അതെ, നോട്ട് നിരോധനം ഒരു സംഘടിത കൊള്ളയായിരുന്നു

0
163

അതെ, നോട്ട് നിരോധനം ഒരു സംഘടിത കൊള്ളയായിരുന്നു

കെ.ശ്രീജിത്ത്

‘നോട്ട് നിരോധനം ഒരു സംഘടിത കൊള്ളയാണ്. അത് സാധാരണക്കാരന്റെ കൈയ്യില്‍ നിന്നുള്ള നിയമപരമായ പിടിച്ചുപറിയാണ്. ജനം ബാങ്കില്‍ നിക്ഷേപിച്ച പണം അവരെ പിന്‍വലിക്കാന്‍ അനുവദിക്കാത്ത ഏതെങ്കിലും രാജ്യത്തിന്റെ പേര് പറയാന്‍ പ്രധാനമന്ത്രിയ്ക്ക് കഴിയുമോ?’
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് 2016 നവംബര്‍ 24ന് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള വരികളാണിത്. ഇതുമാത്രമല്ല നോട്ട് നിരോധനം മൂലം രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് രണ്ട് ശതമാനം കുറയുമെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. നോട്ട് നിരോധനം നടപ്പിലാക്കി ബുധനാഴ്ച ഒരു വര്‍ഷം തികയുമ്പോള്‍ രാജ്യം മുഴുവന്‍ ഓര്‍ക്കുന്നത് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിങിന്റെ ഈ പ്രസംഗത്തെക്കുറിച്ചായിരിക്കും. മന്‍മോഹന്‍ സിങ് പറഞ്ഞതില്‍ നിന്ന് ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ നോട്ട് നിരോധനം നമ്മളെ കൊണ്ടെത്തിച്ചിട്ടില്ല. അന്ന് അദ്ദേഹത്തിന്റെ ഈ പ്രസംഗം രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചിരുന്നു. കാരണം, പൊതുവെ അപൂര്‍വമായി മാത്രം വായ തുറക്കുന്ന മന്‍മോഹനില്‍ നിന്ന് ഇത്രമാത്രം കുറിക്കുകൊള്ളുന്ന, രാകിമിനുക്കിയ, രൂക്ഷമായ വാക്കുകള്‍ ഒരുപക്ഷേ ഈ രാജ്യം ഇതിനുമുമ്പ് കേട്ടിട്ടില്ല എന്നതായിരുന്നു.

‘നിങ്ങള്‍ ഇന്നുവരെ കാണാത്ത ഒരാളെ, ദരിദ്രരില്‍ ദരിദ്രനായ ഒരാളെ മനസിലോര്‍ത്തുവേണം ഒരു ഭരണാധികാരി എന്ത് തീരുമാനവുമെടുക്കാന്‍’ എന്ന് ഗാന്ധിജി പറഞ്ഞത് മറ്റെന്നത്തെക്കാളും യോജിക്കുക ഒരുപക്ഷെ ഈ സാഹചര്യത്തിലായിരിക്കും. നോട്ട് നിരോധനം ഏറ്റവുമധികം ബാധിച്ചത് ദരിദ്ര ജനവിഭാഗങ്ങളെയും സാധാരണക്കാരില്‍ സാധാരണക്കാരനെയും ചെറുകിട കച്ചവടക്കാരെയുമായിരുന്നു. ഇതില്‍ ചെറുകിട കച്ചവടക്കാര്‍ എന്നൊരു വിഭാഗം പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടു. കള്ളപ്പണം തടയാനായിരുന്നു നോട്ട് നിരോധനമെന്നായിരുന്നു നരേന്ദ്ര മോദി അടക്കമുള്ളവരുടെ ന്യായം. എന്നാല്‍ 99 ശതമാനം വരുന്ന കറന്‍സിയും ബാങ്കുകളില്‍ തിരിച്ചെത്തിയതോടെ ഈ വാദം പൊളിഞ്ഞു. രാജ്യത്തെ സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റലാക്കാന്‍ വേണ്ടിയാണ് നോട്ട് നിരോധനം നടപ്പിലാക്കിയതെന്നായിരുന്നു പിന്നത്തെ വാദം. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്ത, ദരിദ്രമായ ചുറ്റുപാടുകളില്‍ ജീവിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങളുള്ള ഈ രാജ്യത്ത്, ഒരുപക്ഷെ സാക്ഷരരോളം തന്നെ നിരക്ഷരരുള്ള ഒരു രാജ്യത്ത് ജനങ്ങളുടെ സാമ്പത്തിക ഇടപാടുകളെ എങ്ങിനെയാണ് പൂര്‍ണമായും ഡിജിറ്റലാക്കാന്‍ കഴിയുക എന്ന ചോദ്യത്തിന് മുന്നില്‍ അവര്‍ക്ക് ഉത്തരമില്ല.

പൂര്‍ണമായും പരാജയപ്പെട്ട ഒരു പദ്ധതിയെ ഇപ്പോഴും ‘വലിയ സംഭവമാക്കി’യാണ് നരേന്ദ്ര മോദി അവതരിപ്പിക്കുന്നത്. തെറ്റ് പറ്റി എന്ന് ഒരിക്കല്‍പ്പോലും അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ തുഗ്ലക്ക് പരിഷ്‌കാരം കൊണ്ട് 135 കോടി ജനങ്ങളുള്ള ഒരു രാജ്യം മുഴുവന്‍ ദുരന്തം അനുഭവിക്കുമ്പോഴും ഭരണാധികാരികളുടെ ധാര്‍ഷ്ട്യത്തിന് കുറവൊന്നും വന്നിട്ടില്ല. സ്വന്തം പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ പോലും നോട്ട് നിരോധനത്തിനെതിരെ രംഗത്തുവന്നപ്പോഴും ഇതേ ധാര്‍ഷ്ട്യം തന്നെയാണ് അവര്‍ തുടരുന്നത്. നോട്ട് നിരോധനം പൂര്‍ണ പരാജയമാണെന്ന് മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയും സുബ്രഹ്മണ്യം സ്വാമിയും ശത്രുഘ്നന്‍ സിന്‍ഹയും ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ബിജെപി അംഗമല്ലാത്ത, എന്നാല്‍ മുമ്പ് വാജ്പേയി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അരുണ്‍ ഷൂരി ഏറെക്കാലമായി മോദി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന പ്രമുഖനാണ്. നോട്ട് നിരോധനം മണ്ടത്തരമായിപ്പോയി എന്ന് അദ്ദേഹവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

