ഗെയില്‍ വിരുദ്ധ അക്രമങ്ങള്‍ക്ക് പിന്നിലെന്ത്? സമരസമിതിയും സര്‍ക്കാരും മുഖാമുഖം

0
202

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: മുക്കത്തെ ഗെയില്‍ വിരുദ്ധ സമരങ്ങള്‍ക്ക് പിന്നിലെന്ത്? പൊടുന്നനെ നടന്ന അക്രമങ്ങളില്‍ തികഞ്ഞ അമ്പരപ്പാണ് മുക്കത്തുള്ളവര്‍ക്കുള്ളത്. സമരം കൈവിട്ടു പോകുന്നു എന്ന തോന്നലില്‍ സജീവ നീക്കങ്ങളുമായി സര്‍ക്കാരും ഒത്തുതീര്‍പ്പ് സാധ്യതകള്‍ തേടി സമരസമിതിയും രംഗത്തുണ്ട്.

ഗെയില്‍ വിരുദ്ധ പൈപ്പ് ലൈന്‍ പദ്ധതിയുടെ പേരില്‍ വ്യാപകമായ അക്രമങ്ങളാണ് മുക്കത്ത് നടന്നത്. ഒട്ടനവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. നിരവധി പേര്‍ ജയിലിലായി. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതരമായ പരുക്കുകള്‍ പറ്റി. ഇപ്പോള്‍ നീണ്ടു നിന്ന സംഘര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ക്കാരും ഗെയില്‍ വിരുദ്ധ സമരസമിതിയും മുഖാമുഖം വന്നിരിക്കുന്നു.

രണ്ടുപേരും ആരോപണങ്ങള്‍ പരസ്പരം പിന്‍വലിച്ച് ഒത്തുതീര്‍പ്പിനുള്ള ഒരുക്കത്തിലാണ്. കൊച്ചി-മംഗളൂരു ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയാണ് കോഴിക്കോട് മുക്കത്ത് പൊടുന്നനെ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സംഘര്‍ഷം അപ്രതീക്ഷിതമായിരുന്നു. കൊച്ചിയില്‍ നിന്ന് മംഗളൂരു വരെ നീങ്ങുന്ന വന്‍കിട ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിക്ക്  സംസ്ഥാനത്തിന്നകത്തുനിന്നും ഒരു എതിര്‍പ്പ്  സംസ്ഥാന സര്‍ക്കാരോ, ഗെയില്‍ അധികൃതരോ പ്രതീക്ഷിച്ചതല്ല.

എന്നാല്‍ മുക്കത്തെ ഇരഞ്ഞിമാവ്  പൊടുന്നനെ സംഘര്‍ഷഭൂമിയാകുകയായിരുന്നു.  ഒരു മാസത്തിലേറെയായി  മുക്കം നിവാസികള്‍ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ സമരത്തിലാണ്. അതുകൊണ്ട് തന്നെ പെട്ടെന്ന്  ഒരുനാള്‍ പ്രതിഷേധം അക്രമാസക്തമാകുമെന്ന് സര്‍ക്കാര്‍ കരുതിയില്ല. നവംബര്‍ ഒന്നാം തീയതി കേരളപ്പിറവി ദിനത്തിലാണ് സമരം അക്രമാസക്തമാകുന്നത്.

പോലീസും സമരസമിതി പ്രവര്‍ത്തകരും തമ്മില്‍ തെരുവ് യുദ്ധം  തന്നെ നടന്നു. അക്രമത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതിനാല്‍ പൊലീസ് ശക്തമായ നടപടികള്‍ തന്നെ കൈക്കൊണ്ടു. കണ്ണീര്‍വാതകവും ലാത്തിയും നിര്‍ബാധം പ്രയോഗിക്കപ്പെട്ടു. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഗുരുതരമായ വിധത്തില്‍ പൊലീസ് മര്‍ദ്ദനമേറ്റു. ഒട്ടനവധി പ്രവര്‍ത്തകര്‍ ജയിലിലും മറ്റുള്ളവര്‍ കരുതല്‍ തടങ്കലിലുമായി.

