കോപ്പിയടി വിവാദം; നിയോ ഐഎഎസ് പരിശീലന കേന്ദ്രത്തിന്റെ ഉടമ അറസ്റ്റില്‍

0
75

സിവില്‍ സര്‍വീസ് പരീക്ഷയ്ക്കിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ച സംഭവത്തില്‍ കേരളത്തിലും അറസ്റ്റ്. നിയോ ഐഎഎസ് പരിശീലന കേന്ദ്രത്തിന്റെ ഉടമയും മാനേജരുമാണ് അറസ്റ്റിലായത്. ഷംജാദ്, മുഹമ്മദ് ഷരീബ് ഖാന്‍ തുടങ്ങിയവരെയാണ് പൊലീസ് കസ്റ്റഡയിലെടുത്തത്. ഇവര്‍ കോപ്പിയടിക്ക് സാങ്കേതിക സഹായം നല്‍കിയെന്ന് കണ്ടെത്തി. തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ ഹാര്‍ഡ് ഡിസ്‌ക്കുകളടക്കം പൊലീസ് പിടിച്ചെടുത്തു.

സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്കിടെ ഐപിഎസുകാരന്‍ സഫീര്‍ കരീം കോപ്പിയടിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി അന്വേഷണ സംഘം കേരളത്തിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി സഫീര്‍ കരീമിന്റെ വീട്ടിലും ഇയാള്‍ക്ക് പങ്കാളിത്തമുള്ള ലോ എക്സലന്‍സിന്റെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങളിലും പരിശോധന നടത്തി.അതേസമയം, സഫീറിന്റെ ഭാര്യ ജോയ്സിയെ പുഴല്‍ ജയിലിലടച്ചിരിക്കുകയാണ്. ഒന്നര വയസുള്ള മകള്‍ സിയയും ഇവര്‍ക്കൊപ്പമാണ്.

ഇതിനായി മുന്‍പ് പരീക്ഷിച്ചു വിജയിച്ചതു കൊണ്ടാണ് ആത്മവിശ്വാസത്തോടെ സഫീര്‍ കോപ്പിയടിക്കാന്‍ മുതിര്‍ന്നത് എന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഏതൊക്കെ പരീക്ഷകളില്‍ ഇത്തരത്തില്‍ കോപ്പിയടി നടന്നെന്നും ഇതിനായി പ്രത്യേക പരിശീലനം ലഭിച്ചോ എന്നും അന്വേഷിക്കും. ഹൈദരബാദിലെ ലോ എക്സലന്‍സ് എന്ന സ്ഥാപനത്തിന്റെ വളര്‍ച്ച സംബന്ധിച്ചും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ സിവില്‍ സര്‍വീസ് പരിശീലകരില്‍ ശ്രദ്ധേയനാണ് ഉത്തരങ്ങള്‍ കണ്ടെത്താന്‍ സഹായിച്ച ലോ എക്സലന്‍സ് ഡയറക്ടര്‍ ഡോ. രാം ബാബു. ഇയാളെ കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള ഹൈടെക് കോപ്പിയടിക്കു സ്ഥാപനം മുന്‍പും കൂട്ടുനിന്നെന്നും സംശയമുയരുന്നുണ്ട്. അതോടൊപ്പം തന്നെ പരീക്ഷാ ഹാളിലേക്കു കയറുന്ന സമയത്തു പൊലീസുകാരില്‍നിന്നു സഹായം ലഭിച്ചോ എന്നും അന്വേഷിക്കും. പുഴല്‍ ജയിലില്‍ റിമാന്‍ഡിലാണ് സഫീര്‍ കരിം ഇപ്പോള്‍. ഭാര്യ ജോയ്സിയും ഒന്നര വയസുള്ള മകള്‍ സിയയും ഇതേ ജയിലിലാണ്. രാം ബാബുവിനെ ചോദ്യം ചെയ്ത് വരികയാണ്.