‘ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടാത്ത ഒരാള്‍ക്ക് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അറിയില്ല’ എന്ന യശ്വന്ത് സിന്‍ഹയുടെ പരമാര്‍ശം ജെയ്റ്റിലെയെ സംബന്ധിച്ചിടത്തോളം കൃത്യമാണ്. ലോക്സഭയിലേയ്ക്ക് മത്സരിച്ച് തോറ്റ ജെയ്റ്റ്ലി ഒട്ടും താമസിയാതെ തന്നെ ധനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന രംഗം കണ്ട് ഞെട്ടിയ ജനം അദ്ദേഹം ‘നോട്ട് നിരോധനം’ പോലുള്ള മണ്ടന്‍ പരിഷ്‌കാരങ്ങള്‍ നടത്തിയില്ലെങ്കിലല്ലേ അത്ഭുതപ്പെടുള്ളൂ.

സാധാരണക്കാരന്‍ പണിയ്ക്ക് പോലും പോകാന്‍ കഴിയാതെ ദിവസങ്ങളോളം എടിഎം കൗണ്ടറുകള്‍ക്ക് മുന്നില്‍ ക്യൂ നിന്ന് ക്ഷീണിച്ച് അവശരാകുകയും ചിലര്‍ കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തത് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭീതിദമായ കാഴ്ചകളിലൊന്നായിരുന്നു. മക്കളുടെ വിവാഹത്തിനോ മറ്റ് അത്യാവശ്യങ്ങള്‍ക്കോ സ്വന്തം പണം ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയാതെ ‘രാജ്യത്തിനുവേണ്ടി എല്ലാം സഹിച്ച’ ജനം, ഏത് രാഷ്ട്രീയ പാര്‍ട്ടിയും അതിന്റെ നേതാക്കളുമാണോ അതിനൊക്കെ കാരണം അവരുടെ തന്നെ നേതാക്കള്‍ കോടികള്‍ വരുന്ന കള്ളപ്പണം ഹവാല വഴി മെഡിക്കല്‍ കോഴയായി സ്വീകരിച്ചെന്ന വാര്‍ത്ത കേട്ട് ഞെട്ടിപ്പോയി. കോഴ വാങ്ങുമ്പോള്‍ കള്ളപ്പണമെന്നോ ഹവാലയെന്നോ വ്യത്യാസമില്ലെന്ന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ ജനത്തെ ബോധ്യപ്പെടുത്തി. അപ്പോള്‍ കൈവശം വെയ്ക്കാവുന്നതോ ബാങ്കില്‍ പിന്‍വലിക്കാവുന്നതോ ആയ പണത്തിന് പരിധികളില്ലായിരുന്നു.

കേരളത്തിലാകട്ടെ തോമസ് ഐസക്ക് എഴുതിയ നോട്ട് നിരോധനത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം നടന്ന ചടങ്ങില്‍ എംടി വാസുദേവന്‍ നായര്‍ നടത്തിയ ചില പരാര്‍ശങ്ങളുടെ പേരില്‍ അദ്ദേഹത്തെ വ്യക്തിപരമായി തേജോവധം ചെയ്യുക കൂടി ചെയ്തു ഇവിടുത്തെ ബിജെപി നേതാക്കള്‍. നോട്ട് നിരോധനം നടപ്പിലാക്കിയ രാജ്യങ്ങള്‍ക്കെല്ലാം തകര്‍ച്ചയുടെ ചരിത്രമാണുള്ളതെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം ബിജെപി നേതാക്കള്‍ക്ക് വലിയ പാതകമായിത്തോന്നുകയും അദ്ദേഹത്തെ നാട് മുഴുവന്‍ നടന്ന് ചീത്ത വിളിക്കുകയും ചെയ്തു.

ഇന്ന് രാജ്യം വളര്‍ച്ചാനിരക്ക് രണ്ട് ശതമാനം കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധിയുടെ പടുകുഴിയില്‍ വീണുകിടക്കുമ്പോള്‍ മന്‍മോഹന്‍ സിങും എംടിയുമെല്ലാം പറഞ്ഞതിന്റെ പൊരുള്‍ ജനങ്ങള്‍ക്ക് മനസിലാകുന്നു. രാജ്യത്തെ കൊള്ളാവുന്ന സാമ്പത്തിക വിദഗ്ധരെല്ലാം പറയുന്നത് ഈ പ്രതിസന്ധി ഇവിടെയൊന്നും നില്‍ക്കില്ല എന്നാണ്. ഇതിന് ആരാണ് ഉത്തരവാദി? ഇപ്പോഴത്തെ പ്രതിസന്ധി പൂര്‍ണമായും മനുഷ്യനിര്‍മിതമാണ്. ഏകാധിപതികളായി വാഴുന്നതിനുവേണ്ടി നടപ്പിലാക്കുന്ന തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ മൂലം രാജ്യത്തിന് നഷ്ടമായിരിക്കുന്നത് ആയിരക്കണക്കിന് കോടി രൂപയാണ്. നോട്ട് നിരോധനം നടപ്പിലാക്കാനുണ്ടായ ചിലവ് കേട്ടാല്‍ സാധാരണക്കാരന് തല കറങ്ങും. ഭരണാധികാരികളുടെ തെറ്റായ നയങ്ങള്‍ മൂലം രാജ്യം പ്രതിസന്ധിയിലാകുമ്പോള്‍ അതിന്റെ ദുരന്തം അനുഭവിക്കുന്നത് സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ളവരാണ്. പക്ഷെ ഭരണാധികാരികള്‍ അപ്പോഴും അതൊന്നും വകവെയ്ക്കാന്‍ തയ്യാറാകാത്തത് അവര്‍ രാജ്യത്തെ പൗരന്‍മാരെ എത്ര പുച്ഛത്തോടെയാണ് കാണുന്നത് എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ്.

