വന്‍ശക്തികള്‍ നിലവില്‍വരുന്നതും തകര്‍ന്നടിയുന്നതും നിരന്തരമുള്ള ദീര്‍ഘകാല രാഷ്ടീയ, സാമൂഹ്യ, സാമ്പത്തിക പരിണാമ പ്രക്രിയയിലൂടെയാണ്. പ്രാചീന വന്‍ശക്തികളുടെ ആവിര്‍ഭാവം ഒരു വലിയ കാര്‍ഷിക മിച്ചം ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ ആയിരുന്നിരിക്കണം. കാര്‍ഷിക മിച്ചം വലിയ ജനസംഖ്യയെയും അതിലൂടെ വലിയ ഒരു സൈന്യത്തെ നിലനിര്‍ത്താനുമുള്ള അവസരം ചില രാജ്യങ്ങള്‍ക്കു നല്കി. അവര്‍ സൈനിക ശക്തിയിലൂടെ സമീപപ്രദേശത്തെ വരുതിയിലാക്കി മഹാ രാജ്യങ്ങളുടെ പദവി നേടിയെടുത്തിരിക്കാം. നീണ്ടുനില്‍ക്കുന്ന യുദ്ധങ്ങളും കാലാവസ്ഥാ വ്യതിയാനം പോലെ മനുഷ്യ നിയന്ത്രണത്തിന് മുകളിലുള്ള പ്രതിഭാസങ്ങളും വന്‍ശക്തികളുടെ ആവിര്‍ഭാവത്തിനും തകര്ന്നാടിയലിനും കാരണമായിട്ടുണ്ട്. നാഗരികതയുടെ ആദ്യകാലങ്ങളില്‍ ഉണ്ടായ 4.2 കിലോ ഇയര്‍ ഇവന്റ് (4.2 KILO YEAR E-VENT) അത്തരം ഒരു പ്രതിഭാസമായിരുന്നു. ഈ കാലാവസ്ഥാ വ്യതിയാന പ്രതിഭാസം അന്നത്തെ പ്രമുഖ നാഗരികതകളായിരുന്ന, സൈന്ധവ, സുമേറിയന്‍, ഈജിപ്ഷ്യന്‍ നാഗരികതകളെ ശരിക്കും ഉലച്ചുകളഞ്ഞു.
സമ്പല്സമൃദ്ധമായ പുരാതന ഈജിപ്ത് ഒന്നാം ഇടക്കാല കാലഘട്ടം എന്ന അവ്യവസ്ഥയിലേക്കു കൂപ്പുകുത്തിയ വിശദ വിവരണങ്ങള്‍ ഈജിപ്തില്‍ കല്ലിലും പാപ്പിറസിലും രേഖപ്പെടുത്തിയിട്ടുണ്ട്. 4.2 കിലോ ഇയര്‍ ഇവന്റ് ഇല്നിന്നും കരകയറിയ നാഗരികതകള്‍ പിന്നീട് ആയിരം വര്‍ഷത്തിന് ശേഷം ”വെങ്കല യുഗ തകര്‍ന്നടിയലില്‍” (Bronze Age Collapse) വീണ്ടും തകര്‍ന്നു. വെങ്കല യുഗ തകര്‍ന്നടി യല്‍ നിരന്തരമായ യുദ്ധങ്ങളും അതുമൂലമുണ്ടായ സാമൂഹ്യ അരക്ഷിതാവസ്ഥയും മൂലമായിരുന്നു വെങ്കിലും കൂനിന് മേല്‍ കുരു പോലെ കാലാവസ്ഥ വ്യതിയാനവും തകര്‍ച്ചക്ക് ആക്കം കൂട്ടി.
