ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഹാദിയയെ സന്ദര്‍ശിക്കും

0
155

Related image

കൊച്ചി: ദേശീയ വനിതാ കമ്മീഷന്‍ ഇന്ന് ഹാദിയയെ സന്ദര്‍ശിക്കും. വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ ഇന്ന് ഉച്ചയോടെ വൈക്കത്തുള്ള വീട്ടിലെത്തി ഹാദിയയെ സന്ദര്‍ശിക്കും. ഹാദിയയുടെയും മാതാപിതാക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

എന്നാല്‍, താന്‍ കേരള സന്ദര്‍ശനം നടത്തുന്നത് ആരുടെയും പരാതിയെ തുടര്‍ന്നല്ലെന്നും വാര്‍ത്തകളിലൂടെ ഹാദിയ, നിമിഷ തുടങ്ങിയ സംഭവങ്ങള്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് തന്റെ തീരുമാനമെന്നും രേഖ ശര്‍മ അറിയിച്ചു.

ഹാദിയയെ സന്ദര്‍ശിച്ച ശേഷം നാളെ തിരുവനന്തപുരത്തെത്തുന്ന രേഖ നിമിഷയുടെ അമ്മയെ കാണും. നിമിഷയുടെ തിരോധാനം സംബന്ധിച്ച് അമ്മ ബിന്ദു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നേരിട്ട് അവരുടെ പ്രതികരണം തേടുന്നത്. കൂടാതെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന് ആരോപണമുയര്‍ന്ന തൃപ്പൂണിത്തുറയിലെ യോഗ സെന്ററിലും കമ്മീഷന്‍ സന്ദര്‍ശനം നടത്തും. എന്നാല്‍ പരാതിക്കാരായ പെണ്‍കുട്ടികളെ ഇത്തവണ സന്ദര്‍ശിക്കില്ലെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തുന്ന ദേശിയ വനിതാ കമ്മീഷന്‍ ഹാദിയ, നിമിഷയുടെ അമ്മ, പോലീസ് മേധാവി എന്നിവരെയാണ് സന്ദര്‍ശിക്കുന്നത്.