വിദ്യാര്‍ത്ഥിനികളെ അധിക്ഷേപിച്ച് എസ്എഫ്‌ഐ; കാലടി സര്‍വകലാശാലയില്‍ വിവാദം

0
68

എം.ആര്‍.ആരതി

കാലടി: ലിംഗസമത്വത്തെപറ്റിയും സ്ത്രീസുരക്ഷയെപറ്റിയും സംസാരിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയില്‍ നിന്ന് തന്നെ സഹപാഠികള്‍ക്ക് ഭീഷണിയുയര്‍ത്തി കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സംഘടന. എസ്എഫ്‌ഐയുടെ ഗവേഷക സംഘടനയായ എകെആര്‍എസ്എയില്‍ നിന്നുമാണ് ഇത്തരം മോശമായ പെരുമാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നത്.

എകെആര്‍എസ്എയുടെ പോസ്റ്റര്‍ ഹോസ്റ്റലില്‍ നിന്നും എടുത്ത് മാറ്റി എന്നാരോപിച്ചാണ് പ്രശ്‌നം ആരംഭിക്കുന്നത്. ഒക്ടോബര്‍ 24ന് ഹോസ്റ്റലില്‍ കൂടിയ ജനറല്‍ബോഡി പ്രകാരം ‘യാതൊരു വിധ പോസ്റ്ററുകളോ നോട്ടീസോ നോട്ടീസ് ബോര്‍ഡില്‍ അല്ലാതെ മറ്റെവിടെയും പതിപ്പിക്കരുതെന്ന’ നിയമം നിലവിലുണ്ട്. ഇങ്ങനെ ഒരു നിയമം മിനുട്ട്‌സില്‍ രേഖപ്പെടുത്തിയ അടുത്ത ദിവസം തീയ്യതി കഴിഞ്ഞു പോയ ഒരു പോസ്റ്റര്‍ നീക്കം ചെയ്തു. ഇതിനെ തുടര്‍ന്ന് സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ അശ്ലീലം സംസാരിക്കുകയും ഗവേഷക വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ലഭിക്കുന്ന പരാതി.

‘നിങ്ങളാരോട് ചോദിച്ചിട്ടാണ് പോസ്റ്റര്‍ നീക്കം ചെയ്തത്? നാളെ രാവിലെ 8.00 മണിക്ക് മുന്‍പ് നീക്കം ചെയ്ത പോസ്റ്റര്‍ തിരികെ ഒട്ടിക്കണം. ഇല്ലെങ്കില്‍ ഈ രീതിയിലായിരിക്കില്ല ഞങ്ങള്‍ നിങ്ങളെ കാണാന്‍ വരുന്നത്’ എന്ന്‌ ഫിലോസഫി വിഭാഗം ഗവേഷകനും മുന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനുമായ അബ്ദുറഹ്മാന്‍ ഭീഷണിപ്പെടുത്തിയതാണ് തുടക്കമെന്ന് ഗവേഷകയായ ശ്രീദേവി.പി.എസ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് രാത്രി 12 മണിയോട് കൂടി ബോയ്‌സ് ഹോസ്റ്റലില്‍ നിന്നും എസ്എഫ്‌ഐ-എകെആര്‍എസ്എ പ്രവര്‍ത്തകരായ അബ്ദുറഹ്മാന്‍, അഖില്‍ പുറക്കാട് (വേദാന്ത വിഭാഗം ഗവേഷകന്‍, AKRSA യൂണിറ്റ് സെക്രട്ടറി), രാകേഷ് ബ്ലാത്തൂര്‍ (ഫിലോസഫി വിഭാഗം ഗവേഷകന്‍), മുരളീധരന്‍ (മലയാള വിഭാഗം ഗവേഷകന്‍) തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ഗവേഷകര്‍ മുദ്രാവാക്യം വിളിച്ച് ഹോസ്റ്റല്‍ ഗേറ്റില്‍ എത്തുകയും ഹോസ്റ്റല്‍ മതിലില്‍ പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തു.