നോട്ട് നിരോധനം  ഇന്ത്യന്‍ ജനജീവിതത്തിലെ കറുത്ത പാടായി നില്‍ക്കുന്നു: പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്തില്ലാ എന്ന് മാത്രമല്ല അത് ഇന്ത്യന്‍ ജനജീവിതത്തിലെ കറുത്ത പാടായി ഇന്നും നിലനില്‍ക്കുന്നുവെന്നും സിപിഐ ദേശീയ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ 24 കേരളയോട് പറഞ്ഞു. കള്ളപ്പണം തിരിച്ചു പിടിക്കാനോ, സമാന്തര സമ്പദ് വ്യവസ്ഥ തകര്‍ക്കാനോ ഒന്നും നോട്ടു നിരോധനം വഴി സാധിച്ചിട്ടില്ല. കള്ളപ്പണം കള്ളപ്പണം പോലെ തന്നെ നില്‍ക്കുന്നു. പന്ന്യന്‍ പറഞ്ഞു.

നോട്ടു നിരോധനം രാജ്യമാകെ ജനജീവിതം പ്രതിസന്ധിയിലാക്കി. ആ പ്രതിസന്ധി ഇന്നും തുടരുന്നു. ആറുമാസം കൊണ്ട് എല്ലാം ശരിയാകും എന്ന് പറഞ്ഞു. ഇപ്പോള്‍ ഒരു വര്‍ഷം ആയി. ആ പ്രതിസന്ധി രൂക്ഷമായിരിക്കുന്നു. പകല്‍പോലെ യാഥാര്‍ഥ്യമായ കാര്യമാണിത്. കോടിക്കണക്കിന് ആളുകളുടെ ജീവിതം താറുമാറായി. ഇന്ത്യന്‍ ജനതയുടെ ജീവിതത്തില്‍ ഒരു കറുത്ത പാടായി മാറുകയാണ് നോട്ടുനിരോധനം ചെയ്തത് എന്ന് ഇപ്പോള്‍ വ്യക്തമാകുന്നു.

നോട്ടു നിരോധനം നടപ്പിലാക്കിയ അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ തന്നെ പറഞ്ഞു. നോട്ടു നിരോധനം ഫലവത്തായിരുന്നില്ലാ എന്ന്. ഫലവത്തായില്ലാ എന്ന് പറയുമ്പോള്‍ നോട്ടു നിരോധനത്തെ അത് നടപ്പിലാക്കിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ തന്നെ തള്ളിപ്പറയുകയാണ്. നോട്ടു നിരോധന കാര്യത്തില്‍ ഒരു മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടില്ലായെന്ന് പിന്നീട് തെളിഞ്ഞു.

നോട്ടു പിന്‍വലിക്കാം. അപ്പോള്‍ പകരം നോട്ട് ഇറക്കണം. 1000, 500 രൂപയുടെ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ശരി അപ്പോള്‍ പകരം നോട്ടു വേണം. ആ നോട്ടു വന്നില്ല. രാജ്യത്ത് വിനിമയം നടത്താന്‍ പകരം നോട്ടു വേണം. പക്ഷെ പകരം നോട്ടു വന്നില്ല. വിനിമയത്തിനു കറന്‍സി ഇല്ലാതെ എന്ത് ചെയ്യും. ജനങ്ങള്‍ പ്രതിസന്ധിയിലേക്ക് മൂക്കുകുത്തി.

സ്വന്തം പെണ്മക്കളുടെ വിവാഹത്തിനു ബാങ്കിലിട്ട ധനം പോലും രക്ഷിതാക്കള്‍ക്ക് എടുക്കാന്‍ കഴിഞ്ഞില്ല. 24000 രൂപകൊണ്ട് വിവാഹം നടത്താന്‍ കഴിയുമോ? സര്‍ക്കാര്‍ ഒന്നിനും മറുപടി നല്‍കിയില്ല. മരുന്ന് വാങ്ങാന്‍ പോലും കാശ് എടുക്കാന്‍ കഴിഞില്ല. ലോകത്ത് ഇങ്ങിനെയൊരു സംഭവം വേറെയെവിടെയും വന്നില്ല. നോട്ടു നിരോധനം വന്നപ്പോള്‍ ഇടപാടുകള്‍ ഡിജിറ്റല്‍ ആക്കാന്‍ പേ ടിഎം വന്നു. പേ ടി എമ്മിനു സര്‍വീസ് ചാര്‍ജ് നല്‍കേണ്ടെ?

