ഐഎസ് ബന്ധം: യുഎഇയില്‍ നിന്ന് തിരിച്ചയച്ച നാല്പതോളം പേര്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍

0
949

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ഐഎസ് ബന്ധത്തിന്റെ പേരില്‍ യുഎഇയില്‍ നിന്ന് തിരിച്ചയച്ച നാല്പതോളം പേര്‍ കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോകളുടെ നിരീക്ഷണത്തില്‍. തിരിച്ചയച്ചവരില്‍ കൂടുതല്‍ പേരും കോഴിക്കോട്, മലപ്പുറം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലുള്ളവരാണ്.

മലപ്പുറത്ത് നിന്നും സിറിയയ്ക്ക് പോയ ഒരു യുവാവിന്റെ സ്വാധീന വലയത്തില്‍ കുടുങ്ങിയവരാണ് യുഎഇയില്‍ നിന്ന് തിരിച്ചയക്കപ്പെട്ടവരില്‍ പലരും. ഐഎസ് ബന്ധത്തിന്റെ പേരില്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളാനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനപ്രകാരമാണ് ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലാകുന്നവരെ തിരിച്ചയക്കുന്നത്.

തിരിച്ചയച്ച ഈ 40 പേരും യുഎഇയില്‍ നിന്ന് ശിക്ഷ കഴിഞ്ഞു തിരിച്ചയച്ചവരാണ്. രണ്ടാഴ്ച മുതല്‍ ആറുമാസം വരെ ശിക്ഷ അനുഭവിച്ചവരാണ് ഇവരില്‍ കൂടുതലും. കുടുംബസമേതം യുഎഇയില്‍ താമസിച്ച ഇവരില്‍ പലരുടേയും വസ്തുവകകള്‍ പോലും എടുക്കാന്‍ യുഎഇ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.

വളരെ പെട്ടെന്ന് ഇവരുടെ വിസ റദ്ദാക്കി തിരിച്ചയക്കുന്ന രീതിയാണ് യുഎഇ അവലംബിച്ചത്. ഒരു വര്‍ഷത്തിന്നിടെ യുഎഇയില്‍ നിന്ന് മാത്രം ഐഎസ് ബന്ധത്തിന്റെ പേരില്‍ നാല്പതോളം പേര്‍ കേരളത്തിലേക്ക് തിരിച്ചയക്കപ്പെട്ടു എന്ന കാര്യം നിസാരമായി തള്ളേണ്ടതില്ലെന്നാണ് കേന്ദ്ര ഏജന്‍സികളുടെ തീരുമാനം. ഇവരുടെ പേര് വിവരങ്ങള്‍ സംസ്ഥാന ഇന്റലിജന്‍സ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. കേരളത്തില്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ എന്ത് എന്നതാണ് ഇന്റലിജന്‍സ് ബ്യൂറോകള്‍ നിരീക്ഷിക്കുന്നത്.

കേരളം തീവ്രവാദത്തിനു വളക്കൂറുള്ള മണ്ണ് എന്ന ധാരണ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളില്‍ പ്രബലമായിരിക്കെ കേരളത്തില്‍ നിന്നുള്ളവര്‍ ഐഎസ് ബന്ധം ആരോപിക്കപ്പെട്ട് തിരിച്ചയക്കപ്പെടുമ്പോള്‍ ഇവരുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്‌
എന്നു കേന്ദ്ര ഏജന്‍സികള്‍ തീരുമാനമെടുത്തിട്ടുണ്ട്. സംസ്ഥാന ഇന്റലിജന്സിനു ഇവര്‍ വിവരങ്ങള്‍ കൈമാറുന്നുന്നുണ്ടെങ്കിലും ചില വിവരങ്ങള്‍ രഹസ്യമായി വെച്ച് അന്വേഷണം മുന്നോട്ട് നീക്കുന്ന രീതിയാണ് കേന്ദ്ര ഏജന്‍സികള്‍ അവലംബിക്കുന്നത്.