വെങ്കല യുഗ തകര്ന്നടിയലിന് ശേഷം ഭൂമിയിലെ മിക്ക നാഗരികതകളും മൂന്ന് നൂറ്റാണ്ടിലേറെക്കാലം ഇരുണ്ട കാലഘട്ടങ്ങളിലേക്ക് കൂപ്പുകുത്തി ബി സി ഇ 700-600 കാലഘട്ടത്തിലാണ് പിന്നീട് നാഗരികതകള്‍ ഉയര്‍ത്തെണീറ്റത്. പക്ഷെ ഉയര്‍ന്നു വന്ന നാഗരികതകള്‍ മുമ്പത്തേതിലും വിഭിന്നനമായ സവിശേഷതകള്‍ പേറുന്നവയായിരുന്നു. നാം ഇപ്പോള്‍ കാണുന്നതരത്തിലുള്ള വിശ്വാസങ്ങളും ശാസ്ത്രവും സാഹിത്യവും, കലകളും എല്ലാം ഏറെക്കുറെ വെങ്കലയുഗ തകര്‍ന്ന് അടിയലിനു ശേഷം പുനര്‍ ആവിര്‍ഭവിച്ച സംസ്കാരങ്ങളുടെ സംഭാവനയാണ്.
പുരാതന കാല സംഭവങ്ങളുടെ പരിഷ്കരിച്ച പുനരാഖ്യാനമാണ് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഉണ്ടായിട്ടുള്ളത്. മുന്‍പേയുള്ള കാരണങ്ങളെക്കൂടാതെ സാങ്കേതികവിദ്യകളിലെ നൈപുണ്യവും കഴിഞ്ഞ നൂറ്റാണ്ടുകളില്‍ വന്‍ശക്തികളെ തീരുമാനിക്കുന്ന മാനദണ്ഡമായി. പതിനേഴാം നൂറ്റാണ്ടുവരെ ചരിത്ര രേഖകളില്‍ പോലും ഇടം പിടിക്കാതിരുന്ന ഗ്രേറ്റ് ബ്രിട്ടന് എന്ന ചെറു രാജ്യം വന്‍ ശക്തികളുടെ പട്ടികയിലേക്കുതയാര്ന്നത് വ്യാവസായിക വിപ്ലവത്തിലൂടെ ആര്‍ജിച്ച പുതിയ സാങ്കേതിക വിദ്യകളുടെ കളുടെ കുടിലമായ ഉപയോഗത്തിലൂടെ ആയിരുന്നു. ഏഷ്യയില്‍ ചെറിയതോതില്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന തോക്കുകളും മറ്റു ആധുനിക യുദ്ധോപകരണങ്ങളും അവര്‍ വന്‍തോതില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിച്ചു.
ആധുനിക ആയുധങ്ങള്‍ പേറുന്ന ചെറു ബ്രിട്ടീഷ് സേന വ്യൂഹങ്ങള്‍ക്കു അവരെക്കാള്‍ പലമടങ്ങു വരുന്ന സൈന്യങ്ങളെ കീഴ്പ്പെടുത്താനായി. വ്യാപാരത്തിന്റെ നൂതനവും നിര്ദയവുമായ തത്വങ്ങള്‍ കൂടിച്ചേര്‍ന്നപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി. ഒരു ആഗോള വന്‍ശക്തിയായി. ബ്രിടീഷ് തത്വങ്ങള്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളും പയറ്റി ബ്രിട്ടനോളമെത്തിയില്ലെങ്കിലും ഫ്രാന്‍സും ജര്‍മനിയും ഇറ്റലിയുമെല്ലാം കോളനിവാഴ്ചയിലൂടെ സമ്പന്നമായ ബ്രിഹദ് സാമ്രാജ്യങ്ങള്‍ ആയി. യൂറോപ്പിലെ ഒരു ചെറുരാജ്യമായ ബെല്‍ജിയം പോലും ഒരു വലിയ കൊളോണിയല്‍ യജമാനന് ആയി എന്നത് ചരിത്രത്തിലെ ഒരു വിചിത്രമെങ്കിലും അതിശയകരമായ ഒരു സംഭവമാണ്.
