എരഞ്ഞിമാവിലെ വാതകപൈപ്പ്‌ലൈന്‍ നിര്‍മ്മാണം നിര്‍ത്തണമെന്ന് നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ഡിജിഎം

0
39

കോഴിക്കോട്: എരഞ്ഞിമാവിലെ വാതക പൈപ്പ്ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കില്ലെന്ന് ഗെയില്‍. നിര്‍മ്മാണം നിര്‍ത്തണമെന്ന് നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ഗെയില്‍ ഡിജിഎം അറിയിച്ചു. പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റാനാകില്ലെന്നും വിശദീകരണം. പദ്ധതി ജൂണില്‍ കമ്മീഷന്‍ ചെയ്യും ഡിജിഎം അറിയിച്ചു.

അതേസമയം സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച സാഹചര്യത്തില്‍ ഗെയില്‍ വിരുദ്ധ സമരസമിതി എംപി എം.ഐ ഷാനവാസിന്റെ നേതൃത്വത്തില്‍ രാവിലെ പതിനൊന്ന് മണിക്ക് യോഗം ചേരും. തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാരുമായി നടക്കുന്ന ചര്‍ച്ചയില്‍ ഉന്നയിക്കേണ്ട കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനിക്കും.

ഗെയിലിനെതിരായ പ്രതിഷേധം നിലനില്‍ക്കുന്ന എരഞ്ഞിമാവില്‍ നിര്‍മാണപ്രവര്‍ത്തികള്‍ തുടരുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. സമരസമിതിയുമായും ജനങ്ങളുമായും സമവായത്തിലെത്താനുള്ള ശ്രമങ്ങള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. ഗെയില്‍ പദ്ധതി കടന്നുപോകുന്ന ഭൂമിയുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം കൂടുതല്‍ നല്‍കാനുള്ള പോംവഴിയും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

അതേ സമയം പൈപ്പിടല്‍ ജോലികള്‍ നിര്‍ത്തിവയ്ക്കാതെ ചര്‍ച്ച കൊണ്ട് ഫലമില്ലെന്ന നിലപാടിലാണ് സമരസമിതി. നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനും സമരസമിതി ആലാചിക്കുന്നുണ്ട്. എരഞ്ഞിമാവില്‍ നടക്കുന്ന യോഗത്തില്‍ സമരസമിതി പ്രതിനിധികളും സമരത്തിന് പിന്തുണ നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കും.