സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

0
34

ഇൻഡോർ : സിസ്റ്റർ റാണി മരിയയെ ഇന്ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഇന്തോര്‍ സെയ്ന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിനു സമീപത്തെ സെയ്ന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 10 മണിയോടെയാണ് പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചത്.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു വനിതാ രക്തസാക്ഷി വാഴ്ത്തപ്പെടുന്നത്. കഴിഞ്ഞ മാര്‍ച്ച് 23-ന് വത്തിക്കാന്‍ ഇത് അംഗീകരിച്ചെങ്കിലും പ്രഖ്യാപനം വരുന്നത് ഇപ്പോഴാണ്. കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു പ്രഖ്യാപനം.

സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്പന ലത്തീന്‍ ഭാഷയിലും ഇംഗ്ലീഷിലും ഹിന്ദിയില്‍ പരിഭാഷപ്പെടുത്തിയും വായിച്ചു. അള്‍ത്താരയിലേക്കു വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ ശില്പം, തിരുശേഷിപ്പ്, ഛായാചിത്രം എന്നിവയേന്തിയുള്ള  പ്രദക്ഷിണവും നടത്തി.

അഞ്ച് കർദിനാൾമാർ, അൻപതോളം മെത്രാന്മാർ, വൈദികർ സന്യസ്തർ, വിശ്വാസികൾ ഉൾപ്പെടെ പതിനയ്യായിരത്തോളം പേരാണ്
ദിവ്യബലിയിൽ പങ്കെടുത്തത്.

എറണാകുളം അങ്കമാലി അതിരൂപതയിലെ പുല്ലുവഴി ഇടവകാംഗമാണ് സിസ്റ്റര്‍ റാണി മരിയ. സാധാരണക്കാര്‍ക്ക് തൊഴിലും വരുമാനവും വിദ്യാഭ്യാസവും നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സിസ്റ്റര്‍ ബിജ്‌നോര്‍, സത്‌ന, ഇൻഡോർ രൂപതകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1995 ഫെബ്രുവരി 25-ന് ആണ് സമന്ദര്‍ സിങ് എന്ന വാടകക്കൊലയാളി സിസ്റ്റര്‍ റാണി മരിയയെ കൊലപ്പെടുത്തുന്നത്.