിഹാരം കൊടുക്കും

0
41

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീര്‍ന്നു. ചര്‍ച്ച തൃപ്തികരമായിരുന്നെന്ന് സമരസമിതി അറിയിച്ചു. ജില്ലാ കലക്ടറും സമരസമിതിയുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമായത്. ചര്‍ച്ച വിജയകരമായിരുന്നെന്ന് എം.വിന്‍സെന്റ് എംഎല്‍എയും അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ നഷ്ടപരിഹാരം ഈ മാസം 30നകം കൊടുത്തുതീര്‍ക്കും.

സമരത്തിന്റെ 10ാം ദിവസമായ ഇന്ന് രാവിലെ 10ന് കലക്ടറുടെ ചേംബറിലായിരുന്നു ചര്‍ച്ച. സമരം ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായതോടെ 10 ദിവസമായി മുടങ്ങിക്കിടക്കുന്ന തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. വിഴിഞ്ഞം പാരിഷ് കൗണ്‍സില്‍ പ്രസിഡന്റ് ഫാ. വില്‍ഫ്രഡ്, സെക്രട്ടറി ജോണി ഇസഹാക്ക് എന്നിവരുടെ നേതൃത്വത്തിലെ പത്തോളം വരുന്ന പാരിഷ് കൗണ്‍സില്‍ അംഗങ്ങളാണ് കലക്ടറുമായി ചര്‍ച്ച നടത്തിയത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖാമൂലം എഴുതിനല്‍കിയാല്‍ ഉടന്‍ സമരം അവസാനിപ്പിക്കുമെന്ന് പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ അറിയിച്ചിരുന്നു.

ഈ മാസം 24നാണ് പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം പാരിഷ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തുറമുഖ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ തടസ്സപ്പെടുത്തി ഉപരോധസമരം ആരംഭിച്ചത്. സമരം തുടങ്ങിയ അന്നുതന്നെ കലക്ടര്‍ നേരിട്ടെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി സമവായത്തിലെത്തിയെങ്കിലും ഒരു വിഭാഗം നിര്‍മാണം തടഞ്ഞുകൊണ്ടുള്ള സമരവുമായി മുന്നോട്ടുപോവുകയായിരുന്നു. പിന്നീട് ഇടവക വീണ്ടും സമരം ഏറ്റെടുത്ത് മുന്നോട്ടുപോയി. 30ന് ചര്‍ച്ച നടത്തുമെന്ന് ആദ്യം അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചക്ക് തയാറാകൂ എന്ന് ജില്ല കലക്ടര്‍ അറിയിച്ചു. സമരം തുടര്‍ന്നാല്‍ കടുത്ത പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലുമായി. ഇതോടെ നിര്‍മാണ കമ്പനിയില്‍ നിന്നടക്കം വിവിധ കോണുകളില്‍നിന്നുണ്ടായ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ചര്‍ച്ച നടത്താന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചത്.