ഓരോ ഡിജിറ്റല്‍ ഇടപാടിനും സര്‍വീസ് ചാര്‍ജ് നല്‍കണം. സാധാരണക്കാരന്റെ കയ്യിലുള്ള ധനം അങ്ങിനെ തന്നെ സര്‍വീസ് ചാര്‍ജ് ആയി നല്‍കണം. എന്തുമാത്രം നഷ്ടമാണ് സാധാരണക്കാരന് അനുഭവിക്കേണ്ടി വരുന്നത്. സാധാരണക്കാരന്റെ കയ്യിലുള്ള ധനം സര്‍വീസ് ടാക്‌സ് ആയി സര്‍ക്കാര്‍ പിടിച്ചു പറിക്കുകയാണ്.ഇന്ത്യയിലെ ജനങ്ങള്‍ ആകെ വലഞ്ഞു.ലക്ഷക്കണക്കിന് ആളുകള്‍ നോട്ടിനു വേണ്ടി ക്യൂ നിന്നു. പലരും മരിച്ചു.

സ്വന്തം ധനം ബാങ്കില്‍ നിന്ന് എടുക്കാന്‍ വേണ്ടിയാണ് ജനങ്ങള്‍ ക്യൂ നിന്നത്. അല്ലാതെ പട്ടിണിക്കഞ്ഞിക്കുവേണ്ടിയല്ലല്ലോ? ജനങ്ങള്‍ അധ്വാനിച്ച് ബാങ്കിലിട്ട കാശിനാണ് ഈ ക്യൂ നില്‍ക്കല്‍. നിരോധിച്ച നോട്ടുകള്‍ റിസര്‍വ് ബാങ്ക് തിരിച്ചെടുത്തു. ആ നോട്ടിന്റെ കൌണ്ടിംഗ് പോലും ഇതുവരെ നടന്നിട്ടില്ല. നടന്നിട്ടില്ലാ എന്ന് റിസര്‍വ് ബാങ്ക് ആണ് പറയുന്നത്. എന്തിനു വേണ്ടിയാണ് നോട്ടുനിരോധനം, അത് ഫലവത്തായോ എന്നൊന്നും സര്‍ക്കാര്‍ ഇതേവരെ പറഞ്ഞിട്ടില്ല.

നോട്ടു നിരോധനം കാരണം തകര്‍ന്ന ജനങ്ങള്‍ക്ക് മുകളിലേക്കാണ് സര്‍ക്കാര്‍ ജിഎസ്ടി കൂടി കൊണ്ട് വരുന്നത്. ജിഎസ്ടി വന്നതോടെ ചെറുകിട വ്യവസായങ്ങള്‍ അപ്രത്യക്ഷമായ അവസ്ഥയിലായി. റോ മെറ്റീരിയില്‍ പ്രശ്‌നവും, ടാക്‌സും കൂടി വന്നതോടെ ചെറുകിട വ്യവസായങ്ങളുടെ കഥ കഴിഞ്ഞു എന്ന് തന്നെ പറയേണ്ടി വരും. അത്ര വലിയ പ്രതിസന്ധിയാണ് ഈ മേഖലയില്‍ നിലനില്‍ക്കുന്നത്. തൊഴിലാളികള്‍ക്ക്, ജോലി നഷ്ടമായി എന്ന് മാത്രമല്ല, തൊഴില്‍ ദിനങ്ങള്‍ കൂടി കുറഞ്ഞു. അപ്പോള്‍ എന്ത് സംഭവിച്ചു. തൊഴിലാളിയുടെ ജീവിതം താറുമാറായി.

സ്വന്തം ധനം പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയും വന്നു. കള്ളപ്പണം വെള്ളപ്പണമാക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക അംഗീകാരമായിരുന്നു നോട്ടു നിരോധനം. ഇന്ത്യയിലെ കള്ളപ്പണം സര്‍ക്കാര്‍ വെള്ളപ്പണമാക്കി മാറ്റാന്‍ അനുമതി നല്‍കി. അതാണ് നോട്ടുനിരോധനം വഴി നടന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ അവരുടെ ആസ്തി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. 9.6 ശതമാനം ആസ്തി വര്‍ദ്ധിപ്പിച്ചു എന്നാണു കണക്കുകള്‍ പറയുന്നത്.

ഇന്ത്യന്‍ ജനതയുടെ ഒരു ശതമാനത്തിന്റെ വരുമാനമാണ് ഈ രീതിയില്‍ വര്‍ദ്ധിച്ചത്. ഇന്ത്യന്‍ പ്രതിശീര്‍ഷ വരുമാനം താഴുകയാണ് ചെയ്തത്. സാമ്പത്തിക വളര്‍ച്ചയുടെ അനുപാതം താണു. ഫലത്തില്‍ നോട്ടു നിരോധനം തുണച്ചത് കോര്‍പ്പറേറ്റുകളെയാണ് എന്ന് കാണാന്‍ കഴിയും. പൊതുമേഖലയെ സ്വകാര്യമേഖല വിഴുങ്ങി. റെയില്‍വേ ബജറ്റ് കൂടി ഇല്ലാതായി.

റെയില്‍വേയില്‍ നടക്കുന്ന പോക്കുവരവുകള്‍ പൊതുജന ദൃഷ്ടിയില്‍ നിന്നും അപ്രത്യക്ഷമായി. പ്ലാനിംഗ് കമ്മിഷന്‍ തന്നെ ഇല്ലാതാക്കി. ജനാധിപത്യത്തിനു പകരം സ്വേച്ഛാധിപത്യപരമായ രീതികള്‍ വന്നു. അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു റിസര്‍വ് ബാങ്കിനെപ്പോലും നോക്കുകുത്തിയാക്കിയുള്ള നോട്ടു നിരോധനം എന്ന പ്രധാനമന്ത്രിയുടെ തീരുമാനം. അതുവഴി രാജ്യത്തിന്റെ സാമ്പത്തിക മേഖല തന്നെ കുത്തഴിഞ്ഞു. പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

