എം.മനോജ് കുമാര്‍
തിരുവനന്തപുരം: വ്യാജ വാഹന രജിസ്ട്രേഷന് നടത്തി കേരളത്തിലെ വാഹന ഉടമകള്‍ നികുതിവെട്ടിച്ച കേസില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്നു രാവിലെ പോണ്ടിച്ചേരിയിലെത്തി. സുരേഷ് ഗോപി എംപി, താരങ്ങളായ ഫഹദ് ഫാസില്‍, അമലാപോള്‍ തുടങ്ങി വ്യാജ രജിസ്ട്രേഷന് നടത്തിയ മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കും.
വ്യാജ രജിസ്ട്രേഷന് കേസില്‍ കടുത്ത നടപടികള്‍ മുഴുവന്‍ വാഹന ഉടമകളും നേരിടേണ്ടി വരും എന്ന സൂചനയാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് നല്‍കുന്നത്. പ്രാഥമിക ഘട്ടത്തില്‍ തന്നെ 700 പേര് ഈ രീതിയില്‍ നികുതി വെട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട് എന്നാണു ലഭ്യമായ വിവരം.
പോണ്ടിച്ചേരിയില്‍ വാഹന രജിസ്ട്രേഷന് നടത്തിയ മുഴുവന്‍ കേരളീയരുടെയും വിവരങ്ങളാണ് അന്വേഷണ സംഘം ശേഖരിക്കുക. നിയമനടപടികളും ഒപ്പം പിഴയും ഇവര്‍ നല്‍കേണ്ടി വരും. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ക്രമക്കേടുകളുടെ ആഴം വ്യക്തമായതിനാലാണ് പ്രത്യേക അന്വേഷണ സംഘത്തെ മോട്ടോര്‍ വാഹനവകുപ്പ് പോണ്ടിച്ചേരിക്ക് അയച്ചത്.
” അന്വേഷണ സംഘം നല്കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാകും തുടര്‍ നടപടികള്‍ വരുന്നത്. വിശദമായ അന്വേഷണത്തിന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പദ്ധതിയിടുന്നത്.” മോട്ടോര്‍ വാഹനവകുപ്പ് വൃത്തങ്ങള്‍ 24 കേരളയോട് പറഞ്ഞു. തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരാണ് നിലവില്‍ സംഘത്തിലുള്ളത്. അതുകൊണ്ട് തന്നെ വിശദ റിപ്പോര്‍ട്ടും കടുത്ത നടപടികളും ഈ വിഷയത്തില്‍ വരും-മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ വ്യാജ രജിസ്ട്രേഷന് നടത്തിയ സുരേഷ് ഗോപി അടക്കമുള്ള എഴുപതോളം
പേര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.
കേരളത്തിനു പുറത്ത് രജിസ്ട്രേഷന് നടത്തിയ രണ്ടായിരത്തിലേറെ കാറുകള്‍ കേരളത്തില്‍ ഓടുന്നുണ്ട് എന്നാണു മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്ക്. നിയമം ലംഘിച്ചവര്‍ക്ക് നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. രേഖകള്‍ ഹാജരാക്കാനും ആര്‍ടിഒ ഓഫീസുകളില്‍ നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.
രജിസ്ട്രേഷന് സമയത്ത് ആഡംബര കാറുകള്‍ക്ക് ലഭ്യമാകുന്ന വന്‍ നികുതിയിളവാണ് വാഹന ഉടമകളെ
പോണ്ടിച്ചേരി അന്വേഷിച്ച് പോകാന്‍ ഇടവരുത്തുന്നത്. 20 ലക്ഷത്തില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 20 ശതമാനം നികുതി നല്‍കണം. അതായത് ഒരു കോടി വിലയുള്ള കാറിനു 20 ലക്ഷം രൂപ നികുതി നല്‍കണം.
പോണ്ടിച്ചേരിയിലാണെങ്കില് വെറും ഒന്നരലക്ഷം രൂപ മാത്രം നികുതി നല്കിയാല് മതി. പക്ഷെ പോണ്ടിച്ചേരി വിലാസം വേണം. പോണ്ടിച്ചേരിയുള്ള വാഹന ഏജന്റുമാര്‍ കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് വിലാസം നല്‍കും. കാറുകള്‍ ആ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യും. അന്വേഷിച്ച് പോകുമ്പോള്‍ വിലാസം വ്യാജമായിരിക്കും. ഈ തട്ടിപ്പാണ് ഇപ്പോള്‍ പിടികൂടപ്പെട്ടത്.