തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധന

0
40

കോട്ടയം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട പരാതിയില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് ത്വരിതപരിശോധന. കോട്ടയം വിജിലന്‍സ് കോടതിയാണ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടത്.

നിലം നികത്തി റോഡ് നിര്‍മിച്ചെന്ന് ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശിയായ അഭിഭാഷകന്‍ സുഭാഷ് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചിരുന്നു. സര്‍ക്കാരിന്റെ ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടത്.

ആലപ്പുഴ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് അടക്കമുള്ള നിര്‍ണായക രേഖകള്‍ പരാതിക്കാരനായ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഗുരുതര ആരോപണങ്ങളാണ് മന്ത്രിക്ക് നേരെ ഉയര്‍ന്നതെന്നും, ക്രമക്കേടുകള്‍ നടന്നതായി കളക്ടറുടെ റിപ്പോര്‍ട്ടില്‍ തന്നെ സൂചനകളുണ്ടെന്നും കോടതി വ്യക്തമാക്കി.