നോട്ടുനിരോധനം സമ്പദ് വ്യവസ്ഥ താറുമാറാക്കി: സി.പി.ജോണ്‍

തിരുവനന്തപുരം: നോട്ട് നിരോധനം ഒരു സാമ്പത്തിക ദുരന്തമാണെന്ന് നോട്ടു നിരോധനം നടപ്പായ കഴിഞ്ഞ നവംബര്‍ എട്ടിന് തന്നെ താന്‍ പ്രതികരിച്ചിരുന്നുവെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി.പി.ജോണ്‍ 24 കേരളയോട് പറഞ്ഞു. നോട്ടു നിരോധനം ഒരു സാമ്പത്തിക ദുരന്തമായി മാറുമെന്നു അന്ന് ആരും പറയാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യയിലെ ഉന്നത നേതാക്കള്‍ ആരും തന്നെ ഇതൊരു സാമ്പത്തിക ദുരന്തമാകുമെന്ന് കണക്കുകൂട്ടിയിരുന്നില്ല-സി.പി.ജോണ്‍ പറഞ്ഞു.

ഇപ്പോള്‍ നോട്ടു നിരോധനം ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഏല്‍പ്പിച്ച ആഘാതത്തിനു പുറമേയാണ് ജിഎസ് ടികൂടി കടന്നു വന്നിരിക്കുന്നത്. അപ്പോള്‍ ദുരന്തം പൂര്‍ത്തിയായിരിക്കുന്നു. നോട്ടു നിരോധനത്തിനു പകരം ആ അധ്വാനം ജിഎസ്ടിക്ക് വേണ്ടിയാണ് ഉപയോഗിക്കേണ്ടിയിരുന്നത്. ജിഎസ്ടി വളരെ വേഗത്തില്‍ നടപ്പിലാക്കി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുന്‍പേയാണ് ജിഎസ് ടി നടപ്പിലാക്കേണ്ടിയിരുന്നത്. കാരണം അതില്‍ തിരുത്തല്‍ വരുത്താന്‍ ഒരു വര്‍ഷം ആവശ്യമായി വരും. മാറ്റങ്ങള്‍ക്ക് കൂടുതല്‍ സമയം എടുക്കും.

നോട്ടു നിരോധനം കാരണം താറുമാറായ സമ്പദ് വ്യവസ്ഥയ്ക്ക് മുകളിലേക്കാണ് ചൂടുവെള്ളം പോലെ ജിഎസ് ടി വീണിരിക്കുന്നത്. നോട്ടു നിരോധനവും, ജിഎസ്ടിയും കാരണം ചെറുകിട വ്യവസായം അപ്രത്യക്ഷമായ അവസ്ഥയാണ്. പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായം പൂട്ടിക്കഴിഞ്ഞിരിക്കുന്നു. പല പല റെസ്റ്റോറന്റുകളും ഷട്ടര്‍ ഇട്ടു തുടങ്ങി.

ഈ റെസ്റ്റോറന്റുകളിലെ ജീവനക്കാരെ നിര്‍ബന്ധിത അവധിക്ക് വിടുകയാണ്. ഹോസ്പിറ്റലുകളെയും ഈ നടപടികള്‍ ബാധിച്ചിട്ടുണ്ട്. ഭൂമിയുടെ ക്രയവിക്രയവും വല്ലാതെ കുറഞ്ഞു.75 ശതമാനം ഭൂമി ഇടപാടുകളും സ്തംഭിച്ചിരിക്കുകയാണ്. കാര്‍ഷിക വിളകളെയും പരിഷ്‌ക്കരണ നടപടികള്‍ ബാധിച്ചു. വിളകള്‍ എടുക്കാന്‍ ആളില്ലാത്ത അവസ്ഥ വന്നു.

കള്ളപ്പണത്തിനു പകരം കള്ളനോട്ടാണ് തിരിച്ചു കൊണ്ട് വന്നത്. നോട്ടുകള്‍ കളര്‍ ഫോട്ടോസ്റ്റാറ്റുകള്‍ വഴിപോലും എടുത്ത് ഉപയോഗിക്കപ്പെട്ടു. നമ്മള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നോട്ടുകള്‍ റിസര്‍വ് ബാങ്ക് എന്ത് ചെയ്തു? അതവര്‍ എടുത്ത് പ്ലൈവുഡ് കമ്പനികള്‍ക്ക് നല്‍കി.

നമ്മള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന നോട്ടുകള്‍ മെഷീന്‍ വഴി മുറിച്ച് കഷണങ്ങള്‍ ആക്കിയാണ് റിസര്‍വ് ബാങ്ക് പ്ലൈവുഡ് കമ്പനികള്‍ക്ക് നല്‍കിയത്. നോട്ടുകൊണ്ട് പ്ലൈവുഡ് ഉണ്ടാക്കിയ ആദ്യത്തെ സര്‍ക്കാര്‍ ആണിത്. നോട്ടുനിരോധനം നടപ്പിലാക്കേണ്ട ഒരു സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യയില്‍ ഉണ്ടായിരുന്നുമില്ല. സി.പി.ജോണ്‍ പറഞ്ഞു.

സാമ്പത്തിക പരിഷ്‌ക്കരണം ലക്ഷ്യം വെച്ചത് പൊളിറ്റിക്കല്‍ മൈലേജ് മാത്രം: ജോസഫ് എം പുതുശ്ശേരി
തിരുവനന്തപുരം: നോട്ടുനിരോധനം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചുവെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസഫ് എം.പുതുശ്ശേരി 24 കേരളയോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചുവെന്ന് മാത്രമല്ല സാമ്പത്തിക പുരോഗതിയെ പിന്നോട്ട് നയിക്കുന്ന നടപടികളാണ് നോട്ടു നിരോധനം വഴി വന്നത്.