അന്‍പതോളം പേര്‍ നിലവില്‍ അറസ്റ്റിലാണ്. കരുതല്‍ തടങ്കലില്‍ ആയിരുന്നവരെ പൊലീസ് വിട്ടയച്ചു. ഗെയില്‍ അധികൃതര്‍ വന്ന ജീപ്പിനു നേരെ സമരക്കാര്‍ക്കിടയില്‍ നിന്നും വന്ന കല്ലേറാണ് സംഘര്‍ഷത്തിനു തുടക്കമിട്ടത്. ഒട്ടനവധി വാഹനങ്ങളും അക്രമത്തില്‍ തകര്‍ന്നു. അക്രമത്തിനു പിന്നില്‍ മുക്കത്തുകാരല്ലെന്നും പുറമേ നിന്ന് വന്നവരാണെന്നും പൊലീസ് ആരോപിച്ചു.

അറസ്റ്റിലായവരില്‍ മലപ്പുറത്ത് നിന്നും വന്നവരുമുണ്ടായിരുന്നു. മുക്കം,  കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെട്ടതാണ്. മലപ്പുറം അടുത്ത ജില്ലയാണ്. അതോടെ സമരത്തിനും അക്രമത്തിനും പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സാന്നിധ്യം പൊലീസ് ആരോപിച്ചു. പോലീസിന്റെ ആരോപണം സര്‍ക്കാരും ഏറ്റെടുത്തതോടെ കേരളത്തിന്റെ ശ്രദ്ധ കോഴിക്കോട്ടേക്കും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ നടന്നു വരുന്ന സമരത്തിലേക്കുമായി.

തീവ്രവാദ സാന്നിധ്യം ഗെയില്‍ വിരുദ്ധ സമരസമിതി ആവര്‍ത്തിച്ച് നിഷേധിച്ചു. മുക്കത്ത് ഹര്‍ത്താലായി. മുസ്ലിം ലീഗ് നേതാവായ സി.പി.ചെറിയ മുഹമ്മദാണ് സമരസമിതി രക്ഷാധികാരി. മുസ്ലിം ലീഗ് അടക്കമുള്ള മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സമരത്തില്‍ സജീവമായിരുന്നു. സമരത്തിലെ ലീഗ് സാന്നിധ്യം മൂലം കോണ്‍ഗ്രസ്സും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. സംഘര്‍ഷ സ്ഥലം സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ സമരം യുഡിഎഫ്  ഏറ്റെടുക്കുമെന്നു പ്രഖ്യാപനം നടത്തി.

ലീഗ് നേതാവും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയും സമരത്തിനു പിന്നില്‍ നിന്ന് കരുനീക്കങ്ങള്‍ നടത്തി. കോണ്‍ഗ്രസ് എംപി എം.ഐ.ഷാനവാസ് സമരത്തിന്റെ നിയന്ത്രണം തന്നെ കൈക്കലാക്കി. അതോടെ സര്‍ക്കാര്‍ ഉണര്‍ന്നു. രണ്ടു ജനകീയ സമരങ്ങളാണ് ശ്രദ്ധയാകര്‍ഷിക്കും വിധം കേരളത്തില്‍ നടന്നിരുന്നത്. രണ്ടു സമരങ്ങളും ഉടനടി അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ വന്നു.

ഒന്ന് വിഴിഞ്ഞം സമരമായിരുന്നു.  വിഴിഞ്ഞത്ത് പുനരധിവാസ പാക്കേജ് പൂര്‍ണമായി നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ണമായും സ്തംഭിപ്പിച്ചാണ് സമരം നടന്നിരുന്നത്. അതിനു ക്രൈസ്തവ സഭകളുടെ പിന്തുണ കൂടിയുണ്ടായിരുന്നു. തിരുവനന്തപുരം ജില്ലാ കളക്ടര്‍
കെ.വാസുകിയെ മുന്നില്‍ നിര്‍ത്തി വിഴിഞ്ഞം സമരം ഒരു ദിവസം കൊണ്ട് സര്‍ക്കാര്‍ അവസാനിപ്പിച്ചു. നഷ്ടപരിഹാരതുക ഉടനടി വിതരണം ചെയ്യുമെന്നു കളക്ടര്‍ തന്നെ ഉറപ്പ് നല്‍കിയതോടെ വിഴിഞ്ഞം നിവാസികള്‍ സമരം അവസാനിപ്പിച്ചു.

