സമാന്തര ഫിലിം ഫെസ്റ്റിവലുമായി കാഴ്ച ചലച്ചിത്രവേദി

0
187

തിരുവനന്തപുരം: അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിന്‌ സമാന്തരമായി ചലച്ചിത്രോത്സവം
സംഘടിപ്പിക്കുമെന്ന്‌ കാഴ്ച ചലച്ചിത്രവേദി. കാഴ്ച ഇന്‍ഡി ഫെസ്റ്റ് (KIF) എന്നായിരിക്കും ഇതിന്റെ
പേര്. തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററിനു സമീപമുള്ള ലെനിന്‍ ബാലവാടിയാണ് കിഫിന്റെ ഈ വര്‍ഷത്തെ പ്രദര്‍ശനവേദി.

മലയാളത്തിലും ഇതര ഇന്ത്യന്‍ ഭാഷകളില്‍ നിന്നുമുള്ള പ്രധാന സിനിമകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും ഫെസ്റ്റിവല്‍ നടത്തുന്നത്. ഈ വര്‍ഷം ഡിസംബര്‍ 8,9,10,11 തിയതികളിലാണ് കിഫ് നടക്കുകയെന്ന് കാഴ്ച ചലച്ചിത്രവേദിയുടെ സെക്രട്ടറി സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.

സിനിമാപ്രദര്‍ശനത്തിനു പുറമേ ഓപ്പണ്‍ ഫോറം, മീറ്റ് ദി ഡയറക്ടര്‍ തുടങ്ങിയ ഡിബേറ്റ് സെഷനുകളും ഫെസ്റ്റിന്റെ ഭാഗമായിട്ടുണ്ടാകും. 12 സിനിമകളാണ് നാലു ദിവസത്തെ പ്രദര്‍ശനങ്ങളിലായി ഉണ്ടാവുക.

സ്വതന്ത്രസിനിമകളോടുള്ള അക്കാദമിയുടെയും IFFKയുടെയും അവഗണനയില്‍ പ്രതിഷേധിച്ചുകൊണ്ടാണ് KIF ആരംഭിക്കുന്നതെങ്കിലും വരും വര്‍ഷങ്ങളില്‍ സ്വതന്ത്ര സിനിമകളുടെ ഒരു സ്വതന്ത്രവേദിയായി വളര്‍ത്തിക്കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും അതിന്റെ നേതൃത്ത്വത്തിലുള്ള IFFKയുടെയും കേരളത്തില്‍ അങ്ങോളമിങ്ങോളം ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചുവരുന്ന ഫിലിം സൊസൈറ്റികളുടെയും പ്രവര്‍ത്തനഫലമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളത്തില്‍ ഒരു സ്വതന്ത്രസിനിമാ പ്രസ്ഥാനം രൂപപ്പെട്ടുവരുന്നുണ്ട്. സിനിമയിലെ ഡിജിറ്റല്‍ വിപ്ലവം ഈ പ്രസ്ഥാനത്തെ ബലപ്പെടുത്തി. വ്യാവസായിക സിനിമയുടെ പിടിയില്‍ നിന്നും മാറി മലയാളത്തിലുണ്ടായിരുന്ന സ്ഥിരം അവാര്‍ഡ് സിനിമകളുടെ ഘടന തെറ്റിച്ചുകൊണ്ട് വിഷയത്തിലും ആഖ്യാനത്തിലും വ്യത്യസ്തതയുള്ള സിനിമകള്‍ നിര്‍മിക്കാന്‍ ധാരാളം പുതിയ ചെറുപ്പക്കാര്‍ മുന്നോട്ടുവന്നു. മലയാളത്തിലെ ഈ പുതിയ ചലനം ലോക സിനിമ ഉറ്റുനോക്കാന്‍ തുടങ്ങുകയും അത്തരം സിനിമകള്‍ക്ക് പ്രശസ്തമായ ചലച്ചിത്രോല്‍സവങ്ങളില്‍ അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരമൊരു സാഹചര്യം ലക്ഷ്യമിട്ട് സ്ഥാപിതമായ ചലചിത്ര അക്കാദമിയും IFFKയും ഇന്ന് അത്തരം ചലച്ചിത്ര ശ്രമങ്ങളെ പാടെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സ്വതന്ത്ര സിനിമകളോടുള്ള അക്കാദമിയുടെ ഈ നിലപാട് മലയാള സിനിമകളോട് മാത്രമല്ല ഇന്ത്യയിലെ മറ്റു ഭാഷകളില്‍ നിന്നുണ്ടായിട്ടുള്ള സ്വതന്ത്ര സിനിമകളോടും സമാനമാണ്. അക്കാദമിയുടെയും IFFKയുടെയും ഈ വഴിതെറ്റിയ യാത്ര ചൂണ്ടിക്കാണിക്കുകയും അവഗണിക്കപ്പെട്ട സ്വതന്ത്ര സിനിമകള്‍ക്ക് ഒരു പ്രദര്‍ശന വേദി ഉണ്ടാക്കുകയും ചെയ്യുക എന്നതാണ് സമാന്തര പ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് സനല്‍കുമാര്‍ വ്യക്തമാക്കി.