കള്ളപ്പണം കണ്ടുകെട്ടാനോ, സമാന്തര സമ്പദ്ഘടനയ്ക്ക് മൂക്കുകയറിടാനോ ഒന്നും നോട്ടുനിരോധനം കൊണ്ട് സാധിച്ചിട്ടില്ല. നോട്ടുനിരോധനം സമ്പദ് വ്യവസ്ഥയെ പിടിച്ചു കുലുക്കിയപ്പോള്‍ തന്നെ ജിഎസ് ടി കൂടി നടപ്പിലായി. എല്ലാം സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിച്ചു. ജിഎസ് ടി ശരിക്കും ആകര്‍ഷകമായിരുന്നു. ത്രീ ടയര്‍, ഫോര്‍ ടയര്‍  രീതികള്‍ക്ക് പകരം ഒരൊറ്റ ടാക്‌സ് വരുന്നത്. അത് സ്വാഗതാര്‍ഹമായ കാര്യം തന്നെയാണ്. പക്ഷെ നടപ്പാക്കിയതിലെ അപാകത കാരണം അത് ഉപഭോക്താക്കളിലേക്ക് എത്തുന്നില്ല.

ഒരൊറ്റ നികുതി വന്നപ്പോള്‍ ത്രീ ടയര്‍, ഫോര്‍ ടയര്‍ നികുതി കുറയേണ്ടതാണ്. അപ്പോള്‍ ഒരു നികുതി വന്നിട്ടും വിലകള്‍ ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. ഉപഭോക്താവിന്റെ മുന്നിലുള്ള റിയാലിറ്റി എന്ന് പറയുന്നത് പ്രൈസ് റൈറ്റ് ആണ്. അത് ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. അതില്‍ മാറ്റം വന്നിട്ടില്ല.

മുന്‍പ് കേന്ദ്ര നികുതി, സംസ്ഥാന നികുതി എന്നൊക്കെ പറഞ്ഞു നികുതികള്‍ ഉണ്ടായിരുന്നു. ഇന്നു അങ്ങിനെ ഒരു വിവിധ നികുതികള്‍ ഇല്ല. ഒരൊറ്റ നികുതിയേയുള്ളൂ. എന്നിട്ടും എന്തുകൊണ്ട് വില കുറയുന്നില്ല? അപ്പോള്‍ സാമ്പത്തിക പരിഷ്‌ക്കരണ നടപടികളില്‍ അപാകതയുണ്ട് എന്ന് വ്യക്തമാകുന്നു. പ്രായോഗികമായി ഒരൊറ്റ നികുതി നടപ്പിലായിട്ടില്ല.

വേണ്ടത്ര ഗൃഹപാഠം നടത്താതെയാണ് ഈ നടപടികള്‍ നടപ്പാക്കപ്പെട്ടത്. രാജ്യത്തെ പിടിച്ചു കുലുക്കുന്ന സാമ്പത്തിക നടപടികള്‍ ഗൃഹപാഠം നടത്താതെ നടപ്പിലാക്കിയതിന്റെ ദുരന്തഫലമാണ് രാജ്യത്തെ സമ്പദ്ഘടനയില്‍ നിഴലിക്കുന്നത്. ജിഎസ് ടി ആകര്‍ഷകമാകേണ്ടതായിരുന്നു. പക്ഷെ ജിഎസ് ടി ആകര്‍ഷകമാകുകയോ ഉപഭോക്താവിനു ജിഎസ് ടിയുടെ ഗുണഫലങ്ങള്‍ ലഭിക്കുകയോ ചെയ്തിട്ടില്ല. ഫലത്തില്‍ വന്നതോ ഉപഭോക്താവിന് കൂടുതല്‍ നികുതി കൊടുക്കേണ്ടി വന്നിരിക്കുന്നു.

സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ പൊളിറ്റിക്കല്‍ ഗിമ്മിക്‌സ് ആയി നടപ്പിലാക്കരുത്. പൊളിറ്റിക്കല്‍ മൈലേജ് ലക്ഷ്യംവെച്ച് സാമ്പത്തിക നടപടികള്‍ നടപ്പിലാക്കിയപ്പോള്‍ അത് പാളിപ്പോയി. സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ നടപ്പിലാക്കുമ്പോള്‍ അത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ലക്ഷ്യം വെച്ചാകണം. ഇവിടെ പൊളിറ്റിക്കല്‍ മൈലേജ് ലക്ഷ്യംവെച്ചു. ഇവിടെ ബിജെപി സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ പൊളിറ്റിക്കല്‍ ഗിമ്മിക്കായി. ഇവിടെ കേന്ദ്രസര്‍ക്കാര്‍ കയ്യടി നേടാനുള്ള ഉപാധിയാക്കി. അതുകൊണ്ട് തന്നെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ ദുരന്ത ഫലങ്ങള്‍ രാജ്യത്തിന് അനുഭവിക്കേണ്ടി വന്നു. സാമ്പത്തിക വളര്‍ച്ചയുടെ അനുപാതം കുറഞ്ഞു.

എല്ലാ വ്യാവസായിക-വ്യാപാര മേഖലയിലും തളര്‍ച്ചയും തകര്‍ച്ചയും പ്രതിഫലിച്ചു. ഉപഭോക്താവിന് ഒരു ഹോട്ടലില്‍ കയറിയാല്‍ പോലും ഇന്നലെത്തെക്കാളും വലിയ വില കൊടുക്കേണ്ടി വരുന്നു. അത്തരം വില കുത്തനെ ഉയര്‍ന്ന വിലയാണ് എന്നതും കണക്കിലെടുക്കേണ്ടി വരുന്നു. ജനങ്ങള്‍ കച്ചവട സ്ഥാപനങ്ങളില്‍ കയറാന്‍ മടിക്കുന്നു. ഹോട്ടലുകളില്‍ പോലും കയറുന്നില്ല. കച്ചവടവും കുറഞ്ഞു.

