രഞ്ജി ട്രോഫി; കേരളത്തിന് മൂന്നാം വിജയം

0
56

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വീണ്ടും വിജയം. തുമ്പയില്‍ നടന്ന മല്‍സരത്തില്‍ ജമ്മുകാശ്മീരിനെ 158 റണ്‍സിനാണ് ആതിഥേയരായ കേരളം തോല്‍പിച്ചത്. ഈ സീസണില്‍ കേരളത്തിന്റെ മൂന്നാമത്തെ വിജയമാണിത്. ഇതോടെ കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യത ഏകദേശം ഉറപ്പായി.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സോടു കൂടി അവസാനദിനം ബാറ്റിങ് ആരംഭിച്ച ജമ്മുവിന് 23 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായി. 238 റണ്‍സ് വിജയലക്ഷ്യവുമായിയെത്തിയ ജമ്മുകാശ്മീരിന്റെ എല്ലാ ബാറ്റ്‌സ്മാന്‍മാരെയും 79 റണ്‍സിനുള്ളില്‍ കേരളം തിരിച്ചയച്ചു.

അഞ്ച് വിക്കറ്റ് നേടിയ അക്ഷയ് കെ.സിയാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ തന്നെ അക്ഷയ് 4 വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ സഞ്ജു സാംസണും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ച്വറി കുറിച്ച രോഹന്‍ പ്രേമിന്റെയും ബാറ്റിങാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ മുതല്‍ക്കൂട്ടായത്. നേരത്തെ ജാര്‍ഖണ്ഡിനെയും രാജസ്ഥാനെയും കേരളം തോല്‍പിച്ചിരുന്നു.