യു എസ് ഇന്റെ വന്‍ ശക്തി പദത്തിലേക്കുള്ള വരവ് തികച്ചും വ്യത്യസ്തമായ പാതയിലൂടെയായിരുന്നു. വ്യവസായവല്‍ക്കരണവും. വന്‍തോതിലുള്ള പ്രകൃതി വിഭവങ്ങളുടെ ലഭ്യതയുമാണ് അവരുടെ വന്‍ശക്തിപദത്തിലേക്കുള്ള കുതിപ്പിന് തുണയായത്. കുടിയേറ്റത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബൗദ്ധിക സമ്പത്ത് എത്തിയതും അവര്‍ക്കു തുണയായി. സോവിയറ്റ് യൂണിയന് ആകട്ടെ അത്തരം ഒരു കുതിപ്പിലൂടെയല്ല മറിച്ച് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുളള ശാക്തിക സന്തുലനത്തിലെ മാറ്റങ്ങളിലൂടെയാണ് മഹാശക്തിപദം കരസ്ഥമാക്കുന്നത്. അണ്വായുധങ്ങളുടെ വരവുംസോവിയറ്റ് യൂണിയനെ തുണച്ചു. അണ്വായുധങ്ങള്‍ ഇല്ലാത്ത സോവിയറ്റ് യൂണിയന് ഒരു മഹാശക്തിയാണോ എന്ന കാര്യം സംശയമാണ്. സോവിയറ്റ് യൂണിയന്റെ മഹാശക്തി പദത്തിലേക്കുള്ള കയറ്റവും ഗ്രേറ്റ് ബ്രിട്ടന്റെ മഹാശക്തി പദത്തില്‍നിന്നുള്ള ഇറക്കവും ഒരുമിച്ചായിരുന്നു എന്ന് പറയാം.
ഏറ്റവും അടുത്തകാലത്തായി ശാക്തിക പുനര്‍നിര്‍ണയം ഉണ്ടായത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ്. ജയിച്ചവര്‍ സ്വയം മഹാശക്തികളായി പ്രഖ്യാപിച്ചു. യു എന്‍ സുരക്ഷാ സമിതിയില്‍ സ്ഥിരാന്ഗത്വം നേടിയെടുത്ത് തങ്ങളുടെ കോയ്മ ഉറപ്പിച്ചു. അന്നത്തെ അഞ്ചു മഹാശക്തികളായ യു എസ്, സോവിയറ്റ് യൂണിയന്, ഫ്രാന്‍സ്, ബ്രിട്ടന്, ചൈന എന്നിവയില്‍ യു എസ് ഉം സോവിയറ്റ് യൂണിയനും മാത്രമായിരുന്നു ശരിക്കുള്ള മഹാശക്തികള്‍ ബ്രിട്ടനെയോ ഫ്രാന്സിനെയോ ചൈനയേയോ ആരും പ്രായോഗിക മഹാശക്തികളായി അംഗീകരിച്ചിരുന്നില്ല. പിന്നീടുള്ള ദശകങ്ങളില്‍ നടന്ന സംഭവങ്ങള്‍ ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും അവശേഷിക്കുന്ന വന്‍ശക്തി തൊങ്ങലുകളെയും നീക്കം ചെയ്തു. ചൈനയുടെ വന്‍ശക്തി പദത്തിലുള്ള അവകാശവാദം ഓരോ ദശകം കഴിയുമ്പോഴും കൂടുതല്‍ ശക്തമായി. സോവിയറ്റ് യൂണിയന്റെ തകര്ന്നടിയലിലൂടെ എതിരാളി നഷ്ടമായ യു എസ് തൊണ്ണൂറുകളോടെ ലോകക്രമത്തിലെ ഏക വന്‍ശക്തിയായി.
തൊണ്ണൂറുകളിലെ യു എസ് അപ്രമാദിത്വം ഇപ്പോള്‍ നിലനില്ക്കുന്നില്ല എന്നുതന്നെ പറയാം. സൈനികമായി റഷ്യയും, സാമ്പത്തികമായി ചൈനയും അവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുണ്ട്. ഈ മൂന്നുപേര്‍ക്കും തൊട്ടു താഴെയാണ് ലോക ശാക്തിക അവലോകനത്തില്‍ ഇന്ത്യക്കുള്ള സ്ഥാനം. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ വലിപ്പം ഇപ്പോള്‍ 2.5 ട്രില്യണ്‍ ഡോളറാണ്. എണ്‍പതുകളുടെ ആദ്യകാലത്തിലെ യു എസ് സമ്പദ്വ്യവസ്ഥക്കു സമാനം. സൈനികമായും നാം ഒരു അവഗണിക്കാന്‍ ആവാത്ത ശക്തിയാണ്. ആഭ്യന്തര ഛിദ്ര ശക്തികളെ നിയന്ത്രിക്കാനായാല്‍ ”മഹാശക്തിപദം” നമുക്ക് രണ്ടോ മൂന്നോ ദശകങ്ങള്‍ മാത്രം അകലെയാണ്.