നോട്ടു നിരോധിച്ചപ്പോള്‍ പകരം നോട്ടു അടിക്കാന്‍ ഭീമമായ സമയം വേണം. ആ സമയം ഇവിടെ ലഭിച്ചില്ല. നോട്ടു പ്രതിസന്ധി ഗുരുതരമായി തുടരുകയും ചെയ്തു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുത്തില്ല. ആ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ആണ് ജനത്തെ വലയ്ക്കുന്നത്.

കള്ളപ്പണം നിരോധിക്കാന്‍ നോട്ടു നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ ആ കള്ളപ്പണത്തിന്റെ കണക്കുകള്‍ റിസര്‍വ് ബാങ്ക് ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. വന്‍കിടക്കാരെ കോര്‍പ്പറേറ്റുകളെ ഈ പരിഷ്‌ക്കരണ നടപടികള്‍ ബാധിച്ചുമില്ല. എല്ലാം സാധാരണക്കാരന് ബാധ്യതയായി മാറി.

സൌദി മോഡല്‍ ഈ കാര്യത്തില്‍ മാതൃകയാക്കണം. സൌദി അറേബ്യയില്‍ ഇപ്പോള്‍ നടക്കുന്നത് മുകള്‍ത്തട്ടില്‍ നിന്നുമുള്ള ശുദ്ധീകരണമാണ് . അല്ലാതെ ഇന്ത്യയില്‍ നടന്നതുപോലെ സാധാരണക്കാരനെ പീഡിപ്പിക്കുന്ന പരിഷ്‌ക്കരണ നടപടികള്‍ അല്ല വേണ്ടത്-ജോസഫ്.എം.പുതുശ്ശേരി പറഞ്ഞു.

നോട്ടുനിരോധനം സമ്പദ് വ്യവസ്ഥയെ മാലിന്യരഹിതമാക്കി മാറ്റി: പി.കെ.കൃഷ്ണദാസ്

തിരുവനന്തപുരം: നോട്ടു നിരോധനം പൂര്‍ണ്ണ വിജയമാണെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് 24 കേരളയോട് പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ അത് നിഴലിക്കാന്‍ സമയമെടുക്കും. 99 ശതമാനം ജനങ്ങളും നോട്ടുനിരോധനത്തിന്റെ ഗുണഭോക്താക്കളായി മാറിക്കൊണ്ടിരിക്കുകയാണ്-കൃഷ്ണദാസ് പറഞ്ഞു.

നോട്ടു നിരോധനം രാഷ്ട്രപുരോഗതിക്ക് അനിവാര്യമായ ഒരു തീരുമാനമായിരുന്നു. നോട്ടു നിരോധിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്ത തീരുമാനം ഗുണകരമായിരുന്നുവെന്നാണ് വര്‍ത്തമാനകാല വിശകലനത്തില്‍ തെളിയുന്നത്. കള്ളപ്പണം, കള്ളനോട്ട്, ഭീകരത എന്നിവ തുരത്താന്‍ ലക്ഷ്യമിട്ടാണ് സാമ്പത്തിക രംഗത്തെ വിപ്ലവകരമായ പരിഷ്‌ക്കരണം കൊണ്ട് വന്നത്.

കള്ളനോട്ടുകള്‍, കള്ളപ്പണം എന്നിവയെ ഈ സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ ബാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഭീഷണിയായി നിലകൊണ്ട സമാന്തര സമ്പദ് വ്യവസ്ഥയെ ഈ സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ ബാധിച്ചിട്ടുണ്ട്. ബാങ്കിലുള്ള എല്ലാ അക്കൌണ്ടുകളും നിരീക്ഷിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

ബാങ്ക് അക്കൌണ്ടുകളിലെ പണം അക്കൌണ്ടബിള്‍ ആയി മാറി. മുന്‍പ് അങ്ങിനെയായിരുന്നില്ല. ആളുകള്‍ ആദായ നികുതി അടയ്ക്കാന്‍ തുടങ്ങി. ഇന്ത്യയില്‍ ആദായനികുതി അടയ്ക്കുന്നവരില്‍ 10 ശതമാനം വര്‍ധനവ് വന്നു. ബാങ്ക് അക്കൌണ്ടുകള്‍ സര്‍ക്കാര്‍ വിശകലനത്തിനു വിധേയമാക്കികൊണ്ടിരിക്കുകയാണ്.

കള്ളപ്പണം കേന്ദ്ര സര്‍ക്കാര്‍ കണ്ടുകെട്ടുക തന്നെ ചെയ്യും. 17.92 ലക്ഷം ആളുകളുടെ അക്കൌണ്ടുകളെ സംബന്ധിച്ച് ആദായനികുതി വകുപ്പും ഡിആര്‍ഐയും മറ്റും പരിശോധിച്ചു കൊണ്ടിരിക്കുന്നുണ്ട്. കള്ളപ്പണം ബാങ്കില്‍ നിക്ഷേപിച്ച രണ്ടു ലക്ഷം കടലാസ് കമ്പനികളെ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

കടുത്ത സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ വഴി സാമ്പത്തിക മേഖല മാലിന്യരഹിതമായി മാറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ  വളരെ ധീരമായ തീരുമാനമായിരുന്നു ഇത്. വിദേശത്തെ കള്ളപ്പണം ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക പരിഷ്‌ക്കരണ നടപടികളുടെ ഗുണഫലം ജനങ്ങള്‍ക്ക് പൂര്‍ണമായി അനുഭവിക്കാന്‍ കഴിയും-കൃഷ്ണദാസ് പറഞ്ഞു.

