അജിത് ഡോവലിന്റെ മകനെതിരെയും ഗുരുതര ആരോപണം

0
41


ന്യൂഡല്‍ഹി: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവലിനെതിരെയും ഗുരുതര ആരോപണം. ശൗര്യ ഡോവലിന്റെ സംഘടനയിലേക്ക് വിദേശ ആയുധ കമ്പനികളില്‍ നിന്ന് സഹായം എത്തിയതാണ് വിവാദമായത്. ദി വയര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നേരത്തെ അമിത്ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനി നടത്തിയ സാമ്പത്തിക ക്രമക്കേടുകളും ദി വയര്‍ പുറത്തുകൊണ്ടുവന്നിരുന്നു.

രാജ്യത്തിന്റെ നയരൂപീകരണം സംബന്ധിച്ച് സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുന്ന ഇന്ത്യ ഫൗണ്ടഷന്‍ എന്ന സംഘടനയുടെ തലവനാണ് ശൗര്യ ഡോവല്‍. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്ര മന്ത്രിമാരായ സുരേഷ് പ്രഭു, ജയന്ത് സിന്‍ഹ, എം.ജെ.അക്ബര്‍ എന്നിവരും സംഘടനയിലെ ഡയറക്ടര്‍മാരാണ്. സംഘടന നടത്തിയ പരിപാടികളുടെ സ്‌പോണ്‍സര്‍മാരെല്ലാം വിദേശ ആയുധ, വിമാന കമ്പനികളാണെന്നാണ് ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്.

സി.ബി.ഐ അന്വേഷണം നേരിടുന്ന ബോയിങ് വിമാന കമ്പനിയും സ്‌പോണ്‍സര്‍ കമ്പനികളിലുണ്ട്. 70,000 കോടി രൂപക്ക് 111 വിമാനങ്ങള്‍ വാങ്ങാന്‍ ബോയിംഗ് കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ നടന്ന ക്രമക്കേടിനെ കുറിച്ച്
സിബിഐ ഇപ്പോള്‍ അന്വേഷണം നടത്തുന്നുണ്ട്.  ഈ കമ്പനിയില്‍ നിന്ന് പ്രതിരോധ മന്ത്രിയും വ്യോമയാന സഹമന്ത്രിയും ഡയറക്ടര്‍മാരായ സംഘടനയിലേക്ക് സംഭാവന എത്തിയത് എങ്ങനെ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. ഇതുകൂടാതെ ഇന്ത്യ ഫൗണ്ടേഷന്റെ വരവുചിലവ് കണക്കുകള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഫൗണ്ടേഷന്റെ ആസ്തി സംബന്ധിച്ചും ദുരൂഹതകളുണ്ട്.

സാമ്പത്തിക മേഖലയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഉപദേശം നല്‍കുന്ന സംഘടനകൂടിയാണ് ഇന്ത്യ ഫൗണ്ടേഷന്‍. നോട്ട് നരോധനത്തിനായി സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ വഴിയാണ് അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രഹസ്യ ചര്‍ച്ചകളെല്ലാം നടത്തിയിരുന്നത്. അതിനാല്‍ ഡോവലിന്റെ മകന്‍ ഇത് ദുരുപയോഗം ചെയ്തിട്ടുണ്ടാകാനുള്ള സാധ്യതയും പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു.

2009-ല്‍ മതപരിവര്‍ത്തനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ രൂപീകരിച്ച സംഘടനയാണ് ഇന്ത്യ ഫൗണ്ടേഷന്‍. ബി.ജെ.പി അധികാരത്തില്‍ എത്തിയതിനു ശേഷമാണ് സാമ്പത്തിക രംഗത്തെ പ്രവര്‍ത്തനങ്ങളിലേക്ക് സംഘടന കടന്നത്. ഏതായാലും അമിത്ഷായുടെ മകന്‍ ജയ്ഷാക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നിലെ ശൗര്യ ഡോവലിനെതിരെയുള്ള വെളിപ്പെടുത്തല്‍ ബി.ജെ.പി പ്രതിസന്ധിയിലാക്കും.