രണ്ടാമത്തേത്‌ മുക്കത്തെ ഗെയില്‍ വിരുദ്ധ സമരമായിരുന്നു. അതിനു സര്‍ക്കാര്‍ വ്യവസായ മന്ത്രി എ.സി.മൊയ്തീനെ നേരിട്ട് ചുമതലപ്പെടുത്തി. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്ക് കേരളത്തില്‍ ഒരു തടസവും വരില്ലായെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിട്ട് ഉറപ്പു നല്‍കിയതാണ്. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നടപ്പിലാക്കിയേ കഴിയൂ. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഇത് ജൂണില്‍ കമ്മിഷന്‍ ചെയ്യേണ്ടതാണ്.

സംസ്ഥാന സര്‍ക്കാരിനോ, ഗെയിലിനോ പദ്ധതിയില്‍ നിന്നും പിന്നോട്ട് മാറാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഗെയില്‍ സമരത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ പൊടുന്നനെ തീരുമാനിക്കുകയായിരുന്നു. യുഡിഎഫ് നേതാക്കള്‍ നേരിട്ട് സമരത്തില്‍ ഇടപെട്ടതോടെ സമരത്തിന് പിന്നില്‍ തീവ്രവാദ സാന്നിധ്യം ആരോപിക്കാന്‍ കഴിയാത്ത അവസ്ഥയുമായി.

വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍ ഗെയില്‍ സമരത്തില്‍ സജീവമായി നിലകൊണ്ടു.  ചര്‍ച്ചയ്ക്കുള്ള അവസരമാണ് മൊയ്തീന്‍ ഇടപെട്ട് നടപ്പിലാക്കിയത്. തിങ്കളാഴ്ച സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്തതായി മന്ത്രി എ.സി.മൊയ്തീന്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ ഈ സര്‍വകക്ഷിയോഗത്തെ ചൊല്ലി പൂര്‍ണ്ണ അനിശ്ചിതാവസ്ഥയാണ്. കാരണം ഗെയില്‍ വിരുദ്ധ സമരസമിതിക്ക് സര്‍ക്കാര്‍ ഇതുവരെ സര്‍വകക്ഷി യോഗത്തിനുള്ള ക്ഷണം നല്‍കിയിട്ടില്ല.

ഇന്ന് സമരസമിതിയോഗം മുക്കത്ത് കൂടിയിരുന്നു. എം.ഐ.ഷാനവാസ്‌ എംപിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. സമരത്തിന്റെ ഭാവി പരിപാടികള്‍ യോഗം ചര്‍ച്ച ചെയ്തു. തിങ്കളാഴ്ച സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ച സാഹചര്യത്തിലാണ് സമരസമിതി യോഗം ചേര്‍ന്നത്. യോഗത്തിനു വിളിച്ചാല്‍ പങ്കെടുക്കുമെന്നും എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുമെന്നും സമരസമിതി രക്ഷാധികാരി സി.പി.ചെറിയ മുഹമ്മദ്‌ 24 കേരളയോട് പറഞ്ഞു.

പക്ഷെ ഇതുവരെ സര്‍വകക്ഷിയോഗത്തിനുള്ള ക്ഷണം ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. യോഗം ഉണ്ടെങ്കില്‍ ക്ഷണം കാണുമെന്നു പ്രതീക്ഷിക്കുന്നു. ക്ഷണം കിട്ടിയാല്‍ യോഗത്തില്‍ പങ്കെടുക്കും-ചെറിയ മുഹമ്മദ്‌ പറഞ്ഞു.
സമരത്തിനു പിന്നില്‍ പൊലീസ് ആരോപിക്കുന്നതുപോലെ തീവ്രവാദ സാന്നിധ്യമില്ല. ഇത് ജനകീയ സമരമാണ്. പ്രതിഷേധത്തിനു പിന്നില്‍ സ്ഥലമേറ്റെടുക്കല്‍ പ്രശ്നങ്ങളാണ്. സ്ഥലമേറ്റെടുക്കല്‍ പ്രശ്നത്തിനു നടപടി ക്രമങ്ങള്‍ ഇല്ലേ? ഇതൊന്നും ഗെയില്‍ പാലിച്ചില്ല. ഏകപക്ഷീയമായിരുന്നു ഗെയില്‍ നടപടികള്‍. ഇതാണ് സംഘര്‍ഷം ക്ഷണിച്ചുവരുത്തിയത്. ഗെയില്‍ പദ്ധതി കടന്നുവരുന്നത് മുക്കത്ത് ജനസാന്ദ്രതയുള്ള പ്രദേശത്തുകൂടിയാണ്. 20 മീറ്റര്‍ എന്തിനാണ് എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കണം-ചെറിയ മുഹമ്മദ് ആവശ്യപ്പെട്ടു.

