പാറ്റ്ന: ബിഹാറില്‍ കാര്‍ത്തിക പൂര്‍ണിമ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മൂന്നുപേര്‍ മരിച്ചു. അപകടത്തില്‍ 10-ത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ ബെഗുസരയ് ജില്ലയിലാണ് സംഭവം.
ആഘോഷത്തിന്റെ ഭാഗമായി സിമരിയ സ്നാനഘട്ടില്‍ ഭക്തര്‍ കൂട്ടത്തോടെ മുങ്ങിനിവരാന്‍ എത്തിയപ്പോഴായിരുന്നു അപകടം. മൂന്ന് സ്ത്രീകളാണ് അപകടത്തില്‍ മരിച്ചത്. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആള്‍ക്കൂട്ടത്തിനിടയില്‍ പ്രചരിച്ച കിംവദന്തിയാണ് അപകട കാരണമെന്നാണ് പൊലിസ് നല്കുന്ന വിവരം. അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.