മെക്സിക്കോ: മെക്സിക്കോയിലെ കുപ്രസിദ്ധ കുറ്റവാളി ജീസസ് എല്‍ കലിമ്പ മാര്ട്ടിന് പ്ലാസ്റ്റിക് സര്‍ജറിക്കിടെ കൊല്ലപ്പെട്ടു. മുഖം മാറുന്നതിനും വിരലടയാളം മായ്ക്കുന്നതിനുമുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് മോഷണ സംഘത്തലവനായ മാര്ട്ടിന് വെടിയേറ്റു മരിച്ചത്.
മെക്സിക്കന്‍ നഗരമായ പ്യുബലയിലാണ് സംഭവം. പോലീസില്‍നിന്ന് രക്ഷപ്പെടുന്നതിന് രൂപം മാറുന്നതിനുള്ള ശ്രമത്തിലായിരുന്നു മാര്ട്ടിന്. ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കെ ആശുപത്രിയില്‍ കടന്ന തോക്കുധാരികള്‍ ഇയാളെ വെടിവെക്കുകയായിരുന്നു. കവര്‍ച്ചാ സംഘത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പൊലീസ് വിശദീകരിച്ചു. ആക്രമണത്തില്‍ മൊത്തം 12 പേര് കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. കൊലപാതകത്തില്‍ ആശുപത്രി അധികൃതര്‍ക്കും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.
പൈപ്പ് ലൈനുകളില്‍നിന്ന് ഇന്ധനം മോഷ്ടിക്കുന്ന വലിയൊരു സംഘമാണ് മാര്‍ട്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്യൂബല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ മോഷണ സംഘങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പെമെക്സ് ഓയില്‍ കമ്പനിയുടെ ഇന്ധന പൈപ്പ് ലൈനില്‍ നിന്നാണ് മോഷണം നടത്തിയിരുന്നത്. മെക്സിക്കോയില്‍ മയക്കുമരുന്ന് കച്ചവടം കഴിഞ്ഞാല്‍ ഏറ്റവും വ്യാപകമായ സംഘടിത കുറ്റകൃത്യമാണ് ഇന്ധന മോഷണം.