ലാവ്‌ലിന്‍ കേസ്; സിബിഐ സുപ്രീംകോടതിയെ സമീപിക്കും

0
29

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കും. നവംബര്‍ 20നകം അപ്പീല്‍ നല്‍കും. കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നേരത്തെയും സുപ്രീംകോടതി ഹര്‍ജി നര്‍കിയിരുന്നു. എന്നാല്‍ കേസില്‍ അപ്പീല്‍ നല്‍കുന്ന കാര്യം സിബിഐ അറിയിച്ചിരുന്നില്ല.

കേസില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച മുന്‍ കെഎസ്ഇബി ഉദ്യോഗസ്ഥരായ ആര്‍ ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവരുടെ ഹര്‍ജികളാണ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഇതിനിടെയാണ് പിണറായിക്കെതിരെ സിബിഐയുടെ നീക്കം. പിണറായിയെ കൂടാതെ ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയന്റ് സെക്രട്ടറി ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതിനേയും സിബിഐ ചോദ്യം ചെയ്യും.

ഭരണതലത്തില്‍ നിന്നുള്ള ഉത്തരവില്ലാതെ ഉദ്യോഗസ്ഥര്‍ക്ക് ലാവ്ലിന്‍ കരാറുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ കഴിയില്ല. പ്രതികള്‍ക്ക് കൂട്ടുത്തരവാദിത്വമുണ്ടെന്നും മൂന്നുപേരെ മാത്രം വിചാരണ ചെയ്യാന്‍ സാധിക്കില്ലെന്നും സിബിഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.