നിലമ്പൂര്‍ വെടിവെയ്പ്; വാര്‍ഷികദിനത്തില്‍ ഓര്‍ത്തുവയ്ക്കാവുന്ന തിരിച്ചടി നല്‍കുമെന്ന് മാവോയിസ്റ്റുകള്‍

0
65

കാളികാവ്: നിലമ്പൂരിലെ വെടിവയ്പിന്റെ വാര്‍ഷികദിനമായ 24ന് മുമ്പ് ശക്തമായ തിരിച്ചടി നല്‍കുമെന്ന് മാവോയിസ്റ്റുകള്‍. ഓര്‍ത്തുവയ്ക്കാവുന്ന തിരിച്ചടി പ്രതീക്ഷിക്കാമെന്നാണ് മാവോയിസ്റ്റുകളുടെ മുന്നറിയിപ്പ്. കേന്ദ്ര ഇന്റലിജന്‍സാണ് പുറത്തുവിട്ടത്. വയനാട് മേഖലയായിരിക്കും ഇവര്‍ തിരഞ്ഞെടുക്കുക എന്നാണ് ലഭിക്കുന്ന സൂചനകള്‍. രക്തസാക്ഷിദിനം ആചരിക്കുന്നതിന് മുമ്പ് പൊലീസിനോടുള്ള പ്രതികാരം തീര്‍ക്കുമെന്നാണ് മാവോയിസ്റ്റുകളുടെ താക്കീത്. കേന്ദ്ര ഇന്റലിജന്‍സിന്റെ നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് കരുതലോടെയാണ് നീങ്ങുന്നത്.

പാലക്കാട്, നിലമ്പൂര്‍ മേഖലയിലുള്ള മാവോയിസ്റ്റുകള്‍കൂടി വയനാടന്‍ താഴ്‌വരകളിലേക്ക് മാറിത്താമസിച്ചതായും വിവരമുണ്ട്. വയനാട് മേഖലയില്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകള്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് നിഗമനം.

അട്ടപ്പാടി മേഖലയിലെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തയതായാണ് സൂചന. അട്ടപ്പാടി മേഖലയിലെ ശക്തനായ ഒളിപ്പോരാളി ചന്ദ്രു ഉള്‍പ്പെടെയുള്ളവര്‍ വയനാട്ടില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്. പൊലീസിനെയാണ് മാവോയിസ്റ്റുകള്‍ മുഖ്യ എതിരാളികളായി കാണുന്നത്. രണ്ടുപേരെ വധിച്ചതും മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതുമാണ് ഇതിനുകാരണം.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്കുമേല്‍ ആധിപത്യം നേടാന്‍ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞവര്‍ഷം നവംബര്‍ 24നാണ് നിലമ്പൂരിലെ പൊലീസിന്റെ വെടിയേറ്റ് രണ്ട് മാവോയിസ്റ്റുകള്‍ മരിച്ചത്.