ശോഭനയാണോ മഞ്ജുവാര്യരാണോ മികച്ച അഭിനേത്രി?

0
91

ഫെയ്സ്ബുക്ക് സിനിമാ പേജുകളിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ ഗൗരി എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ചോദ്യം ഇതായിരുന്നു ശോഭനയാണോ മഞ്ജുവാര്യരാണോ മികച്ച അഭിനേത്രി.

ഇതുസംബന്ധിച്ച ഗൗരിയുടെ അഭിപ്രായമാണ് പോസ്റ്റില്‍  എഴുതിയിരിക്കുന്നത്.

എന്നാല്‍ ഇതിനു പിന്തുണയും വിമര്‍ശനങ്ങളുമായി നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം അറിയിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

സിനിമാ സംബന്ധിയായ പല പേജുകളിലും കാലങ്ങളായി തുടരുന്ന ഒരു തര്‍ക്കമാണ് ശോഭനയാണോ മഞ്ചുവാര്യരാണോ മികച്ച അഭിനേത്രി എന്നത്. ഭൂരിഭാഗം പേരും അവസാനം ശോഭന എന്ന പേരില്‍ സേഫ്ലാന്‍ഡ് ചെയ്യാറുമുണ്ട്. ഇതിനിടയില്‍ ഒരു വ്യെക്തി ഉര്‍വ്വശി ആണ് ഇവരില്‍ രണ്ടുപേരേക്കാളും മികച്ച നടി എന്ന് പ്രസ്താവിച്ചുകൊണ്ടെഴുതിയ പോസ്റ്റ്ന് നല്ല സ്വീകാര്യത കിട്ടി.
അതിനു അയാള്‍ നിരത്തുന്ന കാരണം സിനിമകളില്‍ ശോഭന സ്വന്തം ശബ്ദം ഉപയോഗിച്ചില്ല എന്നതാണ്. മഞ്ചു അക്കാര്യത്തില്‍ പെര്‍ഫെക്റ്റ് ആണെങ്കിലും ഉര്‍വശി കൊമഡി ചെയ്യുന്നതുപോലെ അനായാസം മഞ്ചു അഭിനയിക്കുന്നില്ല എന്നതാണ് അവര്‍ക്കുള്ള പോരായ്മയായി നിരത്തുന്നത്…?

ആ സഹോദരനോടു എനിക്ക് പറയാനുള്ളത് സ്വന്തം ശബ്ദം ഉപയോഗിച്ചു നടിച്ച അഭിനെത്രികളെ തിരഞ്ഞുപിടിക്കാന്‍ ആണെങ്കില്‍ സുകുമാരിയും, കവിയൂര്‍ പൊന്നമ്മയും, കെ.പി.എസ്.സി.ലളിതയുമൊക്കെ ആയിരിക്കും മുന്‍നിരയില്‍. പിന്നെ ഉര്‍വ്വശി അനശ്വരമാക്കിയ കഥാപാത്രങ്ങളില്‍ എല്ലാം ശബ്ദം നല്‍കിയത് ഭാഗ്യലെക്ഷ്മിയോ ആനന്ദവല്ലിയോ ഒക്കെയാണ്. അച്ചുവിന്റെ അമ്മ മുതലാണ് ഉര്‍വശി ഏറെക്കുറെ സ്വന്തം ശബ്ധത്തില്‍ ഉരിയാടാന്‍ തുടങ്ങിയത്. കുസൃതിയും, കുശുമ്ബും നിറഞ്ഞ കഥാപാത്രങ്ങള്‍ മികച്ചതാക്കാന്‍ ഉര്‍വശിക്കുള്ള അസാമാന്യമായ കഴിവിനെ മാനിക്കുന്നു. പക്ഷേ ഉര്‍വശി മലയാളത്തില്‍ ചെയ്ത ഏതു റോള്‍ ആണ് ശോഭനയ്ക്ക് ചെയ്യാന്‍ കഴിയാത്തതു…? എന്നാല്‍ ശോഭന ചെയ്ത മണിച്ചിത്രത്താഴോ, തിരയോ, ഉര്‍വശി ചെയ്താല്‍ എത്ര മികച്ചത് ആകും…?

ശബ്ദം ഒരു പ്രധാന ഘടകം ആണ്…പക്ഷേ തിരയിലും മിത്ര് എന്ന ഇംഗ്ലീഷ് ചിത്രത്തിലും ശോഭന സ്വന്തം ശബ്ദം ഉപയോഗിച്ചു തന്നെയാണ് ദേശീയ പുരസ്കാരം ഉള്‍പ്പെടെയുള്ള അംഗീകാരം നേടിയത്. അവാര്‍ഡുകള്‍ അഭിനയ മികവിന്റെ അവസാന വാക്കാണ് എന്നൊന്നും എനിക്ക് അഭിപ്രായം ഇല്ലെങ്കിലും അവര്‍ക്ക് ലെഭിച്ച രണ്ടു ദേശീയ പുരസ്കാരങ്ങളും നൂറു ശതമാനവും അര്‍ഹതപ്പെട്ടതാണ് എന്നതില്‍ ആര്‍ക്കാണ് സംശയം.

