ഹാദിയയ്ക്ക് സുരക്ഷാ ഭീഷണിയില്ല: രേഖ ശര്‍മ

0
55

ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ഹാദിയയെ നേരില്‍ കണ്ടു. ഹാദിയയ്ക്ക് സുരക്ഷാ ഭീഷണിയില്ലെന്നും ലവ് ജിഹാദ് അല്ല നിര്‍ബന്ധിത മത പരിവര്‍ത്തനമാണ് നടന്നതെന്നും രേഖ പറഞ്ഞു. നവംബര്‍ 27 ആകാന്‍ അവള്‍ കാത്തിരിക്കുകയാണ്. ഹാദിയയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും രേഖ പറഞ്ഞു. സന്ദര്‍ശന വേളയിലെടുത്ത ഹാദിയയുടെ ചിത്രവും രേഖ ശര്‍മ മൊബൈല്‍ ഉയര്‍ത്തി മാധ്യമങ്ങളെ കാട്ടി. ഹാദിയ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ല.

ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനില്‍ക്കുന്നതായിരുന്നു രേഖ ശര്‍മയുടെ സന്ദര്‍ശനം. മാധ്യമങ്ങള്‍ ആരോപിക്കുന്നത് പോലെ ഹാദിയ വിഷയത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ഒന്നും നടന്നിട്ടില്ല. എന്നാല്‍ കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും അധ്യക്ഷ ആരോപിച്ചു. ഹാദിയയുടെ നിലപാട് സംബന്ധിച്ച യാതൊന്നും ചര്‍ച്ചയായില്ലെന്നും 27നു കോടതിയില്‍ ഹാജരാകുമ്പോള്‍ ഹാദിയ സ്വന്തം നിലപാടു വ്യക്തമാക്കുമെന്നും രേഖ ശര്‍മ അറിയിച്ചു.

രേഖ ശര്‍മ മൂന്നു ദിവസം കേരളത്തിലുണ്ട്. സമാന സംഭവങ്ങളില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളെയും രക്ഷിതാക്കളെയും ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ കാണുന്നുണ്ട്. ഐഎസ് കെണിയില്‍പെട്ടു സിറിയയിലേക്കു കടന്നു എന്നു കരുതുന്ന നിമിഷ ഫാത്തിമയുടെ അമ്മയെയും ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ കാണും. എന്നാല്‍ തൃപ്പൂണിത്തുറയിലേത് അടക്കമുള്ള വിവാദ മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കില്ല.

ചൊവ്വാഴ്ച കോഴിക്കോട്ടും ബുധനാഴ്ച തിരുവനന്തപുരത്തും ദേശീയ വനിതാ കമ്മിഷന്‍ സിറ്റിങ് ഉണ്ട്. പരാതിയുള്ള ആര്‍ക്കും നേരില്‍ കാണമെന്നും രേഖ ശര്‍മ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയുമായും ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ കൂടിക്കാഴ്ച നടത്തും.