കോഴിക്കോട്: ഗെയില്‍ പദ്ധതിക്കെതിരെ നടന്ന ആക്രമണങ്ങളില്‍ 70 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സമരക്കാര്‍ക്കെതിരെ മുക്കം പൊലീസ് സ്റ്റേഷനില്‍ പരാതി നല്കാന് ഗെയില്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം പണി നിര്‍ത്തിവെക്കില്ലെന്നും നിര്‍മാണം തുടരുമെന്നും ഗെയില്‍ അധികൃതര്‍ അറിയിച്ചു. നിര്‍മാണ ജോലികള്‍ നിര്‍ത്താന്‍ നിര്‍ദേശം കിട്ടിയിട്ടില്ലെന്നും നിര്‍മാണം നിര്‍ത്തണമെങ്കില്‍ സര്‍ക്കാരോ ഗെയില്‍ മാനേജ്മെന്റോ നിര്‍ദേശിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. പദ്ധതി ജൂണില്‍ കമ്മിഷന് ചെയ്യുമെന്ന് ഗെയില്‍ ഡിജിഎം എം.വിജു അറിയിച്ചു.
ഗെയില്‍ പദ്ധതിയുടെ അലൈന്മെന്റ് ഇനി മാറ്റി നിര്‍ണയിക്കാന്‍ സാധിക്കില്ല. വളരെ വൈകിയാണ് പൈപ്പ് ലൈന്‍ പദ്ധതി കേരളത്തില്‍ നടക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചാല്‍ അത് പദ്ധതി നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. നഷ്ടപരിഹാര പാക്കേജ് ഉയര്‍ത്തിയാല്‍ എതിര്‍ക്കില്ലെന്ന നിലപാടിലേക്ക് ജനങ്ങള്‍ വന്നിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.
പൈപ്പ് ലൈന്‍ നിര്‍മ്മാണം നിര്‍ത്തിവെച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്ന് സമരസമിതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗെയല്‍ അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്.