തോമസ് ചാണ്ടിക്കെതിരായ കോടതി ഉത്തരവ്; പ്രതികരിക്കാതെ മുഖ്യമന്ത്രി

0
57

തിരുവനന്തപുരം: ഭൂമികൈയേറ്റ കേസില്‍ കുറ്റാരോപിതനായ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ കോടതി ഉത്തരവിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചില്ല. ഭൂമികൈയേറ്റ കേസില്‍ ആരോപണവിധേയനായ തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന നടത്താന്‍ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.

ജനതാദള്‍-എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി സുഭാഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് മാര്‍ത്താണ്ഡം കായല്‍ നികത്തി റോഡ് നിര്‍മ്മിച്ചുവെന്നാണ് ആരോപണം. ഇതിനാല്‍ 65 ലക്ഷം രൂപയുടെ നഷ്ടം സര്‍ക്കാരിന് സംഭവിച്ചുവെന്നാണ് പരാതി.

എന്നാല്‍ മന്ത്രി കായല്‍ നികത്തി റോഡ് നിര്‍മിച്ചില്ലെന്നും ചെറിയ ബണ്ട് മാത്രമാണ് പരാതിക്കാരന്‍ സൂചിപ്പിക്കുന്ന സ്ഥലത്തുണ്ടായിരുന്നതെന്നുമാണ് സര്‍ക്കാരിന്റെ വാദം. ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ആറോളം പേര്‍ നല്‍കിയ പരാതി പരിശോധിച്ച് വരികയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ വാദങ്ങളൊന്നും അംഗീകരിക്കാതെ കോടതി ത്വരിത പരിശോധനയ്ക്ക് കോടതി ഉത്തരവിടുകയായിരുന്നു.