തിരുവനന്തപുരം: ഡിസംബര്‍ എട്ടു മുതല്‍ 15 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. എട്ടിന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യാതിഥിയായിരിക്കും. ഡെലിഗേറ്റ് രജിസ്ട്രേഷന് നവംബര്‍ 10ന് ആരംഭിക്കും.
തിയേറ്ററുകളില്‍ സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ചു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് അക്കാഡമി ചെയര്മാന് കമല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14 തിയേറ്ററുകളിലായി 8,048 സീറ്റുകളാണ് ഉള്ളത്. പരമാവധി പതിനായിരം പാസുകള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂ.
650 രൂപയാണ് ഡെലിഗേറ്റ് ഫീസ് വിദ്യാര്‍ത്ഥികള്‍ 350 രൂപ നല്‍കണം.
ഡെലിഗേറ്റ് രജിസ്ട്രേഷന് തീയതികള്‍
വിദ്യാര്‍ത്ഥികള്‍ നവംബര്‍ 10 മുതല്‍ 12 വരെ
പൊതുവിഭാഗം 13 മുതല്‍ 15 വരെ
സിനിമ, ടി.വി പ്രൊഫഷണലുകള്‍ 16 മുതല്‍ 18 വരെ
ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ 19 മുതല്‍ 21 വരെ
മീഡിയ 22 മുതല്‍ 24 വരെ
അക്കാഡമിയുടെ www.iffk.inഎന്ന വെബ്സൈറ്റില്‍ apply for the Event എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണമടച്ചാല്‍ മാത്രമേ രജിസ്ട്രേഷന് പൂര്‍ത്തിയാകുകയുള്ളൂ.
പൊതുവിഭാഗത്തില്‍ 7000, വിദ്യാര്‍ത്ഥികള്‍ക്കും സിനിമ ടി.വി പ്രൊഫഷണലുകള്‍ക്കും 1000 വീതം, മീഡിയക്കും ഫിലിം സൊസൈറ്റികള്‍ക്കും 500 വീതം. പൊതുവിഭാഗത്തില്‍ ചലച്ചിത്ര സമീക്ഷയുടെ വരിക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
നേരത്തെ പ്രതിനിധികളായിരുന്നവര്ക്ക് പഴയ പാസ്വേഡും യൂസര്നൈയിമും ഉപയോഗിക്കാം. അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയും പണമടയ്ക്കാം.
ട്രാന്‍സ്ജെന്റെഴ്സിന് ജെന്‍ഡര്‍ രേഖപ്പെടുത്താന്‍ പ്രത്യേക കോളം ഉണ്ടായിരിക്കും
തിയേറ്ററുകളില്‍ 60ശതമാനം സീറ്റുകള്‍ റിസര്‍വ് ചെയ്യാം. അംഗപരിമിതര്‍ക്കും 70 കഴിഞ്ഞവര്‍ക്കും ക്യൂവില്‍ നില്‍ക്കാതെ പ്രവേശനം നല്‍കും. അംഗപരിമിതര്‍ക്കായി തിയേറ്ററുകളില്‍ റാമ്പുകള്‍ നിര്‍മ്മിക്കും.
പാര്‍ക്കിംഗിന് പ്രത്യേക സ്ഥലവും അനുവദിക്കും. ചലച്ചിത്രമേളയോടനുബന്ധിച്ച് ഡിസംബര്‍ 9 മുതല്‍ 14 വരെ മുഖ്യവേദിയായ ടാഗോര്‍ തീയേറ്റര്‍ പരിസരത്ത് കലാപരിപാടികള്‍ ഉണ്ടായിരിക്കും.