IFFK യുടെയും ചലച്ചിത്ര അവാര്‍ഡുകളുടെയും ജൂറികളെ നിയമിക്കുന്നതിലുള്ള അപക്വത IFFKയുടെയും ചലചിത്ര അവാര്‍ഡുകളുടെയും നിറം കെടുത്തുന്നു. സെലക്ഷന്‍ കമ്മിറ്റികളുടെ അപക്വതയുടെയും അവഗണനയുടെയും പ്രതിഫലനമായി തെരെഞ്ഞെടുക്കാതെ പോയ സിനിമകളുടെ പ്രദര്‍ശനത്തെ
ചലച്ചിത്രപ്രവര്‍ത്തകര്‍ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. IFFK നിരസിച്ച സിനിമകള്‍ക്ക് ഒരു സമാന്തരവേദി ഒരുക്കുന്നു എന്നതുകൊണ്ട് അത് IFFKയ്ക്ക് എതിരായ ഒരു പ്രവര്‍ത്തനമായി കാണേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധം ശത്രുതയല്ല. പ്രതിഷേധത്തെ ക്രിയാത്മകമായി കാണണമെന്നും പ്രതിഷേധിക്കാനുള്ള അവകാശത്തിനുള്ള ജനാധിപത്യപരമായ ഇടം നിഷേധിക്കാതിരിക്കണമെന്നും സനല്‍കുമാര്‍ സിനിമാ വകുപ്പിനോടും കേരളസര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കിഫ് ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുത്തിരിക്കുന്നത് ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്ത ‘കരി’ എന്ന ചലച്ചിത്രമാണ്. ദേശീയ/അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും IFFK അവഗണിച്ചതുമായ ചലച്ചിത്രങ്ങളാണ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു. പ്രദര്‍ശനത്തിലുള്ള മുഴുവന്‍ ചിത്രങ്ങളുടെ ലിസ്റ്റ് പൂര്‍ത്തിയായി വരുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കിഫിന്‍റെ പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ചിത്രങ്ങളില്‍ ചിലത്

കാഴ്ച ചലച്ചിത്ര വേദി ക്രൗഡ് ഫണ്ടിംഗിലൂടെ നിര്‍മിച്ച, ജിജു ആന്റണി സംവിധാനം ചെയ്ത ‘ഏലി ഏലി ലമാ സബക്തനി?”

ഡോണ്‍ പാലത്തറയുടെ ‘വിത്ത്’

ആസാമീസ് സംവിധായകന്‍ ഭാസ്‌കര്‍ ഹസാരികയുടെ ‘കൊത്തനോടി’

ബോബി ശര്‍മ ബറുവയുടെ – ‘സൊനാര്‍ ബരന്‍ പഖി’

ജെയ്‌ചെങ്ങ് ദൗഹൂതിയയുടെ ‘ഹാന്ദൂക് ദി ഹിഡന്‍ കോര്‍ണര്‍’

പുഷ്‌പേന്ദ്ര സിംഗിന്റെ ‘അശ്വത്ഥാമാ’

പദ്മകുമാര്‍ നരസിംഹ മൂര്‍ത്തിയുടെ ‘ബില്യണ്‍ കളര്‍ ട്രൂസ്റ്റോറി’