തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണത്തിനില്ലെന്ന് തോമസ് ചാണ്ടിയുടെ ഓഫീസ്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും മന്ത്രിയുടെ ഓഫീസ് പറഞ്ഞു.
മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തിയെന്നാരോപിച്ച് ആലപ്പുഴ സ്വദേശിയായ സുഭാഷ് എം.തീക്കാടനാണ് മന്ത്രി തോമസ് ചാണ്ടി, ആലപ്പുഴ കലക്ടര്‍ (2010-12), വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി ചെയര്മാന്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ (2010-11) തുടങ്ങിയവര്‍ക്കെതിരെ പരാതി നല്‍കിയത്. തോമസ് ചാണ്ടി എംഎല്‍എ ആയിരിക്കെ ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്ത് ഉദ്യോഗസ്ഥരെ അന്യായമായി സ്വാധീനിച്ച് ഗൂഢാലോചന നടത്തി അഴിമതി നടത്തിയെന്നാണ് പരാതി.
എംപിമാരായ പി.ജെ.കുര്യന്, കെ.ഇ.ഇസ്മായില്‍ എന്നിവരുടെ ഫണ്ട് ഉപയോഗിച്ച് ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മ്മിച്ചത് അഴിമതിയും ചട്ടലംഘനവും ആണെന്നായിരുന്നു പരാതി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേതടക്കം ഏഴോളം പരാതികള്‍ മന്ത്രിക്കെതിരെയുണ്ടെന്നും ഇവയില്‍ അന്വേഷണം വേണമോയെന്ന കാര്യം എജിയുടെ നിയമോപദേശം കിട്ടിയ ശേഷം തീരുമാനിക്കാം എന്നുമായിരുന്നു വിജിലന്‍സ് അഭിഭാഷകന് കോടതിയെ അറിയിച്ചത്. ഈ ഘട്ടത്തില്‍ ആലപ്പുഴ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് അടക്കമുള്ള നിര്‍ണായക രേഖകള്‍ പരാതിക്കാരന് കോടതിയില്‍ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.
വളരെ ഗുരുതരമായ ആരോപണങ്ങളാണ് മന്ത്രിക്ക് നേരെ ഉയര്‍ന്നതെന്നും, കലക്ടറുടെ റിപ്പോര്‍ട്ടില്‍ തന്നെ ക്രമക്കേടുകള്‍ നടന്നതായി സൂചനകളുണ്ടെന്നും കോടതി നിരീക്ഷിച്ചു. വലിയകുളം റോഡ് ജട്ടിയില്‍ ലേക്ക് പാലസ് റിസോര്‍ട്ടും ആറ് കുടുംബങ്ങളും മാത്രമാണ് താമസക്കാരായി ഉള്ളതെന്ന് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്രയും ആളുകള്‍ വേണ്ടിയാണ് പാടത്തിന് നടുവിലൂടെ റോഡ് നിര്‍മ്മിച്ചത്. ഇതിനായി രണ്ട് എംപിമാരുടെ ഫണ്ട് വിനിയോഗിച്ചതും വിവാദമായിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് അന്വേഷണം നീട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ അഭിഭാഷകന് ശ്രമിച്ചതെന്നും ഇത് കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തിയതോടെയാണ് ത്വരിതാന്വേഷണത്തിന് ഉത്തരവുണ്ടായതെന്നും പരാതിക്കാരനായ അഭിഭാഷകന് സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു. തോമസ് ചാണ്ടിക്കെതിരെ കൊടുക്കുന്ന പരാതികളെല്ലാം വിവിധ ഓഫീസുകള്‍ തുടര്‍നടപടി സ്വീകരിക്കാതെ പിടിച്ചു വയ്ക്കുകയോ പൂഴത്തിവയ്ക്കുകയോ ചെയ്തിരിക്കുകയാണെന്നും സുഭാഷ് ആരോപിക്കുന്നു.