റേഷന്‍ സമരം ഉടന്‍ ഒത്തു തീര്‍പ്പാക്കണം: രമേശ് ചെന്നിത്തല

0
50
തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ ആരംഭിച്ച സമരത്തിന് ഉടന്‍ ഒത്തു തീര്‍പ്പുണ്ടാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭക്ഷ്യമന്ത്രി പി.തിലോത്തമനോട് ആവശ്യപ്പെട്ടു.
പടയൊരുക്കം ജാഥയ്ക്കിടെ ഭക്ഷ്യമന്ത്രിയെ ടെലിഫോണില്‍ വിളിച്ചാണ് സമരം നടത്തുന്ന റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.
റേഷന്‍ വ്യാപാരികളുടേത് ന്യായമായ ആവശ്യമണ്. റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്നേ അവര്‍ ആവശ്യപ്പെടുന്നുള്ളൂ. 350 റേഷന്‍ കാര്‍ഡുള്ളവരും, 45 ക്വിന്റല്‍ ഭക്ഷ്യധാന്യം  കൈകാര്യം ചെയ്യുന്നവരുമായ റേഷന്‍ വ്യാപാരികള്‍ക്ക് 16000 രൂപ പ്രതിമാസ വേതനം നല്‍കാമെന്നാണ് കഴിഞ്ഞ ജൂലായില്‍ സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. അത് പാലിക്കുകയാണ് വേണ്ടത്. സമരത്തെ ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതിന് പകരം പ്രതികാര നടപടികളെടുത്ത് പ്രശ്‌നം വഷളാക്കരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.