കെ.ശ്രീജിത്ത്
മന്ത്രി തോമസ് ചാണ്ടി നിലം നികത്തി റോഡ് നിര്‍മിച്ചെന്ന പരാതിയില്‍ ത്വരിതാന്വേഷണം നടത്താന്‍ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നു. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ തോമസ് ചാണ്ടിയ്ക്കെതിരായി ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറല്ലെന്നും വേണമെങ്കില്‍ ഇനിയും നിലം നികത്തുമെന്നുമുള്ള ധിക്കാരപരമായ നിലപാടാണ് തോമസ് ചാണ്ടി സ്വീകരിച്ചിട്ടുള്ളത്. ചുരുങ്ങിയ ഭാഷയില്‍ പറഞ്ഞാല്‍ ഇത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്. അതുകൊണ്ട് മിസ്റ്റര്‍ തോമസ് ചാണ്ടി, നിങ്ങള്‍ കടിച്ചുതൂങ്ങരുത്.
ഇടതുമുന്നണിയിലെ പ്രധാനപ്പെട്ട ഘടകകക്ഷിയായ സിപിഐയ്ക്ക് തോമസ് ചാണ്ടിയുടെ നിലപാടില്‍ കടുത്ത അതൃപ്തിയാണുള്ളത്. പുതിയ സാഹചര്യത്തില്‍ സിപിഎമ്മിലെ നല്ലൊരു വിഭാഗത്തിനും സിപിഐയുടെ അതേ അഭിപ്രായമാണുള്ളത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മാത്രം പിന്തുണയുടെ ബലത്തിലാണ് തോമസ് ചാണ്ടി തുടരുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. പിണറായി അത്തരമൊരു നിലപാടില്‍ നില്ക്കുമ്പോള് കോടിയേരിയ്ക്കും വിഭിന്നമായ ഒരു അഭിപ്രായം ഉണ്ടാകാന്‍ സാധ്യതയില്ല എന്നതാണ് സമീപകാല സിപിഎം രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ക്ക് മനസിലാക്കാനാവുക.
നേരത്തെ ഇപി ജയരാജനെതിരെ ബന്ധുനിയമന ആരോപണം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി അദ്ദേഹത്തെ കൈവിടുകയും ജയരാജന് രാജിവെയ്ക്കേണ്ടി വരികയും ചെയ്തിരുന്നു. അതേ നിലപാട് ഇക്കാര്യത്തില്‍ പിണറായി സ്വീകരിക്കുന്നില്ല എന്നത് നിര്‍ഭാഗ്യകരമാണ്. പ്രത്യേകിച്ചും ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയുക്തയായ ജില്ലാ കളക്ടര്‍ ടി.വി.അനുപമയുടെ വ്യക്തമായ പരാമര്‍ശങ്ങളുള്ള ഇടക്കാല റിപ്പോര്‍ട്ട് മുന്നിലുള്ളപ്പോള്‍. തന്നെ ഏല്പിച്ച ജോലി ആ ഉദ്യോഗസ്ഥ ചെയ്ത് തീര്‍ന്നപ്പോഴും അതിനെ സംശയത്തോടെ വീക്ഷിക്കുന്നു എന്ന ധ്വനിയാണ് ആ റിപ്പോര്‍ട്ട് കണക്കിലെടുക്കാത്തതിലൂടെ സര്‍ക്കാര്‍ പൊതുസമൂഹത്തിന് നല്‍കുന്നത്.
കൈയേറ്റങ്ങളോടും അഴിമതിയോടുമുള്ള ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. തങ്ങള്‍ക്ക് രക്ഷിക്കണമെന്ന് തോന്നുന്നവരോട് മൃദുല സമീപനം കൈക്കൊള്ളുമ്പോള്‍ ഇടത് ധാര്‍മികതയും അഴിമതി വിരുദ്ധതയും വലിയ തോതില്‍ സംശയത്തിന്റെ നിഴലിലാവുന്നു. അഴിമതിയോട് പൊതുവായ സമീപനമല്ല കമ്യൂണിസ്റ്റുകാര്ക്കുള്ളതെന്നും വ്യക്തികള്‍ക്കനുസരിച്ച് അത് മാറിക്കൊണ്ടിരിക്കുന്നുവെന്നുമുള്ള കാലങ്ങളായുള്ള ആരോപണത്തെ ഉറപ്പിക്കാന്‍ മാത്രമെ തോമസ് ചാണ്ടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയെടുത്തിട്ടുള്ള നിലപാട് സഹായിക്കുകയുള്ളൂ. ദേശീയതലത്തില്‍ കോര്‍പ്പറേറ്റുകളുടെ അഴിമതിയെ നിശിതമായി വിമര്‍ശിക്കുന്ന മുഖ്യധാരാ ഇടതുപക്ഷം മന്ത്രിസഭയിലെ കോര്‍പ്പറേറ്റിന്റെ കാര്യം വരുമ്പോള്‍ റിപ്പോര്ട്ടിനുമീതെ റിപ്പോര്‍ട്ടും നിയമോപദേശത്തിനുമീതെ നിയമോപദേശവും തേടുന്നത് അപഹാസ്യമാണ്. അതുകൊണ്ട് തോമസ് ചാണ്ടി രാജിവെയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം.
ആരോപണം തെറ്റാണെന്ന് കോടതി കണ്ടെത്തിയാല്‍ അദ്ദേഹത്തിന് മന്ത്രിസഭയില്‍ തിരിച്ചെത്താവുന്നതേയുള്ളൂ. അതിനുപകരം ഇങ്ങിനെ കടിച്ചുതൂങ്ങുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ മൊത്തത്തില്‍ മോശമാക്കുകയേയുള്ളൂ. ദിവസം കഴിയും തോറും ആഘാതത്തിന്റെ ശക്തി കൂടുകയാണെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും തിരിച്ചറിയണം. ഇപ്പോള്‍ തന്നെ അത് വീണ്ടെടുക്കാനാവാത്ത വിധം വര്‍ദ്ധിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും സംരക്ഷിക്കാന്‍ കഴിയുന്നതിന്റെ പരിധി വിടുന്നതുവരെ തോമസ് ചാണ്ടി കാത്തിരുന്നാല്‍ ഇടതുപക്ഷ സര്‍ക്കാരില്‍ പൊതുസമൂഹത്തിനുള്ള വിശ്വാസം പൂര്‍ണമായും നഷ്ടപ്പെടുന്നതിലായിരിക്കും അത് കലാശിക്കുക.