ഇനി മഞ്ചു., ചുരുങ്ങിയ കാലയളവില്‍ ഇത്ര ജനസ്വാധീനം നേടിയ മറ്റൊരു അഭിനേത്രി വേറെയില്ല. ആറാംതമ്ബുരാനും, കന്മദവുമൊക്കെ നമ്മള്‍ ഇന്നും ഓര്‍ത്തിരിക്കുന്നു. ജനപ്രീതിയുടെ പരകോടിയില്‍ നില്‍ക്കുമ്ബോള്‍ അവര്‍ സിനിമ വിട്ടു. മഞ്ചു…മഞ്ചു…എന്ന് പിന്നെ പേര്‍ത്തും പേര്‍ത്തും ഇരിക്കാന്‍ നമ്മള്‍ മലയാളികള്‍ക്കായത് അവരുടെ ഈ പീക്ക്ടൈംമിലുള്ള നിര്‍ത്തിപ്പോക്ക് ആണെന്നാണ് എന്റെ നിഗമനം. തിരിച്ചുവരവില്‍ അവര്‍ വിസ്മയിപ്പിച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ സത്യമായും എനിക്കൊന്നുപോലും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. സമ്മര്‍ഇന്‍ബെത്ലഹേമില്‍ ജയിലില്‍ ലാലേട്ടനുമായുള്ള സീനിലോക്കെ അവര്‍ ശെരിക്കും വിസ്മയിപ്പിച്ചിരുന്നു. അതുപോലൊന്ന് തിരിച്ചുവരവില്‍ കണ്ടില്ല എന്നത് നമ്മുടെ ഭാഗ്യദോഷം ആയിരിക്കാം.

നൃത്തകലയില്‍ ശോഭനയ്ക്കുള്ള മികവ് ചില സിനിമാമുഹൂര്‍ത്തങ്ങളില്‍ അമിതാഭിനയത്തിന്റെ അരോചകത്വം ഉളവാക്കിയിട്ടുണ്ട് എന്നതും, തന്റെ ഏറ്റം മികച്ച കഥാപാത്രങ്ങള്‍ക്ക് ശബ്ദം കടമെടുക്കേണ്ടിവന്നിട്ടുണ്ടെന്നതും മറന്നിട്ടല്ല ഞാനിതു എഴുതുന്നത്. ഒരു അഭിനേതാവും തന്റെ എല്ലാ ചിത്രങ്ങളിലും മാസ്മരിക പ്രകടനം നടത്തിയ ചരിത്രമൊന്നും ഇന്ത്യന്‍ സിനിമയിലുണ്ടെന്നു തോന്നുന്നില്ല. മമ്മൂക്കയുടേയും ലാലേട്ടന്റെയും എത്രയോ പൊട്ടപടങ്ങള്‍ നാം കണ്ടിരിക്കുന്നു. ചിത്രങ്ങള്‍ വിജയിക്കും, എട്ടുനിലയില്‍ പൊട്ടും, ചിലവയില്‍ മികച്ച പ്രകടനം നല്‍കാന്‍ കഴിഞ്ഞെന്നും വരില്ല.

എല്ലാ കാര്യങ്ങളും മാനദെണ്ടമായി എടുക്കാനാണെങ്കില്‍ പട്ടികയില്‍ രേവതിയും, മീരാജാസ്മിനുമൊക്കെ വന്നുപെടും. അഭിനയസിദ്ധി, മാത്രമല്ല ഒരു നടിയെ നമ്മുടെ മനസ്സില്‍ കുടിയിരുത്തുന്നത്. അവര്‍ തങ്ങളുടെ വ്യെക്തിത്വം പ്രസരിപ്പിക്കുന്ന രീതി, പൊതുവേദികളില്‍ പാലിക്കുന്ന മര്യാദയും പറയുന്ന വാക്കുകളിലെ ഔചിത്യവും അങ്ങനെ എന്തെല്ലാം ഘടകങ്ങള്‍. എന്റെ വ്യെക്തിപരംയ നിലപാടുകള്‍ മാത്രമാണ് ഞാനിവിടെ പങ്കുവച്ചത്. ശോഭനയോടുള്ള എന്റെ കടുത്ത ആരാധന അല്പ്പനേരത്തേക്ക് മാറ്റിവച്ചാണ് ഞാനിതു എഴുതിത്തീര്‍ത്തത്.

എന്റെ ബുദ്ധിക്കും ആസ്വാദനനിലവാരത്തിനും അനുസരിച്ചുള്ള മുന്‍ഗണന ഇതാണ്….

ഒന്ന് ശോഭന, രണ്ട്മഞ്ചുവാര്യര്‍, മൂന്ന്‌ഉര്‍വ്വശി.