മാധ്യമ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാനുള്ളതല്ല: പ്രധാനമന്ത്രി

0
45

ചെന്നൈ: മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാനുള്ളതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ എഴുതുന്നത് ക്രിമിനല്‍ കുറ്റമാണെന്നും മോദി പറഞ്ഞു. രാജ്യത്തെ കോടതികള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുമുള്ള തുല്യ ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുമുണ്ട്.

ജനതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാവണം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. പൊതുതാല്‍പര്യത്തിനുവേണ്ടി ശ്രദ്ധാപൂര്‍വം ബുദ്ധിയോടെ ഉപയോഗിക്കേണ്ടതാണു മാധ്യമ സ്വാതന്ത്ര്യം. മാധ്യമങ്ങള്‍ തമ്മിലുള്ള ആരോഗ്യപരമായ മല്‍സരം ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ദിനപത്രങ്ങള്‍ കൂടുതല്‍ സ്ഥലം നീക്കിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്ത് പല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. ഇന്ത്യയില്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ല ഉള്ളത്. രാഷ്ട്രീയത്തിന് അപ്പുറമുള്ള കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്നും മോദി പറഞ്ഞു.

മാധ്യമസ്ഥാപനങ്ങള്‍ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലാണെങ്കിലും അവര്‍ ചെയ്യുന്നത് പൊതു കാര്യമാണെന്ന് ഓര്‍ക്കണം. അതിനാല്‍ തന്നെ സാമൂഹിക ഉത്തരവാദിത്വവുമുണ്ട്. വിശ്വാസ്യത ഉറപ്പുവരുത്തുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.തമിഴ് പത്രമായ ഡെയ്ലി തന്തി ദിനപത്രത്തിന്റെ 75 ാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.