ലാസ്റ്റ് ഗ്രേഡ് പരീക്ഷ രണ്ടു ഘട്ടങ്ങളായി നടത്താന്‍ പി.എസ്.സി തീരുമാനം

0
104

തിരുവനന്തപുരം: വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് പരീക്ഷ ജനുവരിയില്‍ രണ്ടുഘട്ടമായി നടത്താന്‍ പി.എസ്.സി. ആലോചിക്കുന്നു. ജനുവരി ആറ്, 13 തീയതികളാണ് ഇതിനായി കണ്ടുവെച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളുടെത് ആദ്യവും തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നിവയുടെത് രണ്ടാമതും നടത്താനാണ് തീരുമാനം.

നിയമപരമായ പ്രതിസന്ധിയുണ്ടെങ്കില്‍ പരീക്ഷാത്തീയതി മാറ്റിവെക്കും. ഈയാഴ്ചതന്നെ അന്തിമതീരുമാനം കൈക്കൊണ്ട് തീയതി പ്രഖ്യാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അപേക്ഷകര്‍ കുറവായതിനാല്‍ 14 ജില്ലകള്‍ക്കുള്ള പരീക്ഷ ഒറ്റദിവസം നടത്തുന്നതിന് നേരത്തേ കമ്മിഷന്‍ ആലോചിച്ചിരുന്നു. അത് പ്രായോഗികബുദ്ധിമുട്ടുണ്ടാക്കുമെന്നു കണ്ടാണ് രണ്ടു ദിവസങ്ങളിലാക്കാന്‍ ധാരണയായത്.

ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് 14 ജില്ലകളിലുമായി 8,54,811 അപേക്ഷകരാണുള്ളത്. കഴിഞ്ഞ വിജ്ഞാപനത്തിന് 13.10 ലക്ഷം അപേക്ഷകരാണുണ്ടായിരുന്നത്. ബിരുദധാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതാണ് ഇത്തവണ അപേക്ഷകരില്‍ വന്‍ കുറവുണ്ടാകാന്‍ കാരണം.