ഹിന്ദുമഹാസഭാ നേതാവിന് കമല്‍ഹാസന്റെ മറുപടി

0
48

ചെന്നൈ: കമല്‍ഹാസനെ വെടിവച്ചു കൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണമെന്ന അഖില ഭാരതീയ ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റ് അശോക് ശര്‍മയുടെ വിവാദ പ്രസ്താവനയ്ക്ക് കമല്‍ഹാസന്റെ മറുപടി. ജയിലില്‍ സ്ഥലമില്ലാത്തത് കൊണ്ടാണോ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെടുന്നതെന്ന് കമല്‍ ചോദിച്ചു. അവരെ ചോദ്യം ചെയ്താല്‍ നമ്മളെ അവര്‍ ദേശവിരുദ്ധരെന്ന് മുദ്രകുത്തി ജയിലിലടക്കും. ചിലര്‍ക്ക് വിമര്‍ശനങ്ങളെ ഭയമാണെന്ന് അതാണ് ഇത്തരം ആളുകള്‍ ഭീഷണിയുമായി രംഗത്തെത്താന്‍ കാരണമെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഹിന്ദു തീവ്രവാദം ഉണ്ടെന്ന് പറഞ്ഞതിനാണ് കമല്‍ഹാസനെതിരെ് അശോക് ശര്‍മ വിവാദ പ്രസ്താവന ഇറക്കിയത്. കമലിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്നവരോടും ഇതു തന്നെ ചെയ്താലേ അവര്‍ പാഠം പഠിക്കുകയുള്ളൂ. ഹിന്ദു വിശ്വാസികള്‍ക്കെതിരെ മോശം വാക്കുകള്‍ പ്രയോഗിക്കുന്നവര്‍ക്ക് രാജ്യത്തു ജീവിച്ചിരിക്കാന്‍ അവകാശമില്ലെന്നും അശോക് ശര്‍മ മീററ്റില്‍ പറഞ്ഞു.

കൂടാതെ, കമല്‍ഹാസന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നും നടനെയും കുടുംബത്തെയും ഒറ്റപ്പെടുത്തണമെന്നും ഹിന്ദുമഹാസഭ മീററ്റ് യൂണിറ്റ് അധ്യക്ഷനായ അഭിഷേക് അഗര്‍വാള്‍ പറഞ്ഞു.

അതേസമയം അശോക് ശര്‍മയുടെ പരാമര്‍ശം വിവാദമായതോടെ കമലിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. അഭിനേതാക്കളായ അരവിന്ദ് സ്വാമി, പ്രകാശ് രാജ് എന്നിവര്‍ക്ക് പുറമെ കേരള മുഖ്യമന്ത്രി പിണറായി വിജയനും കമലിനെ പിന്തുണച്ച് രംഗത്ത് വന്നു.