റിയാദ്: സൗദിയില്‍ രാജകുമാരന്മാരെയും മന്ത്രിമാരെയും അഴിമതി വിരുദ്ധ കമ്മറ്റി അറസ്റ്റ് ചെയ്തു. 11 രാജകുമാരന്മാരും നാല് മന്ത്രിമാരുമാണ് അറസ്റ്റിലായത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് തലവനായ അഴിമതി വിരുദ്ധ സമിതിയാണ് നടപടിയെടുത്തത്. നിരവധി മുന്‍ മന്ത്രിമാരും, സൗദി ബില്യണയര്‍ അല്‍ വലീദ് ബിന്‍ തലാനിയെയും അറസ്റ്റ് ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. സൗദിയില്‍ തിരക്കിട്ട് മന്ത്രിസഭാ പുനഃസംഘടയ്ക്കുള്ള പ്രഖ്യാപനവും ഇതിന് പിന്നാലെ ഉണ്ടായിട്ടുണ്ട്.
2009ലെ ജിദ്ദാ വെള്ളപ്പൊക്കം, കൊറോണ വൈറസ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ അന്വേഷണം പുനഃരാരംഭിക്കുകയാണെന്നും കമ്മറ്റി പ്രഖ്യാപിച്ചിരുന്നു. മന്ത്രിമാരും രാജകുമാരന്മാരും അഴിമതി നടത്തി ജനങ്ങളെ ചൂഷണം ചെയ്യുന്നുണ്ടെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഴിമതി വിരുദ്ധ സമിതി അന്വേഷണം നടത്തിയത്.
സല്മാന് രാജകുമാരനെ സൗദി കിരീടാവകാശിയായി നിയമിച്ചതിന് ശേഷം അഴിമതിക്കാര്‍ക്കെതിരേ നടത്തുന്ന നിര്‍ണായക നീക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.