പക്ഷെ സ്ഥലം നഷ്ടപ്പെടുമ്പോള്‍, വീട് നഷ്ടപ്പെടുമ്പോള്‍ പണം കിട്ടിയാല്‍ മാത്രം കാര്യമാകുമോ? ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ എലൈന്‍മെന്റ് മാറ്റണം. കാരണം ഇത് ജനവാസ പ്രദേശമാണ്. പൈപ്പ് ലൈന്‍ വരുമ്പോള്‍ അഞ്ചു മീറ്റര്‍ അകലത്തില്‍ വീടുകളുണ്ട്. അവര്‍ എന്ത് ചെയ്യും? സര്‍ക്കാര്‍ സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത് ജനകീയ സമരമാണ്-ചെറിയ മുഹമ്മദ് വ്യക്തമാക്കി.

സിപിഎം പ്രതിരോധത്തിലായത് തീവ്രവാദബന്ധം ആരോപിച്ചതിനാലാണ്. 12 പേര്‍ മഞ്ചേരി ജയിലില്‍, 21 പേര്‍ കോഴിക്കോട് ജയിലില്‍. 35 പേര്‍ നിലവില്‍ അറസ്റ്റിലാണ്. അതുകൊണ്ട് തന്നെ ഗുരുതരമായ സ്ഥിതിവിശേഷമാണ് മുക്കത്ത് നിലനില്‍ക്കുന്നത്. മുക്കത്ത് പൊലീസ് രാജാണ് നടപ്പിലാക്കിയിരിക്കുന്നത്-അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെക്കുറിച്ച് 24 കേരളയോടു പ്രതികരിക്കാന്‍ കോഴിക്കോട് ജില്ലാ കളകടര്‍ യു.വി.ജോസ് തയ്യാറായില്ല. മന്ത്രി നേരിട്ട് ഇടപെട്ട പ്രശ്നമാണിത്. അതുകൊണ്ട് തന്നെ ഈ കാര്യത്തില്‍ കളക്ടര്‍ പ്രതികരിക്കില്ലെന്ന് കളക്ടറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ സര്‍വകക്ഷിയോഗത്തിലേയ്ക്ക് സമരസമിതി നേതാക്കള്‍ക്ക് ക്ഷണം ലഭിക്കുമെന്നും അതിനുള്ള നടപടികള്‍ ചെയ്തുവരികയാണെന്നും അവര്‍ പറഞ്ഞു.

അതേ സമയം മലപ്പുറത്ത് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ യോഗം തിങ്കളാഴ്ച വിളിച്ചു കൂട്ടിയിട്ടുണ്ട്. പൈപ്പ് ലൈന്‍ പദ്ധതി മലപ്പുറം വഴി കടന്നു പോകുന്നതിനാലാണ് മലപ്പുറത്തെ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തത്.  ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട മുക്കത്തെ സംഘര്‍ഷം കൈവിട്ടു പോകുന്നു എന്ന തിരിച്ചറിവില്‍  ഭരണ സംവിധാനം ത്വരിതഗതിയിലാണ് നീങ്ങുന്നത്. സിപിഎമ്മിന് വിശ്വസ്തനായ മന്ത്രി എ.സി.മൊയ്തീനെ തന്നെ ചുമതലയേല്‍പ്പിച്ചതും അതുകൊണ്ടാണ്. കാര്യങ്ങളുടെ ഗൗരവം സമരസമിതിക്കും ബോധ്യമുണ്ട്. നഷ്ടപരിഹാരം കിട്ടിയാല്‍ സമരം അവസാനിപ്പിക്കാം എന്ന തീരുമാനം സമരസമിതിക്കുള്ളില്‍ നിന്നും വരുന്നുണ്ട്. അതുകൊണ്ട് തന്നെ വരും ദിനങ്ങള്‍ മുക്കത്തെ സംഘര്‍ഷാവസ്ഥയ്ക്ക് അന്ത്യം കുറിക്കാനാണ് സാധ്യത. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി കടന്നുപോകുന്ന ഇടങ്ങള്‍ ഇനി സര്‍ക്കാരിന്റെ സത്വര ശ്രദ്ധയ്ക്ക് വിഷയീഭവിക്കുകയും ചെയ്യും.