ഹണിപ്രീതിന്റെ രണ്ട് സ്വകാര്യ ഡയറികള്‍ കണ്ടെടുത്തു

0
50

ചണ്ഡീഗഢ്: പീഡനക്കേസില്‍ അറസ്റ്റിലായ ദേരാ സച്ഛാ സൗദാ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിന്റെ അടുത്ത അനുയായി ഹണിപ്രീതിന്റെ രണ്ട് സ്വകാര്യ ഡയറികള്‍ പൊലീസ് കണ്ടെടുത്തു. ദേരാ സച്ഛാ സൗദാ ആശ്രമത്തില്‍ നടത്തിയ പരിശോധനയിലാണ് ഡയറികള്‍ കണ്ടെത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

പലരില്‍നിന്നായി സ്വീകരിച്ച ഉപഹാരങ്ങള്‍ സംഭാവനകള്‍, വരുമാനം, ചെലവ് തുടങ്ങിയ കാര്യങ്ങളാണ് ഡയറിലുള്ളത്. ദേരയുടെ വിവിധ ശാഖകളില്‍ നിന്നുള്ള വരുമാനത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്താനാണ് ഡയറികള്‍ ഉപയോഗിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഡയറികളുടെ പകര്‍പ്പ് ആദായ നികുതി വകുപ്പിന് കൈമാറി.

പഞ്ച്കുളയിലെ കലാപത്തിനായി സ്വരൂപിച്ച പണത്തിന്റെ വിവരങ്ങള്‍ ഈ ഡയറികളില്‍ ഉണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. കലാപത്തിനായി ഹണിപ്രീതിന്റെ നിര്‍ദേശാനുസരണം അഞ്ചുകോടി രൂപ ചെലവഴിച്ചതായാണ് സൂചനകള്‍. സിനിമാ സംവിധാനത്തെ കുറിച്ചുള്ളതും ഗുര്‍മീത് റാം റഹീം സിങ്ങുമായുള്ള ബന്ധത്തെ കുറിച്ചും ഈ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ദേരയ്ക്കു പിന്തുണ നല്‍കുന്ന വിദേശത്ത് താമസമാക്കിയവരും അല്ലാത്തവരുമായ ഇന്ത്യക്കാരുടെ വിവരങ്ങളും ഫോണ്‍ നമ്പറും ഡയറിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പൊലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടാല്‍ ഇവരുടെ സഹായം തേടാനായിരുന്നു പദ്ധതിയെന്നാണ് സൂചന. നിലവില്‍ അംബാലയിലെ ജയിലിലാണ് ഹണിപ്രീത്.