നോട്ട് നിരോധനം ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ അതിവിനാശകരമായി ബാധിച്ചു: വര്‍ഗീസ് ജോര്‍ജ്
തിരുവനന്തപുരം: നോട്ടുനിരോധനത്തിന്റെ വാര്‍ഷിക ദിനത്തില്‍ ഇന്ത്യയൊട്ടാകെ ജെഡിയു വ്യാപകമായ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം നല്‍കിയതായി ജെഡിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ ജോര്‍ജ് 24 കേരളയോട് പറഞ്ഞു. നോട്ട് നിരോധനം, ജിഎസ് ടി എന്നിവ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ അതിവിനാശകരമായി ബാധിച്ചതായും വര്‍ഗീസ്‌ ജോര്‍ജ് പറഞ്ഞു.

ചെറുകിട വ്യവസായം ജിഎസ്ടിയുടെ വരവോടെ അപ്രത്യക്ഷമായ മട്ടാണ്. തൊഴില്‍ സാധ്യതകള്‍ വല്ലാതെ കുറഞ്ഞു. കേരളത്തിലെ മറ്റു സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചു പോകാനും സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ ഇടവരുത്തി. വിദേശ മലയാളികള്‍ ഇന്ത്യയിലേക്ക് പണം അയക്കുന്നത് വല്ലാതെ കുറച്ചിട്ടുണ്ട്. വിദേശ അക്കൌണ്ടുകളില്‍ ആണ് അവര്‍ പണം നിക്ഷേപിക്കുന്നത്. കേരളത്തിലേക്കുള്ള പണം വരവ് കുറഞ്ഞത് അധികമാരും ശ്രദ്ധിക്കാത്ത വസ്തുതതതയാണ്.

കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുന്ന വിദേശ പണം വരുന്നത് കുറഞ്ഞത് കേരളത്തെ പിറകോട്ടടിപ്പിക്കും. വിദേശ മലയാളികള്‍ വീണ്ടും ഒരു നോട്ട്നിരോധനം കണക്കുകൂട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ അവര്‍ വളരെയധികം കരുതിയാണ് നിലകൊള്ളുന്നത്. വിദേശത്തു നിന്നുള്ള പണം വരവ് കുറഞ്ഞാല്‍ അത് കേരളത്തെ പല രീതിയിലും പിന്നോട്ടടിപ്പിക്കും.

വന്‍ തുകകള്‍ ഇന്ത്യന്‍ ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്ന മലയാളികള്‍ വിദേശ ബാങ്കുകളും, വന്‍ കമ്പനികളും ലക്‌ഷ്യം വെയ്ക്കുകയാണ്. കേരളത്തിലേക്ക് വരേണ്ടിയിരുന്ന വന്‍ തുകകളാണ് ഇങ്ങിനെ വഴിമാറിപ്പോകുന്നത്. ജിഎസ്ടി കൂടി വന്നതോടെ തകര്‍ച്ച പൂര്‍ണ്ണമായി. ബി എംഡബ്ലു കാറിനു ഇരുപത്തിയെട്ട് ശതമാനം നികുതിയാണ്. മത്സ്യത്തൊഴിലാളികളുടെ വലയ്ക്കും 2 8 ശതമാനം നികുതിയാണ്. ജനങ്ങളുടെ ജീവിതോപാധികളെ ശ്രദ്ധിക്കാതെയാണ് ജിഎസ് ടി നിര്‍ണ്ണയം നടത്തിയിരിക്കുന്നത് എന്നതാണ് ഇത് തെളിയിക്കുന്നത്.

എല്ലാത്തിനും ജിഎസ്ടി ഏര്‍പ്പെടുത്തിയിട്ടും പെട്രോള്‍-ഡീസല്‍ വിലകള്‍ ജിഎസ്ടിക്ക് കീഴില്‍ കൊണ്ട് വന്നതുമില്ല. പെട്രോള്‍ -ഡീസലിന് നിലവില്‍ ഉള്ള അനിയന്ത്രിതമായ വിലക്കയറ്റത്തിനു ഒരു പരിധിവരെ പരിഹാരം പെട്രോള്‍-ഡീസല്‍ വിലകള്‍ ജിഎസ്ടിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയാല്‍ കഴിയുമായിരുന്നു. അതും ചെയ്തില്ല.

ജിഎസ്ടി നോട്ടു നിരോധനം റിയല്‍ എസ്റ്റേറ്റ് രംഗത്തും കരിനിഴല്‍ പടര്‍ത്തിയിട്ടുണ്ട്. വസ്തു ഇടപാടുകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്തംഭനത്തിലാണ്. ഒപ്പം കെട്ടിട നിര്‍മ്മാണ രംഗത്തും അനിശ്ചിതത്വം തന്നെയാണ്. ഇതെല്ലാം കേരളത്തെ ദോഷകരമായി ബാധിക്കുന്ന നടപടികളാണ്. നോട്ടു നിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച മാന്ദ്യത്തിന്റെ പിടിയില്‍ കേരളത്തിനു മാത്രമല്ല ഇന്ത്യയ്ക്ക് വരെ ഇതുവരെ കരകയറാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് ദേശീയ തലത്തില്‍ വ്യാപക പ്രതിഷേധങ്ങള്‍ക്ക് ജെഡിയു ആഹ്വാനം നല്‍കിയിട്ടുള്ളത്- വര്‍ഗീസ്‌ ജോര്‍ജ് പറഞ്ഞു.