തുടര്‍ന്നുള്ള ദിവസം, ലൈബ്രറിയില്‍ നിന്നും ലേഡീസ് ഹോസ്റ്റലിലേക്ക് വരികയായിരുന്ന മലയാള വിഭാഗം ഗവേഷകയെ അതേ വിഭാഗത്തിലെ തന്നെ ഗവേഷകനായ മുരളീധരന്‍ കെ.വി, ഫിലോസഫി വിഭാഗം ഗവേഷകനായ അബ്ദുറഹ്മാന്‍ എന്നിവര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി. ‘സംഘടനയുടെ പോസ്റ്റര്‍ വലിച്ച് കീറിയത് നീയാണല്ലേ? സംഘടനയുടെ പോസ്റ്റര്‍ കീറിയതിന്റെ പേരില്‍ കൊലപാതകം വരെ നടന്നിട്ടുണ്ട് അതു നീ മറക്കണ്ട, നിന്റെ ഹോസ്റ്റലിന്റെ മതില്‍ ബര്‍ലിന്‍ മതില്‍ക്കെട്ടാന്നുമല്ലലോ? ആ മതിലും തകര്‍ത്ത് ഞങ്ങള്‍ അകത്തു കടക്കും’ എന്നായിരുന്നു ഭീഷണി.

എടീ,നീ ,നിന്റെ, തുടങ്ങി മാന്യമല്ലാത്ത രീതിയിലായിരുന്നു ഇവരുടെ സംബോധനകള്‍. ‘നിന്റെ അസ്വസ്ഥതകള്‍ തീര്‍ക്കേണ്ടത് സംഘടനാ പോസ്റ്ററിലല്ല ‘ തുടങ്ങിയ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി മുരളീധരന്‍ അധിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് ഹോസ്റ്റലിലേക്ക് പോകാന്‍ തുടങ്ങിയ ഗവേഷകയെ അതിനനുവദിക്കാതെ ‘എന്റെ പഠനം മുടങ്ങിയാലും ശരി ഇതിനു ഞാന്‍ നിനക്ക് തിരിച്ചുപണി തന്നിരിക്കും’ എന്ന് അബ്ദുറഹ്മാന്‍ വീണ്ടും ഭീഷണിയുയര്‍ത്തി. ‘ഇങ്ങള് കുറച്ച് നാല്‍ക്കാലികള്‍ ചെന്നപ്പോഴാണ് നിള ഹോസ്റ്റലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്, പൂര്‍ണ്ണ ഹോസ്റ്റലില്‍ നിന്നും ആരെങ്കിലും ഇനി നിള ഹോസ്റ്റലിലേക്ക് പോയാല്‍ നിങ്ങളുടെ തല ഞങ്ങള്‍ അടിച്ച് പൊട്ടിക്കുമെന്ന്‌’ ആക്രോശിച്ചു. കൂടാതെ ‘നീയൊക്കെ പിരീഡ്‌സ് ടൈമിലെ പാഡിന്റെയും ബ്ലഡിന്റേയും കാര്യം പോയി നോക്ക്, ഓ അതിനിപ്പൊ പാഡൊന്നുമല്ലല്ലൊ അല്ലേ കയറ്റി വെക്കുന്ന കപ്പല്ലെ’ തുടങ്ങി സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മുരളീധരനും അബ്ദുറഹ്മാനും സംസാരിച്ചു. നിങ്ങളാദ്യം പോയ് നിങ്ങളുടെ കക്കൂസ് വൃത്തിയാക്ക്, ബാത്ത്‌റൂമില്‍ ബ്ലഡ് കാണുന്നതിനെക്കുറിച്ചും നാപ്കിന്‍ കാണുന്നതിനെക്കുറിച്ചുമൊക്കെ നിങ്ങള്‍ ചര്‍ച്ച ചെയ്താല്‍ മതി. തുടങ്ങിയ പരാമര്‍ശങ്ങളും അബ്ദുറഹ്മാനില്‍ നിന്നുമുണ്ടായി-വാട്‌സ് ആപ്പ് പോസ്റ്റില്‍ പറയുന്നു.

ഇക്കാര്യങ്ങളെല്ലാം പൊതുസമൂഹത്തില്‍ എത്തിക്കാനായി തുടങ്ങിയ ‘ഗവേഷണ വിദ്യാര്‍ത്ഥിനികള്‍’ എന്ന പേജ് ഹാക്ക് ചെയ്യുകയും ചെയ്തിരുന്നു. സര്‍വ്വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ‘അവര്‍ക്കും ജീവിക്കേണ്ടേ, ജീവിച്ച് പൊയ്‌ക്കോട്ടേ’ എന്ന നിലപാടാണ് അവര്‍ കൈക്കൊണ്ടത്. പരാതികളിലൊന്നിലും തന്നെ വ്യക്തമായ ഒരു നിലപാട് എടുക്കുകയോ കൃത്യമായ നടപടി സ്വീകരിക്കോത്തിടത്തോളം പരാതിയുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് ഗവേഷണ വിദ്യാര്‍ത്ഥിനികള്‍.