രഞ്ജി ട്രോഫി മത്സരത്തിനിടെ മൈതാനത്തേയ്ക്ക് കാര്‍ ഓടിച്ചുകയറ്റി; അമ്പരന്ന് ഗംഭീറും ഇഷാന്തും

0
36

ന്യൂഡല്‍ഹി: ഡല്‍ഹിയും ഉത്തര്‍ പ്രദേശും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം നടക്കുന്ന മൈതാന മധ്യത്തിലേയ്ക്ക് കാര്‍ ഓടിച്ചുകയറ്റി യുവാവിന്റെ അഭ്യാസം. ഡല്‍ഹി സ്വദേശിയായ ഗിരീഷ് ശര്‍മയാണ് മത്സരം നടന്നുകൊണ്ടിരിക്കെ പിച്ചിലേയ്ക്ക് കാര്‍ ഓടിച്ചുകയറ്റിയത്. വെള്ളിയാഴ്ച വൈകീട്ട് 4.45നായിരുന്നു സംഭവം.

ഇഷാന്ത് ശര്‍മ, ഗൗതം ഗംഭീര്‍, സുരേഷ് റെയ്‌ന തുടങ്ങിയ അന്താരാഷ്ട്ര താരങ്ങള്‍ പങ്കെടുക്കുന്ന മത്സരമായിരുന്നു ഇത്. യുവാവിന്റെ അഭ്യാസം കണ്ട് കളിക്കാര്‍ പകച്ചുപോയി. വേഗത്തില്‍ വന്ന കാറിനുമുന്നില്‍ നിന്ന് ഗൗതം ഗംഭീര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മൈതാനത്തേയ്ക്കുള്ള പ്രവേശന കവാടത്തില്‍ സുരക്ഷാ ജീവനക്കാര്‍ ഇല്ലാതിരുന്നപ്പോഴാണ് ഗിരീഷ് ശര്‍മ തന്റെ വാഗണ്‍ ആര്‍ കാര്‍ മൈതാനത്തേയ്ക്ക് ഓടിച്ചുകയറ്റിയത്.

ഇതിനേത്തുടര്‍ന്ന് പ്രവേശന കവാടം അടച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗിരീഷ് ശര്‍മയെ പിടികൂടി. പിന്നീട് ഇയാളെ പോലീസിന് കൈമാറി. കളിക്കാരെ പരിചയപ്പെടാനാണ് വണ്ടി ഒാടിച്ചുകയറ്റിയതെന്നാണ് ഇയാള്‍ പറയുന്നത്.