ഗെയില്‍ പൈപ്പ്‌ലൈന്‍: വ്യവസായമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷി യോഗം

0
41

കോഴിക്കോട്: ഗെയില്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വ്യവസായമന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്. വൈകീട്ട് നാലു മണിക്ക് കോഴിക്കോട് കളക്ടറേറ്റിലാണ് യോഗം. സമരസമിതിയും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുക്കും.

രാഷ്ട്രീയകക്ഷി നേതാക്കളെയും ജനപ്രതിനിധികളെയും മാത്രം ചര്‍ച്ചയ്ക്കു വിളിച്ച സര്‍ക്കാര്‍ ഒടുവില്‍ സമരസമിതിയെയും വിളിക്കാന്‍ തയ്യാറാവുകയായിരുന്നു. പൈപ്പ്‌ലൈന്‍ നിര്‍മാണം നിര്‍ത്തിവയ്ക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് സമരസമിതിയും മയപ്പെടുത്തി. ജനവാസ മേഖലയില്‍ നിന്ന് പദ്ധതി മാറ്റണമെന്നും ജനങ്ങളുടെ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കണമെന്നും സമരസമിതി യോഗത്തില്‍ ആവശ്യപ്പെടും. പദ്ധതിക്കായി ഭൂമി നല്‍കുന്നവര്‍ക്ക് വിപണി വില അനുസരിച്ചുളള നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യം ഉന്നയിക്കും.

എന്നാല്‍ വിജ്ഞാപനമിറങ്ങുകയും നിര്‍മാണം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ പൈപ്പ് ലൈനിന്റെ പാതയില്‍ മാറ്റം വരുത്താനാകില്ലെന്ന നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുക. വികസന വിരോധികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ച സാഹചര്യത്തില്‍ യോഗത്തിന്റെ വിജയത്തെക്കുറിച്ച് പ്രതിപക്ഷ കക്ഷികളും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കൊച്ചി മംഗലാപുരം ഗെയില്‍ പാചകവാതക പൈപ്പ് ലൈനിനെതിരെ മുക്കത്ത് ഉയര്‍ന്ന പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇന്ന് സര്‍വകക്ഷി യോഗം സംഘടിപ്പിച്ചിരിക്കുന്നത്.