വാനാക്രൈ ആക്രമണം ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്ന മൊബൈലുകള്‍ക്കു നേരെ

0
42

ന്യൂഡല്‍ഹി: വാനക്രൈ ആക്രമണം വീണ്ടും. ഏഴു രാജ്യങ്ങളെ ആക്രമിക്കാനാണ് വാനക്രൈ റാന്‍സം വെയര്‍ പുറത്തിറക്കിയ ഭീകരര്‍ ഉന്നമിടുന്നതെന്നാണ് വിവരം. ഈ പട്ടികയില്‍ ഇന്ത്യയെയും ലക്ഷ്യം വെയ്ക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.

വിന്‍ഡോസ് ഉപകരണങ്ങള്‍ക്ക് പുറമെ, ആന്‍ഡ്രോയ്ഡ്, ലിനക്‌സ്, മാക് ഒഎസ് ഉപയോഗിക്കുന്ന ഉപകരണങ്ങളിലും ആക്രമണം ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹാക്കര്‍മാരുടെ ആക്രമണം കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം ഏറ്റെടുത്ത ശേഷം അത് വിട്ടുനല്‍കുന്നതിന് മോചനദ്രവ്യം ആവശ്യപ്പെടുന്ന രീതിയിലാണ്.

ആന്‍ഡ്രോയിഡ് മൊബൈല്‍ ഉപഭോക്താക്കളുടെ ഉപയോഗം ഇന്ത്യയില്‍ കൂടുതലാണ്. വാനക്രൈ മാല്‍വെയര്‍ സ്രഷ്ടാക്കള്‍ എത്തുന്നതും ഇവരെ ലക്ഷ്യമിട്ടാണ്. സാധാരണ നിലയില്‍ വിന്‍ഡോസ് കമ്പ്യൂട്ടറുകളെ മാത്രമാണ് റാന്‍സംവെയര്‍ ലക്ഷ്യം വയ്ക്കാറുള്ളത്.

എന്നാല്‍ ഈ വര്‍ഷം ആഗോള തലത്തില്‍ ഉപയോഗിക്കുന്ന മറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലും ആക്രമണം ഉണ്ടായേക്കാം എന്നാണ് മുന്നറിയിപ്പ്. ഹാക്കര്‍മാരെ ഇതിന് പ്രേരിപ്പിക്കുന്നത് ആന്‍ഡ്രോയിഡ് ഫോണുകള്‍ വഴി വളരെ എളുപ്പം പണമുണ്ടാക്കാന്‍ സാധിക്കും എന്ന തെറ്റിദ്ദരിപ്പിക്കലാണെന്ന് ഗവേഷകര്‍ പറയുന്നു.

ഡാറ്റ് എന്‍ക്രിപ്റ്റ് ചെയ്തുകൊണ്ട് ഫോണ്‍ ലോക്ക് ചെയ്യുക അല്ലെങ്കില്‍ ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യാതെ ഫോണ്‍ ലോക്ക് ചെയ്യുക എന്നിങ്ങനെ രണ്ട് രീതിയിലുള്ള ആന്‍ഡ്രോയിഡ് ആക്രമണങ്ങളാണ് ഉണ്ടാകുന്നത്.

ഗൂഗിള്‍ പ്ലേ സ്റ്റോറിന് പുറത്തുള്ള സൈറ്റുകളില്‍ നിന്നും ലഭ്യമായ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളിലാണ് റാന്‍സം വെയര്‍ കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ കൃത്യമായി ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

വാണ ക്രൈ എന്ന റാന്‍സം വെയര്‍ ആക്രമണം തടയാന്‍ കേരളാ പൊലീസിന്റെ സൈബര്‍ ഡോം മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.