കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയാര്‍: ട്രംപ്

0
40

വാഷിങ്ടന്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണകൊറിയ സന്ദര്‍ശിക്കാന്‍ ഒരു ദിവസം മാത്രം അവശേഷിക്കോണ് ട്രംപിന്റെ പ്രതികരണം. സന്ദര്‍ശനത്തിന്റെ ഭാഗമായി ഒട്ടേറെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ആര്‍ക്കൊപ്പവും ചര്‍ച്ചയ്ക്ക് ഇരിക്കാന്‍ തയ്യാറാണ്. ചര്‍ച്ച നടത്തുന്നത് തന്റെ ശക്തിയോ ദൗര്‍ബല്യമോ ആയി കാണുന്നില്ല. ആരോടെങ്കിലും ചര്‍ച്ച നടത്തുന്നത് മോശം കാര്യമല്ലെന്നും ട്രംപ് പ്രതികരിച്ചു.

ജപ്പാന്‍ സന്ദര്‍ശനത്തിനിടയില്‍ ഉത്തരകൊറിയയ്ക്ക് ശക്തമായ മുന്നറിയിപ്പും ട്രംപ് നല്‍കിയിരുന്നു. ഭീകരപ്രവര്‍ത്തനത്തെ സഹായിക്കുന്ന രാജ്യമായി ഉത്തരകൊറിയയെ വൈകാതെ പ്രഖ്യാപിച്ചേക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ കീഴടങ്ങുകയോ വ്യതിചലിക്കുകയോ ഇടറുകയോ ചെയ്യാതെ യുഎസ് മുന്നോട്ടുപോകും. ഉത്തരകൊറിയ ഞങ്ങളുടെ രാജ്യത്തിനും ലോകത്തിനും വലിയൊരു പ്രശ്നമാണ്. അതിനാല്‍ ഞങ്ങള്‍ക്കു പ്രശ്നം തീര്‍ക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ നിശ്ചയദാര്‍ഢ്യത്തെ ഒരു സ്വേച്ഛാധിപതിയും ചെറുതായി കാണേണ്ടതില്ലെന്നും മുന്‍പ് ഇങ്ങനെ ചെയ്തിട്ടുള്ളവരുടെ അനുഭവം സന്തോഷപ്രദമായിരുന്നില്ലെന്നും ട്രംപ് ഓര്‍മിപ്പിച്ചിരുന്നു.

അതേസമയം, ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി 18 ഉത്തരകൊറിയക്കാര്‍ക്ക് ദക്ഷിണകൊറിയ ഉപരോധമേര്‍പ്പെടുത്തി. ഉത്തരകൊറിയക്കാരുമായുള്ള പണമിടപാടുകള്‍ക്കും നിയന്ത്രണമുണ്ട്. യുഎന്‍ മുന്‍പുതന്നെ ഉപരോധം ഏര്‍പ്പെടുത്തിയവര്‍ക്കാണു ഇപ്പോള്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്ന് ദക്ഷിണകൊറിയന്‍ ധനമന്ത്രാലയം വ്യക്തമാക്കി.