സ്ത്രീയോ പുരുഷനോ മുന്നില്‍

0
141

കാലാകാലങ്ങളായി ഈ ചോദ്യം ഉയര്‍ന്നു വരുന്നു സ്ത്രീയ്ക്കാണോ പുരുഷനാണോ ബുദ്ധി കൂടുതലെന്ന്. ഇനിയും ഈ ചോദ്യത്തിന് ശരിയായ ഉത്തരം ലഭിച്ചിട്ടില്ല എന്നതാണ് സത്യം. ചിലര്‍ പറയുന്നു സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് ബുദ്ധി കൂടുതലെന്ന്. അതുശരിയല്ലെന്നും സ്ത്രീകള്‍ക്കാണ് ബുദ്ധികൂടുതലെന്നും വാദിക്കുന്നവരുമുണ്ട്. ഇരുകൂട്ടര്‍ക്കും തങ്ങളുടെ വാദമുഖങ്ങള്‍ സംരക്ഷിക്കാനുള്ള തെളിവുകള്‍ നിരത്താനുമുണ്ട്.

പുരഷപക്ഷവാദികള്‍ പറയുന്നത് സ്ത്രീയുടെ തലച്ചോറിനേക്കാള്‍ വലിയ തലച്ചോറ് പുരുഷനാണുള്ളതെന്നാണ്. അത് ശാസ്ത്രീയമായി നോക്കിയാല്‍ ശരിയാണ്. കാരണം സ്ത്രീകളുടെ തലച്ചോറ് പുരുഷന്‍മാരേക്കാള്‍ പത്തിലൊന്ന് ചെറുതാണ്. പക്ഷേ ശാസ്ത്രജ്ഞര്‍ പറയുന്നത് ബുദ്ധിയുടെ കാര്യത്തില്‍ തലച്ചോറ് വലുതായിട്ട് കാര്യമില്ലെന്നാണ്. അവര്‍ പറയുന്നത് ബുദ്ധി കൂര്‍മ്മത തീരുമാനിക്കുന്നത് തലച്ചോറിലെ ന്യൂറോണുകളെന്നാണ്. ന്യൂറോണുകളുടെ എണ്ണം കൂടുതലായി സ്ത്രീകളുടെ തലച്ചോറിലാണുള്ളത്. കൃത്യമായി തീരുമാനങ്ങള്‍ എടുക്കാനും മറ്റും സ്ത്രീകളെ സഹായിക്കുന്നത് ഈ ന്യൂറോണുകളാണ്.

എന്നാല്‍ സ്ത്രീകളുടെ മസ്തിഷ്‌കം അതിവേഗം ചുളുങ്ങുമെന്നും ചുരുങ്ങുമെന്നുമാണ് പുരുഷമേധാവികള്‍ പറയുന്നത്. അത് ശരിയാണത്രേ. എങ്കിലും തലച്ചോറിലെ അര്‍ദ്ധ ഗോളങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ‘കോര്‍പ്പസ് കൊളാസം’ എന്ന സംയോജകകല കൂടുതല്‍ കാലം നശിക്കാതെ നില്‍ക്കുന്നത് സ്ത്രീകളിലാണെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. രണ്ട് അര്‍ദ്ധ ഗോളങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നത് സ്ത്രീകളിലാണെന്ന് സാരം.

ഇതില്‍ നിന്ന് ഒരു കാര്യം മനസ്സിലാക്കാം. സ്ത്രീയും പുരുഷനും തമ്മില്‍ ചില കാര്യങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഓരോരുത്തരും ഓരോ രീതിയിലുള്ള കഴിവുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. ചുരുക്കത്തില്‍ ആരും ആര്‍ക്കും പിന്നിലല്ല.